ലക്‌നോ: പ്രതിസന്ധിക്കൊടുവില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ മഞ്ഞുരുകുന്നു. അഭിപ്രായ വ്യത്യാസങ്ങളില്‍ മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും തമ്മില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ്് പിളര്‍പ്പിലേക്കു പോയ പാര്‍ട്ടിയില്‍ അനുരജ്ഞനത്തിന് വഴി തെളിച്ചത്.

ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍, ഈയിടെ പാര്‍ട്ടി പിടിച്ചെടുത്ത അഖിലേഷ് കടുത്ത ഉപാധികള്‍ മുമ്പോട്ടു വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് മാറില്ല, മുലായത്തെ പാര്‍ട്ടി സ്ഥാപക പ്രസിഡണ്ടാക്കും, ദേശീയ നേതൃത്വത്തില്‍ നിന്ന് ശിവ്പാല്‍ യാദവിനെ മാറ്റി നിര്‍ത്തണം തുടങ്ങിയ ഉപാധികള്‍ യു.പി മുഖ്യമന്ത്രി കൂടിയായ മകന്‍ അച്ഛന്‍െ മുമ്പില്‍ വെച്ചതായാണ് സൂചന.

എന്നാല്‍ ഉപാധികള്‍ ഇരുവിഭാഗവും അംഗീകരിച്ചിട്ടില്ല. എന്നാല്‍ യു.പി തെരഞ്ഞെടുപ്പില്‍ ഇരുവരും ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. വിഷയത്തില്‍ ശിവ്പാല്‍ യാദവിന് ഒരധികാരവും ഉണ്ടാകരുത് എന്ന നിര്‍ദേശവും അഖിലേഷ് മുന്നോട്ടുവെച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇരു വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. മുലായം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അഖിലേഷ് സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.

തൊട്ടുപിന്നാലെ രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി യോഗം അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കി അവരോധിക്കുകയായിരുന്നു. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ തങ്ങള്‍ക്കു വിട്ടുകിട്ടാന്‍ വേണ്ടി ഇരുവിഭാഗവും ശ്രമമാരംഭിച്ചിരുന്നു. ഇതിനായി മുലായം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അച്ഛനും മകനും വിഷയത്തില്‍ ചര്‍ച്ച നടത്തിയത്.