ബോളിവുഡില്‍ അഭിനയ മികവുകൊണ്ട് ഒട്ടേറെ ഉയരങ്ങള്‍ താണ്ടിയ നടിയാണ് വിദ്യാബാലന്‍. കഹാനി, ഡേര്‍ട്ടി പിക്ചര്‍ തുടങ്ങിയ നായികാ പ്രധാന്യമുള്ള ചിത്രങ്ങളിലൂടെ ദേശീയ അവാര്‍ഡടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ വിദ്യയെ തേടിയെത്തി. സ്വതസിദ്ധമായ അഭിനയ മികവിനാലും കഠിന പ്രയത്‌നങ്ങളാലും ബോളിവുഡില്‍ സ്വന്തമായ ഇടം കണ്ടെത്താന്‍ വിദ്യക്കായി.

കരിയറില്‍ സ്ത്രീയെന്ന നിലയില്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് വിദ്യ പറയുന്നു.’ ഇന്ത്യന്‍ സിനിമയില്‍ പ്രാധാന്യം നായകര്‍ക്കായതിനാല്‍ നായികമാര്‍ക്ക് കഷ്ടകാലമാണ്. നായകര്‍ക്ക് വേണ്ടി സിനിമാ ഷെഡ്യൂളുകള്‍ അനുദിനം മാറ്റിക്കൊണ്ടേയിരിക്കും. നടന്‍മാര്‍ ഒട്ടേറെ സിനിമകളില്‍ ഒരേസമയം കരാറൊപ്പിട്ടതിനാല്‍ നായകന് വേണ്ടി മാസങ്ങളോളം മറ്റുള്ളവര്‍ കാത്തിരിക്കേണ്ടി വരും. അതിനിടക്ക് മറ്റു സിനിമകളില്‍ കരാറൊപ്പിടാന്‍ പോലും നായികമാര്‍ക്ക് കഴിയില്ല- വിദ്യ പറയുന്നു. സിനിമാ സെറ്റിലടക്കം പലപ്പോഴും അശ്ലീലച്ചുവയുള്ള കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

‘ഇന്ത്യയിലെ സ്ത്രീകള്‍ തന്നെ തങ്ങളുടേതിനെക്കാള്‍ പുരുഷന്റെ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഒട്ടേറെ കാലം കഷ്ടപ്പെട്ടതിനാലാവും ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ താന്‍ തന്നെയെന്ന് എനിക്ക് ഉറച്ചു പറയാനാവും. വിവാഹിതയെന്ന നിലക്ക് സിദ്ധാര്‍ത്ഥ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്, പക്ഷെ എന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം എനിക്ക് തന്നെയാണ്- വിദ്യ പറഞ്ഞു.