ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വെങ്കടാചലയ്യ അധ്യക്ഷനായ എന്‍.സി.ആര്‍.ഡബ്ലിയു.സി ( നാഷനല്‍ കമ്മീഷന്‍ ടു റിവ്യൂ ദ വര്‍ക്കിങ് ഓഫ് ദി കോണ്‍സ്റ്റിറ്റിയൂഷന്‍ ) കൊണ്ടു വന്ന നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതു സംബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് നല്‍കിയത്.

ജനസംഖ്യാ നിയന്ത്രണത്തിന് നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജലദൗര്‍ലഭ്യം, തൊഴിലില്ലായ്മ, ദാരിദ്ര്യം, അഴിമതി തുടങ്ങി പല കാരണങ്ങളും രാജ്യത്തെ ജനസംഖ്യാ വിസ്‌ഫോടനം മൂലം ഉണ്ടാവുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസ് സെപ്റ്റംബര്‍ മൂന്നിന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേ്‌നോന്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.