ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ നടപടി മണ്ടത്തരമെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം സമ്പൂര്‍ണ്ണ പരാജയമാണ്. പാവങ്ങള്‍ മാത്രമാണ് പ്രതിസന്ധി കൊണ്ട് ബുദ്ധിമുട്ടുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

നോട്ടുനിരോധനം മൂലം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയുടെ തീരുമാനം കാരണം കര്‍ഷകര്‍ മരിക്കുകയാണ്. പേടിഎം എന്നാല്‍ പേ ടു മോദി എന്നാണെന്നും രാഹുല്‍ പരിഹസിച്ചു. ഇതിന്റെ തെളിവുകള്‍ താന്‍ പാര്‍ലമെന്റില്‍ ഹാജരാക്കുമെന്നും രാഹുല്‍ പറഞ്ഞു.

കള്ളപ്പണം പിടിച്ചെടുക്കും എന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ പിടിച്ചിരുത്തി ജനരോഷം അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെതിരെ ഇന്നലെ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി പരസ്യപ്രകടനവുമായി രംഗത്തെത്തിയിരുന്നു.