നവംബര്‍ എട്ടിന് രാത്രി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ഇന്ത്യയിലെ മുഴുവന്‍ ജനതക്കുമേല്‍ ഇടത്തീ വീണ പോലെയാണ് അനുഭവപ്പെട്ടത്. അന്നുതൊട്ട് സ്വന്തം പണത്തിന് ക്യൂ നില്‍ക്കാന്‍ തുടങ്ങിയ ദുരിതം ഇപ്പോള്‍ ശമ്പളവും പെന്‍ഷനും വരെ ലഭിക്കാനുള്ള കഷ്ടപ്പാടിലെത്തി നില്‍ക്കുകയാണ്. ഇത് അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. രാജ്യത്തെ മുഴുവന്‍ സാമ്പത്തിക വിചക്ഷണരും രാഷ്ട്രീയ ഭേദമന്യേ പ്രധാനമന്ത്രിയുടെ നടപടിയെ നിശിതമായി വിമര്‍ശിക്കുന്നു. രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയില്‍ നിന്നും നിരന്തരം പ്രഹരം ഏറ്റുകൊണ്ടിരിക്കുകയാണ്. അന്തിമ വിധി ഭരണഘടനാ വിരുദ്ധമാണോ, അല്ലയോ എന്ന് അടുത്ത ദിവസം സുപ്രീം കോടതി വ്യക്തമാക്കിയേക്കും.

കള്ളപ്പണം ലാക്കാക്കിയാണ് നടപടിയെന്നാണ് പ്രധാനമായും പറഞ്ഞുവന്നിരുന്നത്. നികുതിയടക്കാത്തതായ എല്ലാ വരുമാനവും കള്ളപ്പണത്തിന്റെ നിര്‍വചനത്തില്‍ വരും. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിക്കുമോ എന്ന് മനസ്സിലാക്കാന്‍ കള്ളപ്പണവും കള്ളപ്പണ ആസ്തിയും മനസ്സിലാക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ വരുമാനത്തിന്റെ ഒരു ഭാഗം അയാള്‍ ഉപഭോഗ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. അവശേഷിക്കുന്ന വരുമാനം നിക്ഷേപമായി സൂക്ഷിക്കും. ഈ നിക്ഷേപം കറന്‍സിയായി മാത്രമല്ല സൂക്ഷിക്കുക. വിദേശ പത്രമായ ദ ഗാര്‍ഡിയന്‍ എഴുതിയ പോലെ സമ്പന്നര്‍ ഒരിക്കലും ഇതുമൂലം കഷ്ടത അനുഭവിക്കില്ല. അഴിമതിയിലൂടെ ആര്‍ജ്ജിച്ച എല്ലാ ഭാഗ്യങ്ങളും അവര്‍ ആദ്യമേ തന്നെ ഷെയറുകളില്‍, സ്വര്‍ണ്ണത്തില്‍, റിയല്‍ എസ്റ്റേറ്റുകളില്‍ നിക്ഷേപിച്ചിട്ടുണ്ടാകും. ഭൂരിഭാഗം വരുന്ന രാജ്യത്തെ 1.30 ബില്യണ്‍ ജനങ്ങള്‍ നഷ്ടം അനുഭവിക്കുന്നു. അവര്‍ കറന്‍സിയിലൂടെയാണ് രൂപ ക്രയവിക്രയം നടത്തുന്നത്.

വ്യാജ പണത്തെ സംബന്ധിച്ച് ആധികാരികമായി പഠനം നടത്തിയ പ്രൊഫ. അരുണ്‍കുമാര്‍ പറയുന്നത് കള്ള ആസ്തിയിലെ വെറും ഒരു ശതമാനം മാത്രമാണ് കറന്‍സി. പ്രധാനമന്ത്രി മോദി കള്ളപ്പണം ഒഴിവാക്കാനായി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ആകെയുള്ള കള്ള ആസ്തിയുടെ ഒരു ശതമാനം മാത്രമാണ് ഒഴിവാക്കാനാവുന്നത്. അതു തന്നെ നടക്കണമെങ്കില്‍ രാജ്യത്തെ എല്ലാ കള്ളപ്പണക്കാരനും തങ്ങളുട കള്ളപ്പണം മറ്റു മാര്‍ഗങ്ങളില്‍ സൂക്ഷിക്കാതെ 1000, 500 നോട്ടുകളില്‍ സൂക്ഷിച്ചിരുന്നുവെങ്കില്‍ മാത്രം.

ചിന്തിക്കേണ്ട അടുത്ത വസ്തുത നാട്ടിലെ 225 കോടിയോളം വരുന്ന കുടുംബങ്ങള്‍ അല്ലെങ്കില്‍ ചെറുകിട മൊത്ത കച്ചവടക്കാര്‍ കൈയില്‍ സൂക്ഷിക്കുന്ന അസാവുധവായ 1000, 500 നോട്ടുകളുടെ അളവ് എത്ര എന്നതാണ്. ആകെയുള്ള കള്ളപ്പണമായ 75.96 ലക്ഷം കോടി രൂപയില്‍ 1000, 500 കറന്‍സിയില്‍ അത് 18.67 ശതമാനം മാത്രമേ കള്ളപ്പണമായി സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതായത് മൊത്തം കള്ളപ്പണമായ 75.96 ലക്ഷം കോടിയില്‍ 13.67 ലക്ഷം കോടി രൂപ മാത്രം. മൊത്തം കള്ളപ്പണത്തിന്റെ 83.33 ശതമാനം കറന്‍സിയായല്ല ഭൂമി, സ്വര്‍ണ്ണം, വദേശ കറന്‍സി, വിദേശ നിക്ഷേപങ്ങള്‍ എന്നീ നിക്ഷേപങ്ങളായാണ് സൂക്ഷിച്ചിരിക്കുന്നത്. കള്ളപ്പണം കണ്ടെത്താനാണെങ്കില്‍ നാമമാത്രമായ കള്ളപ്പണം കണ്ടെത്താവുന്ന കറന്‍സി അസാധുവാക്കുന്ന നടപടിയല്ല ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് വേണ്ടിയിരുന്നത്.

അടുത്തതായി പരിഗണിക്കേണ്ട പ്രധാന വിഷയം സര്‍ക്കാര്‍ നിരോധിച്ച 14.5 ലക്ഷം കോടി വരുന്ന 1000, 500 നോട്ടുകള്‍ 15 വര്‍ഷം എടുത്ത് പ്രിന്റ് ചെയ്തിട്ടുള്ളതാണ്. നോട്ട് പ്രിന്റിങിന്റെ ഔദ്യോഗിക കണക്ക് പറയുന്നത് 138 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ്. ഇന്നത്തെ സാഹചര്യത്തില്‍ നമുക്കത് ഈ ദിവസം കൊണ്ട് പ്രിന്റ് ചെയ്ത് ഇറക്കാന്‍ കഴിയില്ല. വളരെയധികം കാലം വേണ്ടിവരും.

സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് പ്രൊഫ. അരുണ്‍കുമാര്‍ ഒരു ഉപമയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തില്‍ 85 ശതമാനം രക്തവും നീക്കം ചെയ്തതിനു ശേഷം 5 ശതമാനം വീതം ആഴ്ചകളിലും മാസങ്ങളിലും ഇടവേളകളില്‍ തിരികെ നല്‍കുന്നത് പോലെ അപകടകരമാണ് ഉയര്‍ന്ന വിനിമയ നിരക്കിലുള്ള 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിക്കുകയും എന്നാല്‍ ഇതിനു പകരമുള്ള നോട്ടുകള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാറിന് കഴിയാതിരിക്കുകയും ചെയ്യുന്നത്. ഇന്നും ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളില്‍ 86 ശതമാനത്തില്‍ കൊടുക്കല്‍ വാങ്ങല്‍ ധനവിനിയോഗം നടക്കുന്നത് കറന്‍സി ഉപയോഗിച്ചാണ്. ഇന്ത്യയില്‍ കല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കു പ്രകാരം ഇന്ത്യയില്‍ കാര്‍ഡ് ഉപയോഗിക്കുന്നത് 2.6 കോടി ജനങ്ങള്‍ മാത്രമാണ്. ഓണ്‍ലൈന്‍ ധനവിനിയോഗത്തിനായി ഉപയോഗിക്കുന്ന കാര്‍ഡ് റീഡേഴ്‌സ് 14 ലക്ഷം മാത്രമാണ്. കുറഞ്ഞ 14 ശതമാനം വരുന്ന കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ മാത്രമാണ് ചെക്ക്, ക്രെഡിറ്റ് കാര്‍ഡ്, മറ്റു തരത്തിലുള്ള ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ മൂലം നടക്കുന്നത്. ഇത് മാത്രമാല്ല, ഇന്ത്യന്‍ സമ്പദ് ഘടനയിലെ വലിയൊരു ശതമാനം അസംഘടിത മേഖലയാണ്. അതുകൊണ്ട് തന്നെ ഇവിലെ ‘ക്യാഷ്‌ലെസ് ഇക്കോണമി’ നടപ്പാക്കാമെന്ന് ഉദ്ദേശിക്കുന്നത് ഇവരെയൊക്കെ ദുരിതത്തിലാക്കും. ചെറുകിട കച്ചവടക്കാരേയും എല്ലാ മേഖലയിലുമുള്ള ചെറുകിട സംരംഭകരെയും തകര്‍ത്ത് കോര്‍പറേറ്റ് മേഖലയിലെ വന്‍കിടക്കാരെ റീട്ടെയില്‍ മേഖലയിലും വരെ പ്രതിഷ്ഠിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ്. അവിടെയൊക്കെ വിദേശ മൂലധനത്തന് വാതില്‍ തുറന്നു കൊടുക്കാനുള്ള പ്രഖ്യാപനം നേരത്തെതന്നെ മോദി നടത്തിയിരുന്നു.

കറന്‍സി പിന്‍വലിക്കല്‍ മൂലം മോദി വിസ്മരിച്ച വസ്തുതയാണ് സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ പിന്നിലേക്കുള്ള പ്രയാണം. 1930 കളിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണമാണ് ജനങ്ങളുടെ ഉപയുക്തതയിലുണ്ടായ കുറവ്. ഉപയുക്തതയിലുണ്ടായ കുറവിന് പ്രധാന കാരണം ജനങ്ങളുടെ കൈയ്യില്‍ ആവശ്യത്തിന് പണം ഇല്ലാതിരുന്നതാണ്. അതേ പ്രതിഭാസവുമായി സാമ്യതയുള്ള നടപടിയാണ് ഇന്ന് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. ഇത് ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ കുറയ്ക്കും. ഇത് സാധനങ്ങളുടെ വില്‍പന കുറയ്ക്കും. കുറഞ്ഞ വില്‍പന ഉത്പാദനത്തെ കുറയ്ക്കും. ഉത്പാദനം കുറയുന്നത് അസംഘടിത മേഖലയിലെങ്കിലും തൊഴിലില്ലായ്മ ഉണ്ടാക്കുകയും ഇത് വീണ്ടും ജനങ്ങളുടെ കയ്യിലെത്തേണ്ട പണത്തെ നിയന്ത്രിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ കേന്ദ്ര ധനമന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നു ഡിസംബര്‍ മാസത്തെ ശമ്പളം-പെന്‍ഷന്‍ തുടങ്ങിയവ ഭാഗികമായി മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂവെന്ന്. മുകളില്‍ വിവരിച്ച സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ പിന്നോട്ടുള്ള പ്രയാണത്തെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍മേയ്ക്കാര്‍ഡ് കെയിന്‍സ് വിളിച്ച പേരാണ് സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ പിന്നിലേക്കുള്ള പ്രയാണം. ഈ സത്യം മനസ്സിലാക്കിയാവണം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാജ്യത്തിന്റെ ദേശീയ വരുമാനം വരും വര്‍ഷം രണ്ടു ശതമാനം കണ്ട് കുറയും എന്ന് പ്രഖ്യാപിച്ചത്.

വളരെ ഗൗരവമായി കേന്ദ്ര ഗവണ്‍മെന്റ് കണക്കിലെടുക്കേണ്ട വസ്തുത സഹകരണ മേഖലയുടെ താളം തെറ്റിയ പ്രവര്‍ത്തനമാണ്. നോട്ട് പിന്‍വലിക്കല്‍ വന്ന അന്നുമുതല്‍ സഹകരണ മേഖലയെ നോട്ട് മാറ്റിവാങ്ങാനുള്ള പ്രവര്‍ത്തനത്തില്‍ നിന്നും പുറത്തു നിര്‍ത്തി. അതിനായ അവര്‍ പറയുന്ന കാരണം സഹകരണ മേഖല മുഴുവന്‍ കള്ളപ്പണമെന്നാണ്. ഇത് സഹകരണ മേഖലയെന്തെന്നറിഞ്ഞു കൂടാത്തതിന്റെ ഫലമായിരിക്കും. സഹകരണ മേഖലയുടെ വ്യാപ്തി കാര്‍ഷിക മേഖല, ചെറുകിട-മൊത്ത വ്യാപാര മേഖല, നിരവധി സേവന മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്ന ഒന്നാണെന്ന് നമുക്കറിയാം. എന്നാല്‍ അവയെ ദൈനം ദിന ആവശ്യങ്ങള്‍ക്ക് പോലും ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ അനുവദിക്കാത്തതുമൂലം അവ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് എത്ര കോടി വരുന്ന ജനങ്ങളെയാണ് പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുകയെന്നു ഏതൊരാള്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല സ്വര്‍ണ വായ്പ നല്‍കാന്‍ ഇവക്ക് സാധിക്കുന്നുമില്ല. ഇതെത്രത്തോളമാണ് സാധാരണക്കാരായ ജനങ്ങളെ ബാധിക്കുകയെന്നു പറയേണ്ടതില്ലല്ലോ. നിയമപരമായി ബാങ്കിങ്് ആക്ടിന്റെ പരിധിയിലല്ല സഹകരണ മേഖല പ്രവര്‍ത്തിക്കുന്നതെങ്കിലും അവ സൊസൈറ്റി ആക്ടിന്റെ കീഴിലാണ് വരുന്നത്. ആസ്പത്രി, റെയില്‍വേ തുടങ്ങിയവക്ക്‌പോലും നോട്ട് മാറാന്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് ബാങ്കിങ് പരിചയമുള്ള സഹകരണ മേഖലയെ ബി.ജെ.പി സര്‍ക്കാര്‍ ഒഴിച്ചുനിര്‍ത്തുന്നു എന്നതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍ മോദിക്കുണ്ടെന്ന് സംശയിക്കുന്നതില്‍ ആരെയാണ് കുറ്റം പറയാന്‍ സാധിക്കുക.

മറ്റൊരു പ്രധാന വസ്തുത ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണര്‍ ബോധപൂര്‍വമോ അല്ലാതെയോ പുറത്തു പറയാതിരിക്കുന്നത് പഴയ കറന്‍സി പിന്‍വലിച്ച് പുതിയ കറന്‍സി ഇറക്കുന്നതിനാവശ്യമായ ചെലവാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കണോമിയുടെ കണക്ക് പ്രകാരം 1.28 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പുതിയ നോട്ട് അച്ചടിക്കാന്‍ മാത്രം 10,900 കോടി രൂപയാണ് കണക്കാക്കുന്നത്. പണം ബാങ്കിലും എം.ടി.എമ്മുകളിലുമെത്തിക്കാന്‍ 1600 കോടി രൂപയും പുതിയ നോട്ടുകളുടെ ക്രയവിക്രയത്തിന് എ.ടി.എം പുനഃക്രമീകരിക്കാന്‍ 202 കോടിയും ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പണമെത്തിക്കാന്‍ ഓടുന്ന വാഹനങ്ങളുടെ ടോള്‍ ഇനത്തില്‍ മാത്രം 4000 കോടി രൂപ ചെലവ് വരും. പൊതുജനം ക്യൂവില്‍ നില്‍ക്കുന്നതിന്റെ ഫലമായി 15,000 കോടി രൂപയുടെ തൊഴില്‍ നഷ്ടമുണ്ടാകും. നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെയുള്ള നഷ്ടമാണ് സി.എം.ഐ.ഇ കണക്കാക്കിയിരിക്കുന്നത്.

രാജ്യത്ത് പ്രഖ്യാപിക്കാതെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക അടിയന്തിരാവസ്ഥയുടെ ഉത്തമ ഉദാഹരണമാണ് അവരവര്‍ അധ്വാനിച്ച് ഉണ്ടാക്കിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കാത്ത അവസ്ഥ. നിക്ഷേപങ്ങള്‍ മാത്രമല്ല, ശമ്പളം, പെന്‍ഷന്‍ പോലും പിന്‍വലിക്കാന്‍ സാധിക്കാതെ വരുന്നത് മൂലമുണ്ടായ ‘ലിക്വിഡിറ്റി ക്രൈസിസ്’ തരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് കുറഞ്ഞത് മറ്റൊരു അഞ്ച് മാസം കൂടി കാത്തിരിക്കേണ്ടി വരും. ജോലി ദിനങ്ങള്‍ നഷ്ടമാക്കി ജനങ്ങള്‍ വരി നില്‍ക്കുകയും എന്നാല്‍ ആവശ്യത്തിനുള്ള പണം കൈയില്‍ എത്താതിരിക്കുകയും ചെയ്യുന്നതുമൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും തന്‍മൂലം വില്‍പന നികുതി വരുമാനത്തില്‍ പ്രവചനാതീതമായ കുറവ് സംസ്ഥാനങ്ങളില്‍ നേരിടേണ്ടി വരികയും ചെയ്യും.
സാമ്പത്തിക ശാസ്ത്രത്തിന്റെ നേട്ട, കോട്ട സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് വിശകലനം നടത്തിയാലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു തുഗ്ലക് പരിഷ്‌കാരം തന്നെയാണ് നരേന്ദ്ര മോദി നടത്തിയത്. ഈ നടപടി എടുത്തതിനുള്ള ലക്ഷ്യങ്ങളായി മോദി പറഞ്ഞിരിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് കള്ളപ്പണം തടയുക. രണ്ട് ഭീകരവാദ സാമ്പത്തിക ഉറവിടം തകര്‍ക്കുക.

കള്ളപ്പണം തടഞ്ഞ് സാമ്പത്തിക അസമത്വം അവസാനിപ്പിക്കുകയെന്നതായിരുന്നു മോദിയുടെ യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ അദ്യം ചെയ്യേണ്ടിയിരുന്നത് വമ്പന്‍ കോര്‍പറേറ്റുകളുടെ സാമ്പത്തിക ആസ്തി പുനര്‍ വിതരണം നടത്തുകയായിരുന്നു. എന്നാല്‍ കോര്‍പറേറ്റുകള്‍ പണം ചെലവാക്കി അധികാരത്തിലേറ്റിയ മോദി അതിനു മുതിരില്ലയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വേളയില്‍ തന്നെ വിജയ് മല്യയുടെ 3000 കോടി രൂപ കിട്ടാക്കടമായി എഴുതിയതെന്നോര്‍ക്കണം. രണ്ടാമത്തെ ലക്ഷ്യമായി പറഞ്ഞത് ഭീകരവാദ ഗ്രൂപ്പുകളുടെ സാമ്പത്തിക ഉറവിടം ഇല്ലാതാക്കുകയെന്നതാണ്. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ മൂലം ഇത് സാധ്യമാകില്ലയെന്ന് പ്രൊഫ. അരുണ്‍കുമാര്‍ സമര്‍ത്ഥിക്കുന്നു. അദ്ദേഹം പറയുന്നത് ഭീകരവാദ സംഘടനകള്‍ക്ക് അവരുടെ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കറന്‍സി ആവശ്യമാണ്. അതിനായി അവര്‍ ചെയ്യുന്നത് കറന്‍സി പ്രിന്റ് ചെയ്യുകയെന്നതാണ്. അതുകൊണ്ട് തന്നെ പുതിയ കറന്‍സിയും അവര്‍ പ്രിന്റ് ചെയ്തിറക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ കറന്‍സി പിന്‍വലിച്ചാല്‍ ഭീകരവാദ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്.

കറന്‍സി പിന്‍വലിക്കല്‍ ദുരിതത്തില്‍ ജീവന്‍ നഷ്ടമായത് രാജ്യത്തെ 68 ആളുകള്‍ക്കാണ്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വലിയൊരു നന്‍മക്കായി ഹൃസ്വ കാലയളവില്‍ ചെറിയ വേദനകള്‍ സഹിക്കേണ്ടി വരും എന്ന ഫാഷിസ്റ്റ് സിദ്ധാന്തമാണ്. എന്നാല്‍ ഇതിനെ ഖണ്ഡിച്ച്‌കൊണ്ട് നോബേല്‍ സമ്മാന ജേതാവായ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അമര്‍ത്യാസെന്നിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ‘ഇതുപൊലൊരു നടപടി തീര്‍ച്ചയായും ഒരു സ്വേച്ഛാധിപതിക്കല്ലാതെ മറ്റാര്‍ക്കും ചെയ്യാവുന്നതല്ല. പൊതുജനങ്ങളുടെ കഷ്ടപ്പാടും വേദനും ഏറ്റുന്ന നയങ്ങളെല്ലാം നല്ലതാണെന്ന് പറയാവതുമല്ല.’