ആയിരം, 500 നോട്ടുകള്‍ പിന്‍വലിച്ച നടപടി തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ബി.ജെ.പി അണികള്‍. നോട്ട് പിന്‍വലിച്ച നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ തീരുമാനം തന്നെയെന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല. അത് പോലെ ജനങ്ങളോട് ചെയ്തത് കടുത്ത നടപടിയാണെന്നതിലും.

ബാങ്കുകളില്‍ പണം മാറ്റാനെത്തുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ റിപ്പോര്‍ട്ടറോട് മോദി ഭക്തന്റെ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പ്രധാനമന്ത്രിയുടെ തീരുമാനം കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടക്ക് രാജ്യം കണ്ട ഏറ്റവും ശക്തമായ നടപടിയാണെന്ന കാര്യത്തില്‍ ഇയാള്‍ക്ക് സംശയമില്ല. ഈ തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നോ എന്ന ചോദ്യത്തിന് ഇയാള്‍ മറുകണ്ടം ചാടുകയും ചെയ്യുന്നു. കേന്ദ്രം ജനങ്ങളോട് ചെയ്യുന്നത് ദ്രോഹമാണെന്നും സര്‍ക്കാരിനെ പ്രാകിയേ പുറത്തു പോകൂവെന്നും ഇയാള്‍ പറയുന്നു.

എവിടെയും തൊടാത്ത ഇയാളുടെ മറുപടിയില്‍ പകച്ചു പോയ റിപ്പോര്‍ട്ടറെയും വിഡിയോയില്‍ കാണാം.