ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ നാളെ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ വിധിയില്‍ പിഴവുകളുണ്ടെന്ന മുന്‍ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കട്ജു പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു കട്ജു സൗമ്യവധക്കേസ് വിധിക്കെതിരെ രംഗത്തുവന്നത്. പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ നടപടി തെറ്റാണെന്നായിരുന്നു കട്ജുവിന്റെ പ്രതികരണം. വിധി പ്രസ്താവത്തില്‍ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. വിധി പുനഃപരിശോധിക്കുന്നതില്‍ മടി കാണിക്കാന്‍ പാടില്ല. തെറ്റുണ്ടെങ്കില്‍ പുനഃപരിശോധിച്ച ശേഷം തിരുത്താന്‍ തയാറാവണം. തെറ്റു പറ്റിയാല്‍ ജഡ്ജിമാര്‍ തിരുത്താന്‍ തയാറാവാത്തതാണ് വിധി പ്രസ്താവങ്ങളിലെ വീഴ്ചകള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.