ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കാഴ്ചയായിരുന്നു 2011 ലോകകപ്പില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍വച്ച് ധോനിയുടെ ബാറ്റില്‍ നിന്നും ഉയര്‍ന്ന ആ സിക്സര്‍ ബോള്‍. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഫൈനലില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്നുയര്‍ന്ന ആ പന്ത് പതിച്ചത് എംസിഎ പവലിയനില്‍ ഒരു ഇരുപ്പിടത്തിലേക്കായിരുന്നു. ശ്രീലങ്കന്‍ ബൗളര്‍ നുവാന്‍ കുലശേഖരയുടെ പന്തിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി സിക്സറിന് പറത്തിയാണ് ടീമിന്റെ വിജയം ഉറപ്പിച്ചതും. വര്‍ഷങ്ങള്‍ക്കൊടുവില്‍ 2020 ആഗസ്ത് 15 ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ പന്ത് പതിച്ച സീറ്റ് ധോനിയ്ക്കായി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയരുന്നത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക് ആണ് ആ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്‍കിയ സംഭാവനകള്‍ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്‍പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2011 ലോകകപ്പ് വിജയത്തിലേക്ക് ധോണി പായിച്ച ആ സിക്സ് പതിച്ച സ്ഥലവും സീറ്റും കണ്ടെത്താന്‍ കഴിയും അദ്ദേഹം പറഞ്ഞു.

16 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ക്യാപ്റ്റന്‍ കൂളിന്റെ തീരുമാനത്തിന് രണ്ട് ദിനങ്ങള്‍ക്കുശേഷമാണ് നായിക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഇതോടെ ധോനി ആരാധകരും അതേ ആവശ്യമുയര്‍ത്തിയും സിക്‌സര്‍ വീണ സീറ്റിന്റെ ചിത്രം പങ്കുവെച്ചും സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

ആസ്‌ത്രേലിയ അടക്കം മറ്റു രാജ്യങ്ങളില്‍ ഇത്തരത്തില്‍ താരങ്ങള്‍ക്കായി സീറ്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു താരത്തിന്റെ പേരില്‍ ഒരു സീറ്റെന്ന് ആവശ്യമുയരുന്നത്. 1993-ല്‍ സൈമണ്‍ ഓഡോണല്ലിന്റെ 122 മീറ്റര്‍ നീളമുള്ള സിക്സിനെ ഓര്‍മ്മിക്കുന്നതിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിലെ ഒരു സീറ്റ് മഞ്ഞ നിറം അടിച്ചിരുന്നു. വിക്ടോറിയ്ക്കുവേണ്ടി ന്യൂ സൗത്ത് വെയില്‍സിനെതിരെയാണ് സൈമണ്‍ ആ സിക്സ് പറത്തിയത്. 2018-ല്‍ ബ്രാഡ് ഹോഗ് തന്റെ വിട വാങ്ങല്‍ മത്സരത്തില്‍ അടിച്ച 96 മീറ്റര്‍ നീളമുള്ള സിക്സും മെല്‍ബണിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ മൂന്നാം നിരയില്‍ ചുവപ്പു പൂശിയ സീറ്റിനാല്‍ ഓര്‍മ്മിക്കപ്പെടുന്നു.

ചരിത്രത്തിലാദ്യമായി 2015-ല്‍ ന്യൂസിലാന്‍ഡിനെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച സിക്സിനെ ആദരിച്ച ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലെ ഒരു സീറ്റ് മുന്‍ ഓള്‍ റൗണ്ടറായ ഗ്രാന്‍ഡ് എല്ലിയട്ടിന്റെ പേരില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്നിനെ സിക്സ് അടിച്ചാണ് എലിയട്ട് ടീമിനെ ഫൈനലില്‍ എത്തിച്ചത്. സമാനമായ നീക്കത്തിനാണ് ആരാധകര്‍ ഇപ്പോള്‍ ധോനിയുടെ കാര്യത്തില്‍ മുന്നോട്ടു വരുന്നത്.