Connect with us

Video Stories

ഐക്യ കേരളത്തിന് 60

Published

on

പിണറായി വിജയന്‍ (കേരള മുഖ്യമന്ത്രി)

ഐക്യകേരള പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് നാം. തിരു-കൊച്ചി-മലബാര്‍ എന്നിങ്ങനെ ഭരണപരമായി മൂന്നായി വിഘടിച്ചു കിടന്നിരുന്ന പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഒരുമിപ്പിച്ച് കേരളമുണ്ടാക്കിയെടുക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കേണ്ട ഘട്ടമാണിത്. ഒപ്പം, അവര്‍ വിഭാവനം ചെയ്ത വിധത്തിലുള്ള കേരളം രൂപപ്പെട്ടുവോ എന്ന് ആത്മപരിശോധന നടത്തേണ്ട തുമുണ്ട്. പ്രദേശങ്ങളുടെ ഒരുമ എന്നതിനപ്പുറം ഭാഷയുടെ, സംസ്‌കാരത്തിന്റെ, സര്‍വോപരി മനസുകളുടെ ഒരുമ കൂടിയാണ് ഐക്യ കേരള സൃഷ്ടിക്കായി പ്രയത്‌നിച്ചവര്‍ ലക്ഷ്യമാക്കിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂര്‍ണമായി ദൂരീകരിക്കപ്പെട്ട കേരളം. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഒറ്റ മനസ്സായി മലയാളി സമൂഹം നിലനില്‍ക്കുന്ന കേരളം. ശാന്തിയുടെ, സമാധാനത്തിന്റെ ഐശ്വര്യത്തിന്റെ കേരളം.

സ്വപ്‌നങ്ങളിലെ ആ കേരളത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിന് അര്‍പ്പണബോധത്തോടെ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആ ദൗത്യം ഏറ്റെടുക്കാന്‍ സമഭാവനയുടെ, സൗഹാര്‍ദത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷത്തില്‍ സമഗ്രമായ കേരള വികസനം സാധ്യമാക്കാന്‍, മറ്റെന്തിലുമുപരി മനുഷ്യത്വമുയര്‍ത്തിപ്പിടിക്കുന്ന മലയാളികളുടെ സാംസ്‌കാരികമായ ഉല്‍ക്കര്‍ഷം ശക്തിപ്പെടുത്താന്‍ സ്വയം പുനരര്‍പ്പിക്കാം. ഭാഷയെയും സംസ്‌കാരത്തെയും പരിരക്ഷിച്ചു ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തെ ശക്തിപ്പെടുത്താം.

ഒരേ ഭാഷ സംസാരിക്കുമ്പോഴും ഒരേ സാംസ്‌കാരിക പൈതൃകം പങ്കിടുമ്പോഴും മൂന്നായി വിഘടിച്ചു കിടക്കേണ്ടിവന്ന ജനതയായിരുന്നു ഇവിടെ 1956 വരെ ഉണ്ടായിരുന്നത്. കൊച്ചിയും തിരുവിതാംകൂറും രാജഭരണത്തില്‍, മലബാര്‍ മദിരാശിയുടെ ഭാഗം. ഇങ്ങനെയിരിക്കെ ഐക്യ കേരളത്തിനുള്ള തുടക്കമായത് 1949ലുണ്ടായ തിരു-കൊച്ചി സംയോജനമാണ്. മദിരാശി ‘എ’ സ്റ്റേറ്റും തിരു-കൊച്ചി ‘ബി’ സ്റ്റേറ്റുമായിരുന്നു. ‘ബി’ നിലവാരത്തിലുള്ള സ്റ്റേറ്റിനോട് എ നിലവാരമുള്ള സ്റ്റേറ്റിനെ യോജിപ്പിക്കുന്നതെങ്ങനെ? ഈ ചോദ്യം ഇടക്കുയര്‍ന്നു. ഇത്തരം ചോദ്യങ്ങളെയൊക്കെ മറികടന്ന് ഐക്യകേരളം സൃഷ്ടിച്ചതിനുപിന്നില്‍ എത്രയോ പേരുടെ മഹത്തായ ത്യാഗവും അര്‍പ്പണബോധത്തോടെയുള്ള കര്‍മ്മവുമുണ്ട്.

ഒരു നാടിന്റെ വികസനമോ പരിവര്‍ത്തനമോ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് സംഭവിക്കുന്നതല്ല. അതിനു പിന്നില്‍ നിരവധി പ്രക്രിയകളുണ്ട്. അതിലേറ്റവും പ്രധാനമാണ് വിഷയാധിഷ്ഠിത സംവാദങ്ങള്‍. ജനാധിപത്യത്തിന്റെ ശക്തിതന്നെ ഇത്തരം സംവാദങ്ങളാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വികസനത്തെക്കുറിച്ചുള്ള മൗലിക കാഴ്ചപ്പാടും, അതു പിന്‍പറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും. വികസനം എന്ന പദം ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. എല്ലാവരും പറയുന്നത് വികസനത്തെക്കുറിച്ചാണ്. ആഗോളീകരണത്തിന്റെ വക്താക്കളും സാമൂഹ്യസുരക്ഷാ പദ്ധതികളോട് മുഖംതിരിഞ്ഞു നില്‍ക്കുന്നവരുമൊക്കെ വികസനത്തെക്കുറിച്ചു പറയുന്നു. അതുകൊണ്ടുതന്നെ വാക്കിലെ വികസനമല്ല, പ്രവൃത്തിയിലെ വികസനമാണ് അളവുകോലാകേണ്ടത്.

വികസന സങ്കല്‍പം പൂര്‍ണ്ണതയിലെത്തിക്കാന്‍ നമുക്കായിട്ടില്ല. അതിനു നിരവധി കാരണങ്ങളുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, മിനിമം കൂലി, ജന്മിത്വമവസാനിപ്പിക്കാനുള്ള നടപടികള്‍, ന്യൂനപക്ഷാവകാശ സംരക്ഷണം തുടങ്ങിയവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി. അധികാര വികേന്ദ്രീകരണം ത്വരിതമാക്കല്‍, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണം തുടങ്ങിയവ ശക്തമാക്കുന്ന നടപടികളാണുണ്ടായത്. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണവും കാര്‍ഷിക പരിഷ്‌കരണ പരിപാടികളും ശ്രദ്ധേയമായ നടപടികളായി.

ഭക്ഷ്യമേഖലയിലെ ഇടപെടലുകള്‍, പൊതുവിതരണം ശക്തിപ്പെടുത്തല്‍, സാക്ഷരതാ പ്രസ്ഥാനം ശക്തിപ്പെടുത്തല്‍, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവത്കരണം, വിദ്യാഭ്യാസനീതി ഉറപ്പാക്കല്‍, വീടുവെക്കാന്‍ ഭൂമി കൊടുക്കല്‍, ജാതി വ്യവസ്ഥയുടെ നുകത്തില്‍നിന്നു സമൂഹത്തെ മോചിപ്പിക്കല്‍ തുടങ്ങിയവക്കു പ്രാധാന്യം നല്‍കി. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയവയിലൂടെ കേരളം ലോകത്തിനു മുമ്പില്‍ മാതൃകയായി ഉയര്‍ന്നുനിന്നു. പിന്നീടിങ്ങോട്ട് ഐടി സാധ്യതകള്‍, ബയോടെക്‌നോളജി സാധ്യതകള്‍, ടൂറിസം സാധ്യതകള്‍ എന്നിവ പുതിയ കാലത്തിനനുസരിച്ച് പ്രയോജനപ്പെടുത്താനുള്ള പരിപാടികളുമായി മുമ്പോട്ടുപോയി.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതില്‍നിന്നും കേരളത്തെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നാം അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. മാതൃ-ശിശു മരണനിരക്ക് കുറവും ആയുര്‍ ദൈര്‍ഘ്യം കൂടുതലുമുള്ള നാട് എന്നിങ്ങനെ ലോക രാഷ്ട്രങ്ങള്‍ക്ക് പോലും മാതൃകയായിട്ടുള്ള പല സൂചികകളും ഇവിടെയുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം നവ കേരളത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത്. ഈ നേട്ടങ്ങളിലഭിമാനിച്ചുകൊണ്ടിരുന്നാല്‍ മാത്രം പോര; നാം ജീവിക്കുന്നത് ഒരു പുതിയ മിലീനിയത്തിലാണ്. ഈ സഹസ്രാബ്ദ ഘട്ടം ശാസ്ത്ര-സാങ്കേതിക വിജ്ഞാന വിപ്ലവത്തിന്റേതാണ്. അതിന്റെ വെളിച്ചമാകെ നമുക്ക് പകര്‍ത്തിയെടുക്കാന്‍ കഴിയണം. അതിനുതകുന്ന ഒരു വികസന പരിപ്രേക്ഷ്യം തയ്യാറാക്കാന്‍ പുതിയ മിലീനിയത്തിന്റെ ഒന്നരപ്പതിറ്റാണ്ടു പിന്നിട്ടിട്ടും രാജ്യത്തിനു സാധിച്ചിട്ടില്ല. പുതിയ കാലഘട്ടത്തിനുതകുന്ന ഒരു ബ്ലൂപ്രിന്റുണ്ടാക്കി അതു നടപ്പാക്കാനുള്ള സമയബന്ധിത കര്‍മപദ്ധതി പല ലോക രാജ്യങ്ങളും ആവിഷ്‌കരിച്ചു. നാം ആവിഷ്‌കരിച്ചിട്ടില്ല. ഈ അവസ്ഥ മാറണം. പരമ്പരാഗത ചിന്താരീതികള്‍ക്കപ്പുറത്തേക്കു പോയി വിപ്ലവാത്മകമായി ഉയര്‍ന്നുചിന്തിക്കാന്‍ കഴിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending