വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് വൈറ്റ്ഹൗസില്‍ ആര്‍ക്കും സംശയമില്ലെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി. ട്രംപിനോട് വിദേയത്വവും ബഹുമാനവുമുള്ളവരാണ് ഭരണകൂടത്തിലെ എല്ലാവരുമെന്ന് അവര്‍ വ്യക്തമാക്കി.

പ്രസിഡന്റിന്റെ ബുദ്ധിസ്ഥിരതയിലും യോഗ്യതയിലും വൈറ്റ്ഹൗസിലുള്ളവര്‍ക്ക് സംശയമുള്ളതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ വോള്‍ഫ് എഴുതിയ പുസ്തകത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ വൈറ്റ്ഹൗസിലുള്ളവരെ തനിക്ക് അറിയാമെന്നും രാജ്യത്തെ സ്‌നേഹിക്കുകയും പ്രസിഡന്റിന്റെ ബഹുമാനിക്കുകയും ചെയ്യുന്നവരാണ് അവരെന്നും ഹാലി വ്യക്തമാക്കി. ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ഉദ്ധരിച്ച് ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ പുസ്തകത്തിലുണ്ട്. കളവുകളെന്ന് വിളിച്ച് ട്രംപ് പുസ്തകത്തെ അധിക്ഷേപിച്ചിരുന്നു. ബാനണേയും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.