കൊച്ചി: തിരുവനന്തപുരം: മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ നേരത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. നപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.

2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ ചേംബറില്‍ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.