Connect with us

india

‘വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന് വെടിയേറ്റത്, ആദിലിന്റെ രക്തസാക്ഷിത്വത്തില്‍ തനിക്ക് അഭിമാനമുണ്ട്’; പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിന്‍റെ മാതാപിതാക്കൾ

Published

on

ശ്രീനഗര്‍: പഹൽഗാമിലെ ആക്രമണം പ്രദേശവാസികളുടെ ജീവിതത്തെ കൂടി തകര്‍ത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രക്ഷാപ്രവര്‍ത്തകരായ കശ്മീരികൾക്കും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. സംഭവസ്ഥലത്ത് നിന്നും സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കുതിരസവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെടുന്നത്. ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

മൂത്ത മകനും കുടുംബത്തിലെ ഏക അത്താണിയുമായിരുന്നു ആദിൽ. മകന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലും ഹൈദറിനെ താങ്ങിനിര്‍ത്തുന്നത് ആദിലിന്‍റെ നിസ്വാര്‍ഥമാണ് ധൈര്യമാണ്. ”ആദിലിനെയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. ആ അഭിമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്‍റെ മകന്‍റെ നിര്‍ജീവമായ ശരീരം കണ്ട നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു” ഹൈദര്‍ ഷാ എഎൻഐയോട് പറഞ്ഞു. ആദിലിന്‍റെ അവസാന ദിവസവും മറ്റേതൊരു ദിവസവും പോലെയായിരുന്നു. പഹൽഗാമിലെ പുൽമേടുകളിലേക്ക് വിനോദസഞ്ചാരികൾക്കായി കുതിരപ്പുറത്ത് കയറി ജോലിക്ക് പോകാൻ അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രദേശത്ത് ഒരു ആക്രമണം നടക്കുന്നുണ്ടെന്ന വാർത്ത കുടുംബത്തിന് ലഭിച്ചു. ഉടൻ തന്നെ ആദിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ചെറിയൊരു റിങ് കേട്ടെങ്കിലും പിന്നീട് യുവാവിന്‍റെ ഫോൺ നിശ്ശബ്ദമായി.

ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും ഓടി. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ ശ്രമിക്കുന്നതിനിടയിലും ആദിലിന് നിരവധി തവണ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. “വൈകിട്ട് 6 മണിയോടെ എന്‍റെ മകനും കസിനും ആശുപത്രിയിലാണെന്ന് ഞങ്ങൾ അറിഞ്ഞു. അവനെ അന്വേഷിച്ചു പോയ ആളുകളാണ് സംഭവത്തെക്കുറിച്ച് എന്നെ അറിയിച്ചത്,” ഹൈദർ ഓർമിച്ചു. “ചിലർ രക്ഷപ്പെട്ടത് അവൻ കാരണമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വീടിന്‍റെ നെടുംതൂണായിരുന്നു ആദിലെന്ന് മാതാവ് പറഞ്ഞു. “അവന് ഒരു ദിവസം 300 രൂപ വരെ സമ്പാദിച്ചിരുന്നു. വൈകിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?” അവര്‍ ഭയവും ഉത്കണ്ഠയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ”വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? അവരും നമ്മുടെ സഹോദരങ്ങളായിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു. ആദിലിന്‍റെ വിയോഗം കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞു. സംഭവദിവസം നേരത്തെ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് ആദിൽ ജോലിക്ക് പോയത്. എന്നാൽ പ്രിയപ്പെട്ടവന്‍റെ നിര്‍ജീവമായ ശരീരമാണ് കുടുംബത്തെ കാത്തിരുന്നത്. സുഖമില്ലെന്നും ഒരു ദിവസം അവധിയെടുക്കണമെന്നും ആദിൽ പറഞ്ഞിരുന്നു. പക്ഷെ ഭീകരവാദികളുടെ വെടിയേറ്റ് ആ ചെറുപ്പക്കാരന്‍റെ ജീവിതം കശ്മീര്‍ താഴ്വരയിൽ പൊലിഞ്ഞു. മൂന്ന് വെടിയുണ്ടകൾ അയാളുടെ നെഞ്ചിലും ഒന്ന് തൊണ്ടയിലും തുളച്ചുകയറി.

ആദിലിനെ വീരനായകനായിട്ടാണ് കശ്മീരികൾ കരുതുന്നത്. കുടുംബത്തെ സന്ദര്‍ശിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ പുകഴ്ത്തി. ഭീകരവാദികളുടെ തോക്ക് തട്ടിയെടുത്ത് ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടിയേറ്റതെന്ന് ഒമര്‍ പറഞ്ഞു. ആദിലിന്‍റെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

india

ഇന്ത്യയുടെ റഫാല്‍ തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ: ചൈനയുടെ എ.ഐ പ്രചാരണം, അമേരിക്കയുടെ റിപ്പോര്‍ട്ട്

ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.

അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.

ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.

 

Continue Reading

india

ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം

പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.

Published

on

ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.

എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.

ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

Continue Reading

india

നിയമസഭ പാസാക്കിയ ബില്ലുകളുടെ വിധിയില്‍ സമയപരിധി: പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്; ഇന്ന് സുപ്രീം കോടതിയുടെ മറുപടി

ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്.

Published

on

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധിയെ കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതി ഇന്ന് തന്റെ നിലപാട് അറിയിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143(1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു 14 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഫറന്‍സ് സുപ്രീം കോടതിക്ക് അയച്ചിരിക്കുന്നത്.

രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയപരിധി കോടതി നിര്‍ണ്ണയിക്കാമോ?, ഭരണഘടനയില്‍ ഇതിനായി വ്യക്തമായ വ്യവസ്ഥകളുണ്ടോ? എന്നതാണ് ഇതിലെ പ്രധാനമായ ചോദ്യങ്ങള്‍. കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ രാഷ്ട്രപതിയുടെ റഫറന്‍സിനെ ചോദ്യം ചെയ്ത് വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളിലെ തീരുമാനങ്ങള്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, നിലവിലെ ആശയക്കുഴപ്പം നീക്കുന്നതിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഇന്നത്തെ സുപ്രീം കോടതി അഭിപ്രായം രാജ്യത്തെ നിയമനിര്‍മ്മാണ പ്രക്രിയയും കേന്ദ്ര-സംസ്ഥാന ബന്ധവും നേരിട്ട് സ്വാധീനിക്കുന്നതായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Continue Reading

Trending