ലഖ്‌നൗ: പ്രാണവായു ലഭിക്കാതെ ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടശിശുമരണം. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ് നവജാതശിശുക്കള്‍ മരിച്ചത്. നേരത്തെ ഗൊരഖ്പുര്‍ ബിആര്‍ഡി ആശുപത്രിയില്‍ 63 കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ആഘാതം അടങ്ങും മുന്‍പേയാണ് കുട്ടികളുടെ കൂട്ടമരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മരുന്നുകളുടേയും ഓക്സിജന്‍ സിലിന്‍ഡറുകളുടേയും അഭാവത്തെ തുടര്‍ന്നാണ് കൂട്ടമരണമുണ്ടായതെന്ന ആരോപണത്തെതുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

നവജാതശിശുക്കളുടെ തൂക്കക്കുറവും, ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതുമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിലെ നവജാതശിശുക്കളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (എസ്എന്‍സിയു) 30 കുട്ടികള്‍ മരിച്ചു. മറ്റു 19 പേര്‍ പ്രസവത്തോടെയോ പ്രസവിച്ചയുടനെയോ ആണ് മരിച്ചത്. അമ്മമാരുടെ അറിവില്ലായ്മയും കുട്ടികളുടെ മരണത്തിനു പിന്നിലുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതാണെങ്കിലും തീരുമാനമെടുക്കാതെ കുടുംബാംഗങ്ങള്‍ അതു വൈകിപ്പിക്കാറുണ്ട്. പലപ്പോഴും അതീവ ഗുരുതാവസ്ഥയിലായ ശേഷമേ കുട്ടികളെ ആശുപത്രിയിലെത്തിക്കാറുള്ളെന്നുമാണ് ഇവരുടെ വിശദീകരണം.

എന്നാല്‍ ഓക്സിജന്‍ സിലിന്‍ഡറുകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ആശുപത്രിയിലേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 19 തവണ ജില്ലാ കളക്ടര്‍ ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.