ലക്‌നോ: ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 100 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബഹുജന്‍ സമാജ്് വാദി പാര്‍ട്ടി(ബി.എസ്.പി) പ്രഖ്യാപിച്ചു. 100ല്‍ 36 സീറ്റുകളില്‍ മുസ്്‌ലിംകളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്.

സമാജ്്‌വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് പരമാവധി മുതലെടുക്കുക എന്ന ലക്ഷ്യത്തെടെയാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 403 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറായതായി പാര്‍ട്ടി അധ്യക്ഷ മായാവതി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 20 ജില്ലകളിലായി 100 പേരുടെ ലിസ്റ്റ് പുറത്തുവിട്ടത്. ശേഷിച്ച സ്ഥാനാര്‍ത്ഥികളേയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബി.എസ്.പി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ടു വരെ ഏഴു ഘട്ടങ്ങളായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജനസംഖ്യയുടെ 21 ശതമാനം വരുന്ന ദിളതര്‍ക്കും 19 ശതമാനം വരുന്ന മുസ്്‌ലിംകള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കിയാണ് സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതു പ്രകാരം 87 സീറ്റില്‍ ദളിതരേയും 97 സീറ്റില്‍ മുസ്്‌ലിംകളേയും 106 സീറ്റില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളേയും 113 സീറ്റില്‍ ഉയര്‍ന്ന വര്‍ഗക്കാരേയുമാണ് പരിഗണിച്ചിരിക്കുന്നത്. ദീര്‍ഘമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്നും ഇതില്‍ ഇനി മാറ്റം വരുത്തില്ലെന്നും മായാവതി വ്യക്തമാക്കി.

സമാജ് വാദി പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ എസ്.പി ക്യാമ്പ് വിട്ടുവരുന്ന മുസ്്‌ലിം, യാദവ വോട്ടുകള്‍ ആകര്‍ഷിക്കാനായി ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഡല്‍ഹി ജുമാമസ്ജിദിലെ ഷാഹി ഇമാം സഈദ് അഹമ്മദ് ബുഹാരി, ലക്‌നോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഉലൂം നദ്്‌വതുല്‍ ഉലമ നേതാവ് മൗലാനാ സല്‍മാന്‍ നദ്്‌വി എന്നിവരും മായാവതിക്ക് പരോക്ഷ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.