ലക്‌ന: കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടന ആസന്നമായിരിക്കെ പ്രതിരോധ മന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്ന കാര്യം പരിഗണനയില്ലെന്നും ഏറ്റവും സന്തോഷത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അമിത് ഷാ ബി.ജെ.പി അധ്യക്ഷസ്ഥാനം രാജിവച്ച് കേന്ദ്രമന്ത്രിയാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്ന് ത്രിദിന സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശില്‍ എത്തിയ അമിത് ഷാ പറഞ്ഞു. ‘ബി.ജെ.പി അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് നിലവില്‍ എനിക്കുള്ളത്. ഈ സ്ഥാനത്ത് ഏറ്റവും സന്തുഷ്ടനാണ് ഞാന്‍. ഏറ്റവും ഊഷ്മളമായി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നതും. നിങ്ങളായിട്ട് എന്നെ പുറത്താക്കരുത്’-ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിഹാറില്‍ ഒരു പാര്‍ട്ടിയിലും ബി.ജെ.പി വിള്ളലുണ്ടാക്കിയിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
അഴിമതിക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യമില്ലാതെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി ചരിത്രവിജയം ആവര്‍ത്തിക്കും. ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാഷ്ട്രീയത്തിലെ കുടുംബ, ജാതി വാഴ്ചകള്‍കക്കും പ്രീണന രാഷ്ട്രീയത്തിനും അന്ത്യം കുറിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അമിത് ഷാ അവകാശപ്പെട്ടു. അതേസമയം അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു പിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതിരോധം, നഗര വികസനം, പരിസ്ഥിതി, വാര്‍ത്താ വിനിമയം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ക്ക് നിലവില്‍ സ്ഥിരം മന്ത്രിമാരില്ല. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി രാജിവെച്ചപ്പോഴാണ് പ്രതിരോധ മന്ത്രാലയത്തില്‍ ഒഴിവു വന്നത്. ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലിക്കാണ് പ്രതിരോധവകുപ്പിന്റെ അധിക ചുമതല. എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡു മന്ത്രിസ്ഥാനം രാജിവെച്ചതോടെ നഗര വികസന, വാര്‍ത്താ വിനിമയ വകുപ്പുകളിലും ഒഴിവു വന്നു. തുടര്‍ന്ന് ടെക്സ്റ്റയില്‍സ് മന്ത്രി സ്മൃതി ഇറാനിക്കു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറിനു നഗരവികസന മന്ത്രാലയത്തിന്റെയും അധികച്ചുമതല നല്‍കി. പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ ദവെ അന്തരിച്ചതിനാല്‍ ആരോഗ്യവകുപ്പു മന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് ഈ വകുപ്പിന്റെ അധിക ചുമതല വഹിക്കുന്നത്.