Connect with us

Culture

സ്‌പെയിനും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടര്‍ അര്‍ഹിച്ചിരുന്നില്ല

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

മികവും ഭാഗ്യവും മൈതാനത്തെ ഇരട്ടകളാണ്. മികവിനൊപ്പം ഭാഗ്യവുമുണ്ടെങ്കിലേ വിജയശ്രീലാളിതരാവാന്‍ കഴിയു എന്ന സത്യത്തിന് കാലപ്പഴക്കമുണ്ട്. ലോക ഫുട്‌ബോളിനെ ഭരിച്ച എത്രയോ മികച്ച താരങ്ങളുണ്ടായിരുന്നു. അവരില്‍ പലര്‍ക്കും ലോകകപ്പ് എന്നത് കിട്ടാക്കനിയാവാന്‍ കാരണം അവരോ, അവരുടെ ടീമോ നിര്‍ണായക വേളകളില്‍ നിര്‍ഭാഗ്യവാന്മാരായത് കൊണ്ടായിരുന്നു. ഹംഗറിയുടെ ഫ്രാങ്ക് പുഷ്‌ക്കാസ്, ഹോളണ്ടിന്റെ യോഹാന്‍ ക്രൈഫ് തുടങ്ങിയവരുടെ പേരിലൊന്നും ലോകകപ്പില്ല. അവരുടെ കാലഘട്ടത്തിലെ അതികായന്മരായിട്ടും നിര്‍ഭാഗ്യ വഴിയില്‍ അവരെല്ലാം വലിയ വേദിയില്‍ നിന്നും നിഷ്‌കാസിതരാവുകയായിരുന്നു. ഇന്നലെ ഇറാനെ നോക്കു-പോര്‍ച്ചുഗലിനെതിരെ അവര്‍ വിജയം അര്‍ഹിച്ചിരുന്നു. സ്‌പെയിനിനെതിരെ ഞെട്ടിക്കുന്ന പ്രകടനമല്ലേ മൊറോക്കോ നടത്തിയത്. രണ്ട് പേരും സമനിലയായിരുന്നില്ല അര്‍ഹിച്ചത്-വിജയം തന്നെയായിരുന്നു. പക്ഷേ ഭാഗ്യവഴിയില്‍ അവരില്ലായിരുന്നു.

പോര്‍ച്ചുഗലിനെയു ഇറാനെയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ടീം യൂറോപ്പിലെ ചാമ്പ്യന്മാരാണ്. സി.ആര്‍-7 ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാള്‍. ഫിഫ റാങ്കിംഗും ഫുട്‌ബോള്‍ പാരമ്പര്യവുമെല്ലാം പരിശോധിച്ചാല്‍ രണ്ട് പേരും തമ്മില്‍ ആനയും ഉറുമ്പും തമ്മിലുളള അന്തരമുണ്ട് പക്ഷേ കളിക്കളത്തില്‍ ഇറാന്‍ അക്ഷരാര്‍ത്ഥത്തില്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ചെറിയ ടീമുകള്‍ക്കെല്ലാം പതിവായി സംഭവിക്കുന്ന പിഴവ് അവരെയും ബാധിച്ചു-എതിര്‍ പെനാല്‍ട്ടി ബോക്‌സില്‍ വരെ മിന്നലോട്ടം നടത്തി അവിടെ കുരുങ്ങി നില്‍ക്കുന്നു. പോര്‍ച്ചുഗീസ് താരങ്ങളുടെ സമീപനത്തിലെ നെഗറ്റീവിസം തന്നെ ഇറാന്റെ കരുത്തായിരുന്നു. കൃസ്റ്റിയാനോ പോലും വേണ്ടാത്ത നീക്കങ്ങള്‍ക്ക്് മുതിര്‍ന്നു. അദ്ദേഹം ചുവപ്പ് അര്‍ഹിച്ച പാതകമാണ് ചെയ്തത്. ഒരു വേള ടെലിവിഷന്‍ റഫറിയിലേക്ക്് കാര്യങ്ങള്‍ പോയപ്പോള്‍ അദ്ദേഹമത് ഭയപ്പെടുകയും ചെയതിരുന്നു. പക്ഷേ കഴിഞ്ഞ മല്‍സരങ്ങളില്ലെല്ലാം മാന്യനായി കളിച്ച സീനിയര്‍ താരം എന്ന നിലയിലാവാം അത് മഞ്ഞയില്‍ നിയന്ത്രിക്കപ്പെട്ടത്. കൃസ്റ്റിയാനോക്ക് ചുവപ്പായിരുന്നു ലഭിച്ചതെങ്കിലോ-പോര്‍ച്ചുഗല്‍ ടീമിന്റെ ഭാവിയും ഇരുളടയുമായിരുന്നു. പെനാല്‍ട്ടിയെന്നത് ഭാഗ്യമാണെന്ന സത്യം കൃസ്റ്റിയാനോ തന്നെ തെളിയിച്ചില്ലേ….. വെറുതെ മെസിയെ കുറ്റപ്പെടുത്തുന്നവര്‍ ഓര്‍ക്കുക-ഈ സ്‌പോട്ട് കിക്കുകള്‍ ഭാഗ്യമാണ്. ഇതേ കൃസ്റ്റിയാനോ സ്‌പെയിനിനെതിരായ മല്‍സരത്തില്‍ പായിച്ച അവസാന മിനുട്ടിലെ ആ ഫ്രീകിക്ക് ഓര്‍ക്കുക-ഡേവിഡ് ഡി ഗിയ എന്ന സ്പാനിഷ് ഗോള്‍ക്കീപ്പറെ നിശ്ചലനാക്കി, സെര്‍ജിയോ റാമോസും സംഘവും തീര്‍ത്ത പ്രതിരോധ മതിലും തകര്‍ത്താണ് ആ ബോള്‍ വലയില്‍ എത്തിയത്. അതേ താരത്തിന് പക്ഷേ ഇറാനിയന്‍ ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പിഴച്ചതിന് കാരണം സമ്മര്‍ദ്ദം തന്നെയാണ്. കൃസ്റ്റിയാനോ നാല് ഗോളുകളുമായി മുന്നേറുന്ന സമയമാണ്. ആ പെനാല്‍ട്ടി ഗോളാക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഹാരി കെയിനൊപ്പം അഞ്ചില്‍ എത്താമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കിക്ക് ഇറാനിയന്‍ ഗോള്‍ക്കീപ്പര്‍ ചാടിയ അതേ ആങ്കിളിലായി. അവിടെ ഗോള്‍ക്കീപ്പര്‍ ഭാഗ്യവാനും ഷോട്ട് പായിച്ച താരം നിര്‍ഭാഗ്യവാനുമായി. ഓര്‍ക്കേണ്ട മറ്റൊരു കാര്യം ആ ഗോള്‍ക്കീപ്പര്‍ ഒരു അനാഥ ബാല്യമാണ്. ഇല്ലായ്മകളില്‍ നിന്നും വന്ന താരം. അവനാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെ സ്തംബ്ധനാക്കിയത്.

വേഗമുണ്ട് ഇറാന്, തന്ത്രമുണ്ട് ഇറാന്-ലക്ഷ്യബോധമാണ് കുറഞ്ഞത്. അതുണ്ടെങ്കില്‍ ഈ ടീം വരും നാളുകളില്‍ ശക്തരായി മുന്നേറും. സ്‌പെയിന്‍ ടീം നിരയെടുക്കുക-എല്ലാവരും ലോകോത്തരക്കാര്‍. എല്ലാവരും യൂറോപ്പിലെ വന്‍കിട ക്ലബുകള്‍ക്കായി കളിക്കുന്നവര്‍. എല്ലാവരും രാജ്യാന്തര ഫുട്‌ബോളില്‍ അമ്പതിലധികം മല്‍സരം കളിച്ചവര്‍. പലരും മൂന്നാമത്തെ ലോകകപ്പ് കളിക്കുന്നവര്‍. എന്നിട്ടും മൊറോക്കോയെ പോലെ ഒരു ടീമിനെതിരെ അവര്‍ വിറച്ചുനിന്നു. മൊറോക്കോ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്മാരാണ്. ആദ്യ മല്‍സരത്തില്‍ നന്നായി കളിച്ചിട്ടും ഇറാനോട് അവസാന മിനുട്ടിലെ സെല്‍ഫ് ഗോളില്‍ പരാജയപ്പെട്ടു. രണ്ടാം മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ചു വിട്ടു, അവസാന മല്‍സരത്തില്‍ സ്‌പെയിനുമായി 2-2 സമനില. ഒരു ഘട്ടത്തില്‍ അവര്‍ വിജയത്തിന് അരികില്‍ പോലുമെത്തിയിരുന്നു. മുന്‍ ലോക ചാമ്പ്യന്മാര്‍ക്കെതിരെ ഒരു ആഫ്രിക്കന്‍ ടീം ഇത്തരത്തില്‍ പ്രകടിപ്പിക്കുന്ന മികവിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. സ്‌പെയിനും പോര്‍ച്ചുഗലും സ്വന്തം ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയെങ്കിലും അവരത് അര്‍ഹിച്ചിരുന്നോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കളിച്ച മൂന്ന് മല്‍സരങ്ങളിലും ഇവരുടെ നിലവാരം പകുതിയായിരുന്നു. ആദ്യ മല്‍സരത്തില്‍ സ്‌പെയിനും പോര്‍ച്ചുഗലും മുഖാമുഖം വന്നപ്പോള്‍ പോലും ആറ് ഗോളിലും (3-3) മല്‍സരം ശരാശരി മാത്രമായിരുന്നു.

റഷ്യയുടെ തോല്‍വി അവര്‍ക്കുള്ള ഷോക്കാണ്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇതായിരുന്നു റഷ്യ-അലസമായി കളിച്ചവര്‍. പക്ഷേ ലോകകപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ മിന്നിയപ്പോള്‍ എട്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തു. ഉറുഗ്വേക്കെതിരെ ഇന്നലെ കളിച്ചപ്പോഴാവട്ടെ പഴയ റഷ്യക്കാരായി. എന്തായാലും പ്രി ക്വാര്‍ട്ടറില്‍ സ്‌പെയിനുമായി കളിക്കുമ്പോള്‍ മെച്ചപ്പെടാത്തപക്ഷം പണി പാളും. സഊദിക്കാര്‍ മാനം കാത്തു. ആദ്യ മല്‍സരത്തില്‍ അഞ്ച് ഗോള്‍ വാങ്ങിയവര്‍ അവസാന മല്‍സരത്തില്‍ വലിയ വിജയവുമായാണ് മടങ്ങിയിരിക്കുന്നത്. അവിടെ ഒരു വേദനയായി മുഹമ്മദ് സലാഹ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ലിവര്‍പൂളിന് വേണ്ടി മിന്നിയ മുന്‍നിരക്കാരന്‍. കീവിലെ ആ ഫൈനലില്‍ സെര്‍ജിയോ റാമോസിന്റെ ഫൗള്‍ കെണിയില്‍ അകപ്പെട്ട് പരുക്കില്‍ തളര്‍ന്ന സലാഹ്….. റാമോസിന് ആര്് മാപ്പ് നല്‍കിയാലും ഈജിപ്ഷ്യന്‍ ജനത മാപ്പ് നല്‍കില്ല. കാരണം അത്രമാത്രം പ്രതീക്ഷകള്‍ അവര്‍ക്ക് സലാഹിലുണ്ടായിരുന്നു. ആ താരമാണ് വേദനയില്‍ മങ്ങി തലയും താഴ്ത്തി മടങ്ങിയത്. എങ്കിലും ഇസാം ഹദാരിയെന്നെ 45 കാരനായ ഗോള്‍ക്കീപ്പര്‍ ഈജിപ്തിന്റെ അടയാളമാണ്….. ആ പ്രായത്തിലും ലോകകപ്പ് കളിച്ചുവെന്ന് മാത്രമല്ല ഒരു പെനാല്‍ട്ടി തടഞ്ഞിടുകയും ചെയ്തല്ലോ….

ഇന്ന് അര്‍ജന്റീന…. കഴിഞ്ഞ രണ്ട് കളികളാണ് സാക്ഷിയെങ്കില്‍ ഇന്ന് ലയണല്‍ മെസിയുടെ സംഘത്തിന് കാര്യങ്ങള്‍ കടുപ്പമാവും. പക്ഷേ മെസിയിലെ പ്രതിഭക്ക് ലോക വേദിയില്‍ പലതും തെളിയിക്കാനുണ്ട്. അവിടെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷയും.

 

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending