india

ആന്ധ്രാപ്രദേശില്‍ ക്ഷേത്രത്തിലെ മതില്‍ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

By webdesk18

April 30, 2025

ആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ ഇടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ ചന്ദനോത്സവത്തിനിടെയാണ് അപകടം നടന്നത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള 20 അടി നീളമുള്ള മതില്‍ ഭക്തര്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.

ക്ഷേത്രത്തില്‍ 20 ദിവസം മുമ്പ് പുതുതായി നിര്‍മിച്ച മതിലാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പലരും തകര്‍ന്നുവീണ മതിലിനടിയിലായിരുന്നു. പരിക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കും ഇടയില്‍ സ്ഥലത്ത് പേമാരിയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നതായി എന്‍ഡോവ്മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനയ് ചാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കനത്ത കാറ്റില്‍ ക്ഷേത്ര പരിസരത്തുണ്ടായ പന്തലുകള്‍ വീണു, ഇതിന് പുറമെ ശക്തമായി വെള്ളം ഒലിച്ചെത്തിയതും അപകടത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയും ദുരന്തനിവാരണ മന്ത്രിയുമായ അനിത വംഗലപുടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.