യുഎസിന്റെ ഇറക്കുമതി തീരുവക്ക് തിരിച്ചടി നല്‍കി കാനഡ. കാനഡ-യുഎസ്-മെക്‌സിക്കോ കരാര്‍ പാലിക്കാത്ത സാഹചര്യത്തില്‍ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ 25 ശതമാനം നികുതി ഈടാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.
”രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതല്‍ കാനഡ ആശ്രയിച്ചിരുന്ന അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഇവിടെ അവസാനിച്ചു. 80 വര്‍ഷത്തോളം ആഗോള സാമ്പത്തിക ശക്തിയായിരുന്ന യുഎസിന്റെ നേതൃപദവിയും ഇതോടെ അവസാനിക്കുകയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ ബാധിക്കുമെന്നത് കൊണ്ട് തന്നെ അമേരിക്ക തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകണമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അനാവശ്യമായൊരു പ്രതീക്ഷ നല്‍കാന്‍ ഞാന്‍ തയാറല്ല. കഴിഞ്ഞ ദിവസം ട്രംപ് ഭരണകുടം ഏര്‍പ്പെടുത്തിയ അധിക തീരുവ ആഗോള സാമ്പത്തിക രംഗത്തെ സാരമായി ബാധിക്കും’, മാര്‍ക്ക് കാര്‍ണി പറഞ്ഞു.
അതേസമയം ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോണ്‍സ് സൂചിക 1200 പോയിന്റും നാസ്ഡാക്. എസ് ആന്‍ഡ് പി 500 സൂചികകള്‍ക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്.
കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവയും, ഇന്ത്യക്ക് 26 ശതമാനവും ചൈനക്ക് 34 ശതമാനവും അടക്കം വിവിധ രാജ്യങ്ങള്‍ക്ക് അധിക തീരുവയും ഏര്‍പ്പെടുത്തിയിരുന്നു.