നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ പ്രതിഷേധിച്ച് യുവാക്കള്‍ നടത്തിയ കലാപത്തില്‍ 16 മരണം. പരിക്കേറ്റവരുടെ എണ്ണം 100 കവിഞ്ഞു. സുരക്ഷാസേനയുമായി സംഘര്‍ഷമുണ്ടായതാണ് മരണത്തിന് കാരണം. തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പ്രതിഷേധം ശക്തമാണ്. നിരോധനാജ്ഞ ലംഘിച്ച പ്രതിഷേധക്കാര്‍ പാര്‍ലമെന്റില്‍ പ്രവേശനം നിയന്ത്രിച്ചിടത്തേക്ക് ഇടിച്ചുകയറി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതായി റിപ്പോര്‍ട്ട്.
സംഘര്‍ഷം വ്യാപിക്കുന്നതിനാല്‍ ജില്ലാ ഭരണകൂടം കൂടുതല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ ബനേശ്വര്‍ മേഖലയില്‍ മാത്രമായിരുന്നു നിരോധനാജ്ഞ. അതീവ സുരക്ഷാ മേഖലകളായ പ്രസിഡന്റിന്റെ വസതി (ശീതള്‍ നിവാസ്), വൈസ് പ്രസിഡന്റിന്റെ വസതി, മഹാരാജ്ഗഞ്ച്, സിംഘ ദര്‍ബാര്‍, ബലുവതാര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. പ്രാദേശിക സമയം രാത്രി പത്തുമണിവരെ ഇവിടങ്ങളില്‍ കൂട്ടംചേരാനോ പ്രതിഷേധം സംഘടിപ്പിക്കാനോ അനുവാദമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.