തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച് കൊല്ലം കലക്ടറേറ്റില്‍ അവസാനിച്ച യു.ഡി.എഫ് ബാനര്‍ പ്രദര്‍ശനം ചരിത്രമായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനാണ് ഇന്നലെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സാക്ഷ്യം വഹിച്ചത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയില്‍ ശേഖരിച്ച 1.08 കോടി ഒപ്പുകളാണ് ബാനറില്‍ പ്രദര്‍ശിപ്പിച്ചത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ 70 കിലോമീറ്റര്‍ ദൂരം യു.ഡി.എഫ് തീര്‍ത്ത മനുഷ്യക്കോട്ട അക്ഷരാര്‍ത്ഥത്തില്‍ പ്രതിഷേധ ജ്വാലയായി. പ്രദര്‍ശനം ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം പിടിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ഈ ഒപ്പ് പ്രദര്‍ശനത്തിലൂടെ പ്രതിഫലിച്ചത്. നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി നടപ്പിലാക്കിയതിലെ തകരാറുകള്‍, പെട്രോളിയം ഉല്‍പന്നങ്ങളിലെ വിലവര്‍ധന, സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം, ധനപ്രതിസന്ധി, ക്രമസമാധാന തകര്‍ച്ച, വികസന മുരടിപ്പ്, സാമൂഹ്യ പെന്‍ഷനുകളുടെ നിഷേധം എന്നീ പ്രധാന പ്രശ്‌നങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പൊതുസമ്മേളനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. നാഷണല്‍ ഹൈവേയുടെ ഇടതുവശത്താണ് ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത്. വൈകുന്നേരം നാല് മണിയോടെ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തിയ പ്രവര്‍ത്തകര്‍ കൃത്യം അഞ്ചു മണിമുതല്‍ മൂന്നു മിനിട്ട് നേരമാണ് ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഗതാഗതസ്തംഭനം ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ.മുനീര്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊല്ലത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് തുടങ്ങിയവരും നേതൃത്വം നല്‍കി.