ഭാവിയില്‍ പ്രമേഹം തടയുന്നതിനും ആരോഗ്യ അപകടാവസ്ഥ ഇല്ലാതാക്കുന്നതിനും നിര്‍മിത ബുദ്ധിയില്‍ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) വികസിപ്പിച്ച ഉപകരണങ്ങളുമായി ഖത്തര്‍. ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ ഖത്തര്‍ കമ്പ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ക്യു. സി.ആര്‍.ഐ) വികസിപ്പിച്ചെടുത്ത വെബ് അധിഷ്ഠിത ക്ലൗഡ് കമ്പ്യൂട്ടിംഗ് സംവിധാനമായ സിസ്റ്റം ഫോര്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് അനലിറ്റിക്‌സ് (സിഹ) പ്രമേഹവും മറ്റ് വിട്ടുമാറാ രോഗങ്ങളും ഉള്ളവരെ നിരീക്ഷിക്കുകയും രോഗാവസ്ഥ വിശകലന വിധേയമാക്കുകയും ചെയ്യും. വിഷ്വല്‍, പ്രെഡിക്റ്റീവ് അനലിറ്റിക്‌സ് ഉപയോഗിച്ച് ഗഹനമായ ഉള്‍ക്കാഴ്ച നേടാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഏറ്റവും പ്രയോജനപ്രദമായ സംവിധാനമാണ് ‘സിഹ’ എന്ന് അധികൃതര്‍ പറഞ്ഞു. പ്രമേഹ പ്രതിരോധത്തിലും മാനേജ്‌മെന്റിലും നിര്‍മിത ബുദ്ധിവഴിയുള്ള ഉപകരണ പരീക്ഷണം ലോകമെമ്പാടും നടക്കുന്നതിന്റെ ആദ്യഘട്ടമാണെന്നും ഇത് ഇവിടെ നടപ്പാക്കിയാല്‍ ഖത്തര്‍ ലോക മാതൃകയാകുമെന്നും ക്യു.സി. ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ഫൈസല്‍ ഫാറൂഖ് പറഞ്ഞു.

വ്യക്തികള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത പ്രവചിക്കാന്‍ കഴിയുന്ന റിസ്‌ക് സ്‌കോറുകള്‍ തങ്ങള്‍ വികസിപ്പിക്കുകയാണ്. ഈ സ്‌ക്രീനിംഗ് രീതി വീട്ടിലും ഉപയോഗിക്കാനാവും. ആപ്ലിക്കേഷനുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് രോഗികള്‍ക്ക് അവരുടെ അവസ്ഥ അപകടകരമാണോ അല്ലയോ എന്ന് അറിയാനാവുമെന്നും ഡോ. ഫാറൂഖ് പറഞ്ഞു. വ്യക്തികളുടെ നിലവിലെ ജീവിതശൈലി ഘടകങ്ങളെ അടിസ്ഥാനമാക്കി അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മുന്‍കൂട്ടി പ്രവചിക്കുന്ന മോഡലുകള്‍ തങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളില്‍ ഗര്‍ഭകാല പ്രമേഹ സാധ്യത പ്രവചിക്കാന്‍ കഴിയുന്ന മാതൃക വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍, ഖത്തര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റിയൂട്ട്, സിദ്ര മെഡിസിന്‍, വെയില്‍ കോര്‍നെല്‍ മെഡിസിന്‍ ഖത്തര്‍, ഖത്തര്‍ ബയോബാങ്ക്, ഖത്തര്‍ ജീനോം പ്രോഗ്രാം തുടങ്ങിയവയുമായി സഹകരിച്ചാണ് ഖത്തര്‍ കമ്പ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രമേഹ പ്രതിരോധ പദ്ധതികള്‍ നടപ്പിലാക്കുന്നത്.