അഹമ്മദാബാദ്: ചത്ത പശുവിന്റെ തുകലുരിഞ്ഞതിന് ഗുജറാത്തിലെ ഉനയിൽ ദളിത് യുവാക്കളെ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിലുള്ള ദളിത് സംഘടനകളുടെ പ്രതിഷേധം ശക്തമാവുന്നു. അമിതാഭ് ബച്ചൻ ബ്രാന്റ് അംബാസഡറായ ഗുജറാത്തിന്റെ സുഗന്ധം എന്ന കാമ്പയ്‌നിനു പകരം ഗുജറാത്ത് ചീഞ്ഞു നാറുന്നുവെന്ന പോസ്റ്റർ കാമ്പയ്ൻ നടത്താൻ ദളിത് സംഘടനകൾ തീരുമാനിച്ചു.

ചൊവ്വാഴ്ച അഹമ്മദാബാദിനു സമീപം കലോലിൽ നിന്നും കാമ്പയ്ൻ ആരംഭിക്കുമെന്ന് ഉന ദളിത് അത്യാചാർ ലഡത് സമിതി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് ടൂറിസം അംബാസഡർ അമിതാഭ് ബച്ചൻ എന്നിവർക്ക് ഗുജറാത്ത് ചീഞ്ഞു നാറുന്നുവെന്ന പോസ്റ്റർ മെയിൽ വഴി അയച്ചു കൊടുത്തിട്ടുണ്ട്. ഇരുവരേയും നാറുന്ന ഗുജറാത്തിലേക്ക് ക്ഷണിച്ചതായും സംഘാടകർ അറിയിച്ചു. ഗുജറാത്ത് സന്ദർശിക്കൂ, ചത്ത പശുക്കളുടെ അവശിഷ്ടം ചീഞ്ഞു നാറുന്നതിന്റെ ഗന്ധം അനുഭവിച്ചറിയൂവെന്നാണ് പോസ്റ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സംഘടനയുടെ കൺവീനർ ജിഗ്നേഷ് മേവാനി അറിയിച്ചു. ഉന സംഭവത്തിനു ശേഷം ഗുജറാത്തിൽ ചത്ത മൃഗങ്ങളുടെ അവശിഷ്ടം അടക്കം ചെയ്യുന്നത് ദളിതുകൾ നിർത്തിയിരിക്കുകയാണ്. മോദിയുടെ അജണ്ടക്കനുസരിച്ച് ഗുജറാത്തിനെ കുറിച്ച് വ്യാജ പ്രതിഛായയാണ് ബച്ചൻ സൃഷ്ടിച്ചിരിക്കുന്നതെന്ന് മേവാനി ആരോപിച്ചു. 100 കണക്കിന് ചത്ത പശുക്കളുടെ അവശിഷ്ടമാണ് സംസ്‌കരിക്കാതെ നിരത്തുകളിൽ കിടക്കുന്നത്. എല്ലായിടത്തും ദുർഗന്ധം വമിക്കുകയാണ്.

ദളിതുകൾ ജാതീയ വിവേചനത്തിന്റെ പേരിൽ ചേരികളിൽ അന്തിയുറങ്ങുന്നു. ഇത്തരമൊരു ഗുജറാത്തിനെ കുറിച്ചാണ് സുഗന്ധമെന്ന് ബച്ചൻ പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഉന സംഭവത്തിനു ശേഷം ചത്ത പശുക്കളെ കുഴിച്ചിടുന്ന ജോലി 100 കണക്കിന് ദളിതുകൾ ഉപേക്ഷിച്ചതായും ദളിതുകൾ ഇത്തരം ജോലി ചെയ്യാൻ പാടുള്ളൂവെന്ന ഉന്നത ജാതിക്കാരുടെ കാഴ്ചപ്പാടുകൾ ഭേദിക്കപ്പെടേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.