സന്‍ആ: യമനില്‍ വ്യോമാക്രമണം നടത്തുന്ന സഊദി യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തെ വെടിവെച്ചിട്ടതാണെന്ന് ഹൂഥി വിമതര്‍ അവകാശപ്പെടുമ്പോള്‍ യന്ത്രത്തകരാണ് തകര്‍ച്ചക്ക് കാരണമെന്ന് സഊദി സഖ്യസേന പറയുന്നു. ബ്രിട്ടീഷ് ടൊര്‍ണാഡോ പോര്‍വിമാനമാണ് സആദ പ്രവിശ്യയില്‍ തകര്‍ന്നത്.

വിമാനത്തിന്റെ രണ്ടു പൈലറ്റുമാരും പരിക്കില്ലാതെ രക്ഷപ്പെട്ടു. സഊദി സഖ്യസേന ഇവരെ പ്രത്യേക ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി. ഡിസംബര്‍ ആദ്യത്തില്‍ ഹൂഥി വിമതര്‍ കൊലപ്പെടുത്തിയ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്(ജി.പി.സി) പുതിയ നേതാവിനെ തെരഞ്ഞെടുത്തു.

സ്വാലിഹിന്റെ വിശ്വസ്തനായിരുന്നു മുന്‍ പ്രധാനമന്ത്രി അബൂറാസ്(65) ആണ് പുതിയ നേതാവ്. പാര്‍ട്ടിയുടെ അടുത്ത ജനറല്‍ അസംബ്ലി വരെ അദ്ദേഹമായിരിക്കും നേതാവെന്ന് ജി.പി.സി അറിയിച്ചു. കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വാലിഹ് ഹൂഥി വിമതരുമായുള്ള ബന്ധം വിച്ഛേദിച്ചത്്. യമനില്‍ വ്യോമാക്രമണം നടത്തുന്ന സഊദി സഖ്യവമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് സ്വാലിഹിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.