ചെന്നൈ: ജയലളിതയുടെ മരണത്തേടെ എ.ഐ.എ.ഡി.എം.കെയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ജയലളിതയുടെ തോഴി ശശികലയുടെ സാന്നിധ്യമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിക്കുന്നത്. ഇതുവരെ പാര്‍ട്ടിയിലോ സര്‍ക്കാറിലോ ശശികലക്ക് വേഷങ്ങളൊന്നും ഇല്ലായിരുന്നു. മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം അധികാരമേറ്റെങ്കിലും കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വഴിക്ക് നടക്കണമെന്നില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനമാണ് നിര്‍ണായകമാവുക.

നിലവില്‍ മുഖ്യമന്ത്രിയും ജനറല്‍ സെക്രട്ടറി സ്ഥാനവും ജയലളിതയാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയായി ഒ പന്നീര്‍സെല്‍വത്തെ നിയമിച്ച് ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹത്തെ ഏല്‍പ്പിക്കാത്തതിലാണ് ദുരൂഹത. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യം ചര്‍ച്ചയായതായാണ് വിവരം. ശശികല പാര്‍ട്ടിയെ വൈകാതെ ഏറ്റെടുത്തേക്കുമെന്നും ഇത് പിളര്‍പ്പിലേക്ക് നയിച്ചേക്കുമെന്നാണ് തമിഴകത്ത് നിന്നുള്ള സംസാരം. മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഇതുവരെ മന്ത്രിസഭാ യോഗം വിളിച്ചിട്ടില്ല.

സംസ്ഥാനം ദു:ഖാചരണത്തിലാണെങ്കിലും മന്ത്രിസഭാ യോഗം വിളിക്കാത്തതും അതിനുള്ള തിയതി പ്രഖ്യാപിക്കാത്തതും പ്രശ്‌നങ്ങളെ കലുഷിതമാക്കിയേക്കും. പാര്‍ട്ടിയില്‍ ഒരു അധികാരകേന്ദ്രമെന്ന പഴയ രീതി ഇനി നടപ്പിലാകില്ലെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, ഒ.പനീര്‍ സെല്‍വം, ശശികല എന്നിവരില്‍ ഒരാളാകും ഇനി എ.ഐ.എഡി.എംകെയെ നയിക്കുക. ഫലത്തില്‍ ഇത് പാര്‍ട്ടിയെ പിളര്‍പ്പിലേക്കും എത്തിക്കും.