ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ തീരുമാനത്തെതുടര്‍ന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഒരു കോടി രൂപയോ അതിനു താഴെയോ ഉള്ള വായ്പകള്‍ തിരിച്ചടക്കാന്‍ റിസര്‍വ് ബാങ്ക് 60 ദിവസത്തെ സാവകാശം അനുവദിച്ചു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, എന്‍.ബി.എഫ്.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെടുത്ത ഭവന, വാഹന, കാര്‍ഷിക വായ്പകള്‍, മറ്റ് വായ്പകള്‍ എന്നിവക്ക് ഇളവ് ലഭിക്കും. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ തിരിച്ചടവ് കാലാവധി എത്തുന്ന വായ്പകള്‍ക്കായിരിക്കും ഇളവ് ബാധകമാവുകയെന്നും ആര്‍.ബി.ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നോട്ട് പിന്‍വലില്‍ നടപടിയെതുടര്‍ന്ന് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് നീക്കം. നിലവില്‍ ആഴ്ചയില്‍ പരമാവധി 24,000 രൂപ വരെ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാന്‍ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ കാലാവധി എത്തിയാലും ആളുകള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങളാലാണ് ഉപഭോക്താക്കള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതെങ്കിലും പലിശ, പിഴപ്പലിശ എന്നിവയുടെ കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്കുകള്‍. മാത്രമല്ല, വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതോടെ ലോണ്‍ സബ്‌സ്റ്റാന്റേര്‍ഡ് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇത് ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് ഈ ബാങ്കില്‍നിന്നോ മറ്റേതെങ്കിലും ബാങ്കില്‍നിന്നോ വായ്പ ലഭിക്കുന്നതിന് തടസ്സമായി മാറുകയും ചെയ്യും. ഈ സാഹചര്യം കണക്കിലെടുത്താണ് ആര്‍.ബി.ഐ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

ടേം ലോണുകള്‍, ബിസിനസ്, വ്യക്തിഗത ലോണുകള്‍, ഒരൂ കോടി രൂപക്കു താഴെയുള്ള മറ്റ് വായ്പകള്‍ എന്നിവക്കെല്ലാം ഇളവുകള്‍ ബാധകമയിരിക്കും. ഗഡുക്കളായി തിരിച്ചടക്കുന്ന വായ്പകള്‍ക്കും ഇളവ് ബാധകമാകും. ഇതുപ്രകാരം നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും വരുന്ന ഗഡുക്കള്‍ അടക്കുന്നതിന് 60 ദിവസം വരെ സാവകാശം ലഭിക്കും.

അതേസമയം ഇത് താല്‍ക്കാലിക ഇളവ് മാത്രമാണെന്നും ലോണ്‍ റീസ്ട്രക്ചറിങ് അല്ലെന്നും ആര്‍.ബി.ഐ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഇളവ് കാലാവധി തീരുന്നതിന് മുമ്പ് ലോണ്‍ തിരിച്ചടക്കേണ്ടി വരും. അതുവരെയുള്ള പലിശയും നല്‍കേണ്ടി വരും. അതേസമയം പിഴപ്പലിശയോ മറ്റ് ഫൈനുകളോ ഉണ്ടാവില്ല. ഗഡുക്കളായി തിരിച്ചടക്കുന്ന വായ്പകളുടെ കാര്യത്തില്‍ നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയിലുള്ള ഗഡുക്കള്‍ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ സാവകാശം ലഭിക്കും. അതേസമയം ഇളവ് കാലാവധി തീര്‍ന്നതിനു ശേഷമുള്ള ഗഡുക്കള്‍ നിശ്ചിത സമയത്തുതന്നെ തിരിച്ചടക്കേണ്ടി വരും.

ആര്‍.ബി.ഐ നടപടി സ്വാഗതാര്‍ഹമാണെന്നും വായ്പാ കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് പ്രഖ്യാപനമെന്നും ഡി.എച്ച്.എഫ്.എല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹര്‍ഷില്‍ മേത്ത പ്രതികരിച്ചു.