മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സിറസ് പി മിസ്ത്രിയെ ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. ഇന്നലെ മുംബൈ ഹൗസില്‍ ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ടാറ്റാ ഇന്‍ഡസ്ട്രീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ത്രിയെ നേരത്തെ പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെ ഗ്രൂപ്പിനു കീഴിലെ വിവിധ ഉപകമ്പനികളുടെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് സിറസിനെ നീക്കുന്നതിന്റെ ഭാഗമായാണ് അസാധാരണ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്തത്. യോഗം ഐകകണ്‌ഠ്യേനയാണ് സിറസിനെ നീക്കാന്‍ തീരുമാനിച്ചതെന്നും ആരും എതിര്‍ത്തില്ലെന്നും ടാറ്റാ സണ്‍സ് വക്താവ് പറഞ്ഞു. സിറസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ടാറ്റാ സണ്‍സിനു തന്നെയാണ് ടാറ്റാ ഇന്‍ഡസ്ട്രീസില്‍ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം.

ടാറ്റാ സണ്‍സ് ഉപകമ്പനികളായ ടാറ്റാ മോട്ടോഴ്‌സ്, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍ എന്നിവക്കും കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. പുതിയ ബിസിനസ് സംരഭങ്ങളിലേക്കുള്ള ടാറ്റാ സണ്‍സിന്റെ പ്രവേശനം പ്രോത്സാഹിപ്പിക്കുകയും കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി ഓപ്പറേറ്റിങ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നതുമാണ് ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ പ്രധാന ബിസിനസ് മേഖല. പ്രമുഖ വ്യവസായികളായ കെ.ആര്‍.എസ് ജംവാല്‍, ആര്‍ ബിംഗേ, ഇറീന വിറ്റല്‍, ആശിഷ് ധവാന്‍, എന്‍ ശ്രീനാഥ്, എഫ്.എന്‍ സുബേദാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ടാറ്റാ ഇന്‍ഡസ്ട്രീസ് ഓഹരി ഉടമകളുടെ ലിസ്റ്റ്. ടാറ്റാ സണ്‍സിലെ മറ്റ് ഉപകമ്പനികളും ഈ മാസം അവസാനത്തോടെ സിറസിനെ പുറത്താക്കുന്നതിനായി അസാധാരണ ജനറല്‍ ബോഡി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട