മതം മാറ്റത്തിന് കര്‍ശന നിബന്ധനകളുമായി രാജസ്ഥാന്‍ ഹൈക്കോടതി. ഇനി മുതല്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറെ മുന്‍കൂറായി അറിയിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് കലക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മതം മാറാന്‍ കഴിയൂ എന്നും രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്പൂര്‍ ബെഞ്ച് വ്യക്തമാക്കി. ഇതാദ്യമായാണ് ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

‘ലവ് ജിഹാദ്’ ആരോപിക്കപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി മുന്‍ മാതൃകകളില്ലാത്ത വിധി പുറപ്പെടുവിച്ചത്. തങ്ങളുടെ പെണ്‍കുട്ടിയെ ‘ലവ് ജിഹാദ്’ നടത്തി മതംമാറ്റിയെന്നാരോപിച്ച് കുടുംബം മുസ്ലിം യുവാവിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു.

നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലാതാക്കാനുള്ള മാര്‍ഗമായാണ് കോടതി, മതം മാറാനുദ്ദേശിക്കുന്ന വ്യക്തി നേരത്തെ തന്നെ ഇക്കാര്യം അധികൃതരെ അറിയിക്കണമെന്ന് ഉത്തരവിട്ടത്. കലക്ടര്‍, എസ്.ഡി.എം, എസ്.ഡി.ഒ എന്നിവരില്‍ ആരെങ്കിലും ഇതേപ്പറ്റി അറിഞ്ഞിരിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ പാസാക്കുന്നതു വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.

മതം തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം അപഹരിക്കുന്നതാണ് കോടതി വിധി എന്ന വിമര്‍ശനമുണ്ട്. രാജ്യത്ത് ഏത് വ്യക്തിക്കും അയാള്‍ താല്‍പര്യപ്പെടുന്ന വിശ്വാസം പുലര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 നല്‍കുന്നുണ്ട്. മതപരിവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന വിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.