ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ വലസരവക്കത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയും ടിവി ഷോകളിലൂടെയും താരമായ നടി പ്രിയങ്ക ചില സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും രമ്യാകൃഷ്ണന്റെ ടിവി ഷോ വംശത്തിലെ ജ്യോതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ടിവി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. കുടുംബ കലഹമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് വര്‍ഷം മുമ്പാണ് അരുണ്‍ ബാലയുമായി പ്രിയങ്കയുടെ വിവാഹം കഴിഞ്ഞത്. പക്ഷേ, ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഇതാണ് കുടുംബത്തിലെ കലഹത്തിന്റെ പ്രധാന കാരണമെന്ന് പ്രിയങ്കയോട്് അടുപ്പമുള്ളവര്‍ പൊലീസിനോട് പറഞ്ഞു. മക്കളില്ലാത്തതിന്റെ പേരില്‍ ഇവരെ കുടുംബത്തിലെ മറ്റുള്ളവര്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നുവെന്നും ചിലര്‍ മൊഴി നല്‍കിയതായും സൂചനയുണ്ട്.

കഴിഞ്ഞ രണ്ടുമാസമായി അരുണ്‍ ബാലയും പ്രിയങ്കയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇരുവരും രണ്ടുമാസമായി അകന്നാണ് താമസം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളിലെ ചിലരെ പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.