തിങ്കളാഴ്ച്ച നടത്താനിരുന്ന പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി കര്‍ഷക സംഘടനകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ കര്‍ഷക സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനമെടുത്തു.

വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിക്കാന്‍ തയ്യാറാകവെയാണ് കര്‍ഷക സംഘടനകള്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. അതോടൊപ്പം ഡല്‍ഹി അതിര്‍ത്തിയില്‍ സമരങ്ങളുമായി തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷകര്‍ ഉന്നയിച്ച ആറ് കാര്യങ്ങളില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതെന്നും മറ്റുള്ള ആവശ്യങ്ങളിലും തീരുമാനമുണ്ടാകണമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

ഡിസംബര്‍ നാല് വരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമോ എന്ന് കാത്തിരിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചത്.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നിലെങ്കില്‍ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ ധാരണ.