world

16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്‌ട്രേലിയയില്‍ 10 ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യും

By webdesk18

December 03, 2025

മെല്‍ബണ്‍: 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന പുതിയ നിയമം ആസ്‌ട്രേലിയ നടപ്പിലാക്കിയതോടെ, 10 ലക്ഷത്തിലധികം കുട്ടികളുടെ അക്കൗണ്ടുകള്‍ ഡിസംബര്‍ പത്തോടെ നിര്‍ജീവമാകാനിരിക്കുകയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്‍പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.

സോഷ്യല്‍ മീഡിയ കമ്പനികള്‍ ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്യാതെയോ പ്രായപരിധി കൃത്യമായി പാലിക്കാതെയോ പോയാല്‍, 4.95 കോടി ആസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പിഴ മുഴുവന്‍ ടെക് കമ്പനികളാണ് അടയ്‌ക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രായപരിധി (16+) എത്തിയാലാണ് കുട്ടികള്‍ക്ക് പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ കഴിയുക.

സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇത്തരത്തില്‍ കര്‍ശന നിയമം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമായി ആസ്‌ട്രേലിയ മാറുകയും ചെയ്തു. കുട്ടികളെ ഓണ്‍ലൈന്‍ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക, ഹാനികരമായ ഉള്ളടക്കങ്ങളെ കുറയ്ക്കുക, അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.