ഷില്ലോങ്: പണം വിതരണം ചെയ്യുന്നുണ്ടെന്ന വ്യാജ പ്രചാരണത്തെതുടര്‍ന്ന് മേഘാലയ എം. എല്‍.എയുടെ വസതിയിലേക്ക് ആളുകളുടെ പ്രവാഹം. മുന്‍ മന്ത്രി കൂടിയായ എം. എല്‍.എ അല്‍ക്‌സാണ്ടര്‍ എല്‍ഹെക്കിന്റെ കൈവശം കോടിക്കണക്കിന് രൂപയുടെ അസാധുവാക്കിയ 1000, 500 രൂപ കറന്‍സികള്‍ ഉണ്ടെന്നും ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ നിന്നും കേസില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹം വീട്ടില്‍ എത്തുന്ന എല്ലാവര്‍ക്കും 5,000 രൂപ വീതം നല്‍കുന്നുണ്ടെന്നുമാണ് വാര്‍ത്ത പരന്നത്.

ആദ്യ ദിവസങ്ങളില്‍ വളരെ കുറച്ചുപേരാണ് വീട്ടില്‍ എത്തിയിരുന്നത്. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് എം.എല്‍.എ ഇവരെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍ ദിവസം കഴിയുന്തോറും വീട്ടിലെത്തുന്ന ആളുകളുടെ എണ്ണം കൂടിയതോടെ എം.എല്‍.എ ഗത്യന്തരമില്ലാതെ പൊലീസിനെ സമീപിക്കുകയായിരുന്നു.

ആയിരത്തിനടുത്ത് ആളുകള്‍ ഓരോ ദിവസവും വീട്ടിലെത്തുന്നുണ്ടെന്നും രാവിലെ മുതല്‍ രാത്രി വരെ ഇവരെ മടക്കി അയക്കലാണ് ഇപ്പോള്‍ തന്റെ ജോലിയെന്നും അലക്‌സാണ്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രതിച്ഛായ തകര്‍ക്കാ ന്‍ ആരോ ആസൂത്രണം ചെയ്തതാണ് വ്യാജ പ്രചാരണമെന്നാണ് അലക്‌സാണ്ടറുടെ ആരോപണം.