ഓപണര്‍ ലോകേഷ് രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഇന്ത്യ മികച്ച സ്‌കോറിലേക്ക്. കന്നി ഡബിള്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ രാഹുല്‍ പുറത്തായെങ്കിലും 372-4 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനേക്കാള്‍ 105 റണ്‍സ് പിറകില്‍.

വിക്കറ്റ് നഷ്ടം കൂടാതെ 60 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഓപണര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും രാഹുലും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 152 റണ്‍സ്. മുഈനലിക്ക് വിക്കറ്റ് നല്‍കിയാണ് പാര്‍ഥിവ് പട്ടേല്‍(71) മടങ്ങിയത്. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജാരക്കും (16), ക്യാപ്റ്റന്‍ കോഹ്ലിക്കും(15) പക്ഷെ നിലയുറപ്പിക്കാനായില്ല. ബ്രോഡിന്റെ പന്തില്‍ സ്ലിപ്പില്‍ ജെന്നിങ്‌സിന് ക്യാച്ച് നല്‍കി കോഹ്്ലി പുറത്താവുമ്പോള്‍ ഇന്ത്യ 211-3.

അഞ്ചാമനായിറങ്ങിയ കരുണ്‍ നായര്‍(69) നന്നായി ബാറ്റ് വീശിയതോടെ മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 161 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒടുവില്‍ ആദില്‍ റഷീദിനെ ഓഫ്‌സൈഡിലേക്ക് കട്ട് ചെയ്ത് കന്നി ഡബിള്‍ തികക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍(199) പുറത്തായത്.