സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ധനകാര്യ സ്ഥാപന ഉടമ കിശോര്‍ ബാജിയ വാലയില്‍ നിന്നും 400 കോടിയുടെ അനധികൃത സമ്പാദ്യം പിടികൂടി. സ്വര്‍ണവും, പണവും ഭൂമിയും ഉള്‍പ്പെടെയുള്ള അനധികൃത സമ്പാദ്യമാണ് പിടികൂടിയത്. രാജ്യവ്യാപകമായി കള്ളപ്പണ വേട്ട തുടരുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്നും വീണ്ടും അനധികൃത നിക്ഷേപം കണ്ടെടുത്തത്. നേരത്തെ 13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തി ബിസിനസുകാരന്‍ മഹേഷ് ഷായെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ബാജിയാ വാലയില്‍ നിന്നും വെള്ളിയാഴ്ച 150 കോടി രൂപയുടെ കറന്‍സികള്‍ ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു.

തേയില വ്യാപാരിയില്‍ നിന്നും ധനകാര്യ സ്ഥാപന ഉടമയായ ബാജിയ വാലയില്‍ നിന്നും വ്യാഴാഴ്ച 250 കോടിയുടെ സമ്പാദ്യവും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ രണ്ടു ദിവസമായി തുടരുന്ന പരിശോധനയില്‍ ഇയാളില്‍ നിന്നും കണ്ടെടുത്തത് 400 കോടിയുടെ അനധികൃത സമ്പാദ്യമാണ്. ആദായ നികുതി വകുപ്പിന് ബാജിയ വാലയുടെ കുടുംബം നല്‍കിയ വിവരം അനുസരിച്ച് ഇവരുടെ വാര്‍ഷിക വരുമാനം 1.5 കോടി രൂപ മാത്രമാണ്. എന്നാല്‍ ഇവരുടെ മാസ വരുമാനം 7.5 കോടിയുമാണ്. ഇതില്‍ 4.5 കോടി രൂപ ധനകാര്യ സ്ഥാപനത്തില്‍ പണം കടം കൊടുത്ത വകയില്‍ കിട്ടുന്ന പലിശ മാത്രമാണ്. മൂന്ന് കോടി രൂപ വിവിധ പ്രോപര്‍ട്ടികള്‍ വാടകയ്ക്കു നല്‍കിയ വകയില്‍ മാസം ലഭിക്കുന്ന വാടകയും.

റെയ്ഡിനെ തുടര്‍ന്ന് ബാജിയ വാലയുടെ എട്ട് ബാങ്ക് ലോക്കറുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം ശൂന്യമാണ്. അഞ്ചെണ്ണത്തില്‍ അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണം, വെള്ളി എന്നിവ ഉള്‍പ്പെടെ 1.33 കോടിയുടെ വസ്തുവകകളും കണ്ടെത്തിയിട്ടുണ്ട്. കിശോര്‍, മക്കളായ ജിഗ്നേഷ്, വിലാസ് എന്നിവര്‍ സൂറത്തിലെ 13 ബില്‍ഡേഴ്‌സിന് പണം നല്‍കിയിരുന്നതായി ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനു പിന്നാലെ 1.5 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിലൂടെയാണ് ആദായ നികുതി വകുപ്പ് ബാജിയ വാലയെ കുറിച്ച് അന്വേഷണം ആ്‌രംഭിച്ചത്. ബി.ജെ.പി നേതാവും സംസ്ഥാന കൃഷി മന്ത്രിയായ പുരുഷോത്തം രൂപാലയും ഒത്തുള്ള ചിത്രങ്ങള്‍ ഇയാളുടെ ഓഫീസില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ സ്വകാര്യ, ദേശസാല്‍കൃത, സഹകരണ ബാങ്കുകളിലേതുള്‍പ്പെടെ 29 ബാങ്ക് അക്കൗണ്ടുകള്‍ ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ബാജിയ വാലയ്ക്ക് പലരുടെ പേരിലും ബിനാമി നിക്ഷേപമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

ഭാര്യയുടെയും മക്കളുടേയും ബാജിയ വാലയുടേതുമടക്കം 16 ലോക്കറുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 1.08 കോടിയുടെ പുതിയ 2000 ത്തിന്റെ നോട്ടുകളും 23 ലക്ഷം രൂപയുടെ അസാധുവാക്കിയ 500,1000 രൂപ നോട്ടുകളും, അഞ്ചു ലക്ഷം രുപയുടെ 5, 10, 20 രൂപ നോട്ടുകളും 2.5 കോടിയുടെ സ്വര്‍ണ, വജ്രാഭരണങ്ങളും, 75 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. മതത്തെ കൂട്ടു പിടിച്ചും ഇയാള്‍ കള്ളപ്പണം വെളുപ്പിച്ചതായും സൂചനയുണ്ട്. ഉദാനയില്‍ ബാജിയവാല ക്ഷേത്രം പണികഴിപ്പിക്കുകയും ഇതിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കള്ളപ്പണം സാമൂഹ്യ ക്ഷേമത്തിനെന്ന പേരില്‍ വെളുപ്പിക്കാനാണെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ മാത്രം മൂന്നു കോടി രൂപ വരും. ബാജിയ വാലയില്‍ നിന്നും 400 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനു പിന്നാലെ ക്ഷേത്ര ട്രസ്റ്റിനെ കുറിച്ചും ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.