columns
ഓര്‍മകളുടെ തേരേറി വന്നൊരു ജനനായകന് മടങ്ങിപ്പോകുമ്പോള്‍… – ഡോ. എം.പി. അബ്ദുസ്സമദ് സമദാനി
ഹൈദരലി ശിഹാബ് തങ്ങളെപ്പോലുള്ള മഹാമനുഷ്യന്റെ വേര്‍പാടിലും ആശ്വാസം വിശുദ്ധ ഖുര്‍ആന്‍ ഉദ്ഘോഷിച്ച ഈ ശാശ്വതസത്യം മാത്രം.. ‘ഭൂമുഖത്തുള്ള എല്ലാവരും നശിച്ചു പോകുന്നതാണ്; മഹത്വവും ഉദാരതയുമുള്ള നിന്റെ രക്ഷകന്റെ മുഖം മാത്രമാണ് അവശേഷിക്കുക’.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞുപോയി ദിവസങ്ങള്‍ കടന്നു പോകുംതോറും ആ ഓര്‍മകള്‍ കൂടുതല്‍ സജീവവും സങ്കടകരവുമായിത്തീരുകയാണ്. മഹത്തായ ആ സാത്വികസാന്നിദ്ധ്യത്തിന്റെ സ്മരണകള്‍ക്ക് പോലും നിഷ്കളങ്കമായൊരു ചാരുതയുണ്ട്. പക്ഷേ ഇപ്പോള്‍ അതിലെ ഓരോ രംഗങ്ങളിലും ദു:ഖത്തിന്റെ നിഴല്‍ വീണുകഴിഞ്ഞു. സദാ പുഞ്ചിരി തൂകിനില്‍ക്കുന്ന ആ മുഖമാണ് മനസ്സില്‍ നിറയെ. എപ്പോള്‍, എവിടെ വച്ച് കണ്ടാലും ആ പുഞ്ചിരി വിടര്‍ന്നു. നര്‍മത്തിന്റെ ഒരവസരവും പാഴാക്കുമായിരുന്നില്ല. മഹാന്മാരുടെ ലക്ഷണങ്ങളില്‍ പെട്ടതാണ് മിതമായ നര്‍മം എന്ന യാഥാര്‍ത്ഥ്യത്തെ തങ്ങളുടെ പെരുമാറ്റം എപ്പോഴും അനുസ്മരിപ്പിച്ചു. ചിലപ്പോള്‍ തങ്ങള്‍ ഒന്നും പറയാതെത്തന്നെ മുഖത്തെ പ്രത്യേക ഭാവം കൊണ്ടും നര്‍മം പ്രകടമായി. ഇടക്കണ്ണിട്ട് നോക്കുന്നതും ചുണ്ടുകള്‍ ചെരിച്ച് പുഞ്ചിരിക്കുന്നതും കാണുമ്പോള്‍ തന്നെ നമുക്ക് ചിരി വരുമായിരുന്നു. പറഞ്ഞ തമാശകളേക്കാള്‍ ഒളിപ്പിച്ചുവച്ച തമാശകള്‍ കൂടുതല്‍ രസകരമായി തോന്നിയേക്കും. അത്തരം ഫലിതങ്ങള്‍ ഓര്‍ത്ത് ഇപ്പോള്‍ സങ്കടത്തിനിടയിലും ചിരിവരുന്നു.
പ്രിയപ്പെട്ട തങ്ങളുടെ ചില നര്മങ്ങള് കേട്ട് വല്ലാതെ ചിരിച്ചു കുഴഞ്ഞുപോയിട്ടുണ്ട്. വളരെ ‘സീരിയസായ’ നര്മങ്ങള്ക്കും സാക്ഷിയായിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന ഒഴിവില്‍ മുസ്ലിം ലീഗിന്റെ / യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി വന്ദ്യരായ തങ്ങള്‍ ഈയുള്ളവന്റെ പേര് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ സമയം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഔപചാരികമായ തുടക്കം യു.ഡി.എഫ് കണ്വെന്ഷനാണല്ലോ. അത് ഉദ്ഘാടനം ചെയ്യാനായി തങ്ങളെത്തന്നെ ലഭിക്കണമെന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിച്ചു. മറ്റു നേതാക്കളെയെല്ലാം തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികള്‍ തന്നെ ക്ഷണിക്കാമെന്നേറ്റു. വന്ദ്യരായ തങ്ങളെ ക്ഷണിക്കാനും തങ്ങളുടെ സൗകര്യംപോലെ കണ്വെന്ഷന് തീയതി കുറിക്കാനുമുള്ള ചുമതല ഭാരവാഹികള്‍ എന്നെ ഏല്‍പ്പിക്കുകയും ഞാനത് സസന്തോഷം ഏറ്റെടുക്കുകയും ചെയ്തു. (അഭിവന്ദ്യനായ തങ്ങളെ ക്ഷണിക്കേണ്ടത് ഞാന്‍ തന്നെയല്ലേ എന്നതിന്റെ സന്തോഷം). അടുത്തദിവസം കാലത്ത് പാണക്കാട്ട് തങ്ങളുടെ വസതിയിലെത്തി ചെന്ന കാര്യം പറഞ്ഞു. ഉടനെ ഉറപ്പിച്ചു പറഞ്ഞു: ‘ഞാന്‍ വരില്ല, എനിക്ക് വേറെ പണിയുണ്ട്.’ ഞാന്‍ ശരിക്കും പതറി. എന്റെ പേര് പ്രഖ്യാപിച്ച വന്ദ്യനായ തങ്ങള്‍ തന്നെയാണോ ഇപ്പറയുന്നത്? ഞാന്‍ പിന്നെയും അപേക്ഷിച്ചു പറഞ്ഞു: ‘തങ്ങളല്ലേ എന്റെ പേര് പ്രഖ്യാപിച്ചത്, തങ്ങള്‍ തന്നെ വന്നിട്ടല്ലേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു തരേണ്ടത്?’ ‘എന്ത് കണ്വെന്ഷന്, ഏത് കണ്വെന്ഷന്’ എന്നൊക്കെയായിരുന്നു മറുപടി. ഞാനാകെ പ്രയാസത്തില്‍ പെട്ട് നില്‍ക്കെ, പെട്ടെന്ന് തങ്ങള്‍ ചിരിച്ചുകൊണ്ട് കസേരയിലേക്ക് ചെരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു: ‘സമദാനിയെ എം.പി ആക്കുന്ന കാര്യമേ ഞാന്‍ ആലോചിച്ചിരുന്നുള്ളൂ. കണ്‍വെന്‍ഷന്റെ കാര്യമൊന്നും ആലോചിച്ചിരുന്നില്ല. ഇലക്ഷന് ജയമല്ലേ വേണ്ടത്, കണ്വെന്ഷന് ജയം മതിയോ?’ സത്യമായും തങ്ങള്‍ എന്നെ നര്‍മ്മം കൊണ്ട് പരീക്ഷിക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസിലായതില്‍ ആശ്വസിക്കുക മാത്രമായിരുന്നില്ല, ആ വലിയ മനസിന്റെ സ്നേഹത്തില്‍ വികാരഭരിതനാകുകകൂടി ചെയ്തുപോയ സന്ദര്‍ഭമായിരുന്നു അത്.
നല്ല സംഭാഷണപ്രിയനായിരുന്നു അഭിവന്ദ്യനായ തങ്ങള്‍. നല്ല സമയത്ത് പറ്റിയ ആളെ കിട്ടിയാല്‍ പ്രത്യേകിച്ചും നന്നായി രസിച്ചു സംസാരിക്കുന്ന പ്രകൃതം. ചിരിച്ചും രസിച്ചുംആ സംഭാഷണം വിവിധ വിഷയങ്ങളിലേക്ക് കടന്നുപോകും. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍, നാട്ടിലെ വിവരങ്ങള്‍, പണ്ടത്തെ വിശേഷങ്ങള്‍…. എല്ലാം സംസാരിക്കും.
പുരോഗമനത്തിന്റെയും പുതിയകാലത്തിന്റെയും ക്രിയാത്മകമായ പ്രവണതകളെയും സാദ്ധ്യതകളെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ഒരു സങ്കോചവും കാണിക്കാത്ത പ്രകൃതമായിരിക്കുമ്പോഴും പഴയ നന്മകളോടും നാടിന്റെ പഴമയോടും എന്തെന്നില്ലാത്ത ഒരുതരം ആഭിമുഖ്യം തങ്ങള്‍ക്കുണ്ടായിരുന്നു. പോയകാലത്തിന്റെ സന്തതികളായി ജീവിച്ചിരിക്കുന്ന പഴയ ആളുകള്‍, ജീവിതത്തിന്റെയും നാട്ടിന്‍പുറത്തിന്റെയും പഴയകാല രീതിവിശേഷങ്ങള്‍, ആഹാരത്തിന്റെയും വസ്ത്രധാരണത്തിന്റെയും കാര്യത്തില്‍ പണ്ടുണ്ടായിരുന്ന പ്രത്യേക ശീലങ്ങള്‍…. അതിനോടൊക്കെ വലിയ താല്പര്യമായിരുന്നു. ഭക്ഷണത്തിലും ഉടുപ്പിലും പഴയ ഇനങ്ങളും രീതികളുമായിരുന്നു കൂടുതല്‍ ഇഷ്ടം. തങ്ങള്‍ മുണ്ടുടുക്കുന്ന രീതി മാത്രം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അശ്രദ്ധമായി ഉടുത്തതാണോ എന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോകുംവിധം ചിലപ്പോള്‍ മുണ്ടിന്റെ കര ഒരു ഭാഗത്ത് അല്പം ഉയര്‍ന്നും മറുഭാഗത്ത് സ്വല്പം താഴ്ന്നുമൊക്കെ കണ്ടെന്നുവരും. പഴയരീതിയില്‍ അങ്ങനെ ഉടുത്തു പോവുകയാണ് തങ്ങള്‍. ശ്രദ്ധയോ അശ്രദ്ധയോ ഒന്നും അതിലില്ല. സ്റ്റൈല്‍ നോക്കുന്ന പതിവാകട്ടെ ഒട്ടുമില്ല. ആഹാരത്തിലാകട്ടെ, പഴയ നാടന്‍ വിഭവങ്ങള്‍ പ്രത്യേക അഭിരുചിയോടെ കഴിക്കുമായിരുന്നു. വന്ദ്യപിതാവ് പൂക്കോയ തങ്ങളെപ്പോലെ മലപ്പുറത്തെ നാടന്‍ പച്ചക്കറി ‘കൂട്ടാനു’കളും ‘മീന്‍ചാറും’ (കറി) ഇഷ്ടപ്പെട്ടു. പുതിയകാലത്തെ ആകര്‍ഷകമായ വിഭവസമൃദ്ധികളേക്കാള് ഇത്തരം ‘ലാളിത്യ’ങ്ങള് കൂടെക്കൊണ്ടുനടന്നു. ആഹാരത്തിന്റെയും വസ്ത്രധാരണത്തിന്റെയും പതിവുശീലങ്ങളില്‍ തെളിഞ്ഞുകണ്ടത് തങ്ങളുടെ ജീവിതലാളിത്യത്തിന്റെ മുദ്രകളായിരുന്നു.
പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മുതിര്‍ന്നവരായ മൂന്ന് മക്കളെയും ആദ്യം ദര്‍സിലേക്കാണ് പറഞ്ഞയച്ചത്. അക്കാലത്തെ പ്രശസ്ത ദര്‍സുകളില്‍ അവര്‍ സ്വന്തം മതപഠനത്തിന് അസ്ഥിവാരമേകി. മൂന്നുപേരുടെ ദര്‍സുകളും തൊട്ടടുത്ത പ്രദേശങ്ങളിലായിരുന്നു എന്നത് യാദൃശ്ചികമാണെങ്കിലും അത് മൂവരുടെയും ഓര്‍മകളില്‍ ആ പ്രദേശങ്ങള്‍ക്ക് സ്ഥായീഭാവം നല്കി. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും യഥാക്രമം രണ്ടത്താണിക്ക് പടിഞ്ഞാറും കിഴക്കുമുള്ള കാനാഞ്ചേരിയിലും അച്ചിപ്ര കല്ലാര്‍ മംഗലത്തും ഹൈദരലി തങ്ങള്‍ അവിടെ നിന്ന് ഒട്ടും അകലമില്ലാത്ത കോന്നല്ലൂരിലുമുള്ള ദര്സുകളിലായിരുന്നു പഠനം നടത്തിയത്.
ഹൈദരലി തങ്ങള്‍ തന്റെ ദര്‍സിന്റെ മഹല്ലായ കോന്നല്ലൂരിനോടും പരിസരപ്രദേശങ്ങളോടും വൈകാരികമായ അടുപ്പം അവസാനം വരെയും കാത്തുസൂക്ഷിച്ചു. ഇടയ്ക്കിടെ അവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ആ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാട്ടിലങ്ങാടി യത്തീംഖാനയോടും തങ്ങള്‍ക്ക് മറ്റു സ്ഥാപനങ്ങളോടില്ലാത്ത പ്രത്യേകവും വ്യക്തിപരവുമായ താല്പര്യം ഉണ്ടായിരുന്നു.
ഓരോ പ്രദേശത്തും മുമ്പുകാലത്ത് വിവിധ മേഖലകളില്‍ സേവനനിരതരായിരുന്ന മുതിര്‍ന്നവരായ പ്രാദേശിക നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും പാണക്കാട്ട് തന്റെ വീട്ടിലും സര്‍വ്വോപരി സ്വന്തം മനസ്സിലും മുന്തിയ പരിഗണനയാണ് ഹൈദരലി തങ്ങള്‍ നല്കിപ്പോന്നത്. അവര്‍ക്ക് രോഗമാണെന്നറിഞ്ഞാല്‍ കാണാനെത്തി. അവരുടെ മരണവേളകള്ക്ക് വലിയ പ്രാധാന്യം കല്പിച്ചു. ഏത് തിരക്കിനിടയിലും കഴിയുന്നത്ര അവരുടെ ജനാസ: നിസ്കാരങ്ങള്‍ക്കും എത്തിച്ചേര്‍ന്നു.
പണ്ഡിതനും വിവിധ പ്രദേശങ്ങളില്‍ ഖാസിയുമായിരുന്ന എന്റെ ഒരമ്മാവനെ തങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഈ അമ്മാവന് കാണാന്‍ നല്ല പേഴ്സണാലിറ്റി ഉള്ള വ്യക്തികൂടിയായിരുന്നു. ഒരിക്കല്‍ ഒരു നികാഹിന്റെ സദസില്‍ വന്ദ്യനായ തങ്ങളോടൊപ്പം ഇരിക്കുകയായിരുന്നു. പൊതുകാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അല്പസമയത്തേക്ക് തങ്ങള്‍ മൗനിയായി കുനിഞ്ഞിരുന്നു. പൊടുന്നനെ മൗനത്തില്‍ നിന്ന് ശിരസുയര്ത്തിക്കൊണ്ട് ഒറ്റ ചോദ്യം: ‘കണ്ടാല്‍ അറബികളെപ്പോലെയുള്ള ആ അമ്മോന്കാക്കാന്റെ കുട്ടികളുടെ വര്‍ത്തമാനമെന്താണ് ?’ പൊതുകാര്യങ്ങളുടെ ചര്‍ച്ചയില്‍നിന്ന് പതിറ്റാണ്ടുകള്‍ പിറകിലേക്ക്, അതും അത്ര വിപുലമായ പ്രസിദ്ധിയൊന്നുമില്ലാത്ത എന്റെ അമ്മാവന്റെ ജീവിതത്തിലേക്കും കാലത്തേക്കും വന്ദ്യനായ തങ്ങള്‍ എന്തു പ്രേരണയാലാണ് സഞ്ചരിച്ചത് എന്നോര്‍ത്ത് അന്ന് ആ ചോദ്യം കേട്ടപ്പോള്‍ തോന്നിയ അതിശയം ഇപ്പോഴും മനസില്‍ അവശേഷിക്കുന്നു.
തേജസ്വിയായ പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ഓരോ സന്താനസൂനത്തിനും ഓരോ നിറവും മണവുമാണ് നിയതി നിര്ണയിച്ചേകിയത്. മഹാനായ പിതാവിന്റെ വ്യത്യസ്ത ഗുണവിശേഷങ്ങള്‍ പ്രിയപ്പെട്ട മക്കളില്‍ ഓരോരുത്തരില്‍ ഓരോ രീതിയില്‍ പ്രതിഫലിച്ചു. ഏറ്റവും മുതിര്‍ന്ന മകന് മുഹമ്മദലി ശിഹാബ് എന്ന കോയമോനില്‍ ബാപ്പയുടെ ഔന്നത്യം, ഗാംഭീര്യം, നേതൃമാഹാത്മ്യം; രണ്ടാമത്തെ മകന് ഉമറലി ശിഹാബ് എന്ന മുത്തുമോനില് നിശ്ചയദാര്‍ഢ്യം, മനോദാര്‍ഢ്യം, സ്ഥൈര്യം; മൂന്നാമത്തെ മകന് ഹൈദരലി ശിഹാബ് എന്ന ആറ്റപ്പൂവില് പൈതൃകത്തിന്റെ ശക്തിപ്രഭാവം, അതിന്റേതായ ആത്മീയഭാവം; നാലാമത്തെ മകനായ സാദിഖലി ശിഹാബ് എന്ന ചെറുഞ്ഞിക്കോയ / സാദിഖ് മോനില്‍ പ്രബുദ്ധത, വിവേകം, വിജ്ഞാനപരത; അഞ്ചാമത്തെ മകന് അബ്ബാസലി ശിഹാബ് എന്ന അബ്ബാസ് മോനില്‍ സൗമ്യത, ആര്‍ദ്രത, ആന്തരികത… എന്നിത്യാദി ഗുണവിശേഷങ്ങള്‍ അധികരിച്ചു പ്രകടമായി.
ഏറ്റവും കൂടുതല്‍ കാലം ബാപ്പയുടെ കൂടെ കിടന്നത് ഞാനാണെന്ന് ഹൈദരലി തങ്ങള്‍ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. വളര്‍ന്നു വലുതായി മുതിര്‍ന്ന മകനായിട്ടും പിതാവിന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നു നിദ്രകൊണ്ട മകനാണ് ബാപ്പയുടെ ആരംബമോന് ആറ്റപ്പൂ. ‘ എന്നാലേ ഉറക്കം ശരിയാവൂ’ എന്നും മകന് ആത്മഗതമായി പറഞ്ഞുവെച്ചിട്ടുണ്ട്. കോഴിക്കോട് എം.എം ഹൈസ്കൂളില്‍ ആറാംതരത്തില്‍ ചേരുന്നത് വരെയും കിടത്തം സ്ഥിരമായി ബാപ്പയുടെ അരികത്ത് തന്നെ. ബാപ്പ പൊതുപരിപാടികളിലേക്കോ മസ്ജിദിലേക്കോ പോകുന്ന സമയങ്ങളില്‍ പിതൃസഹോദരിയായ അമ്മായിയോടൊപ്പം കിടക്കും. ബാപ്പ തിരിച്ചു വന്നകഴിഞ്ഞാല് പിന്നെയും ആ ശരീരത്തിന്റെ ഓരംചേരും. ബാപ്പ പരിപാടികള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി തിരിച്ചെത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുത്തിരുന്നതും ആറ്റ തന്നെ. പൂക്കോയ തങ്ങളുടെ അന്ത്യം വരെയും അത് നിര്‍ച്ചഹിച്ചു പോന്ന ഈ മകന് മുന്നില്‍ സര്‍വ്വശക്തനായ അല്ലാഹു അവന്റെ സ്വര്‍ഗീയ കവാടങ്ങള്‍ തുറന്നേകുമാറാകട്ടെ !
ഈ കുറിപ്പുകള്‍ എഴുതുന്ന വേളയില്‍ നെഞ്ചില്‍ വലിയ താപം അനുഭവപ്പെടുന്നു. വന്ദ്യനായ തങ്ങള്‍ വിടപറഞ്ഞു പോയശേഷം ഇങ്ങനെയൊരു വേദന കഥ രേഖപ്പെടുത്തണമെന്നതും റബ്ബിന്റെ വിധി തന്നെ. എഴുതിത്തീരുമ്പോള് മനസ്സില്‍ പ്രതിധ്വനിക്കുന്നത് ‘ആറ്റേ, ആറ്റപ്പൂ !’ എന്ന് വിളിക്കുന്ന പൂക്കോയ തങ്ങളുടെ വിളിയാണ്. അത് കാതുകൊണ്ട് ഈയുള്ളവന് കേട്ടില്ലെങ്കിലും, മകനിലൂടെ പറഞ്ഞുകേട്ട ആ വിളി ആത്മാവിന്റെ കര്ണ്ണപുടങ്ങളിലൂട ശ്രവിക്കുകയാണ്. ‘കുട്ടി എവിടെ എന്ന് ചോദിച്ചുകൊണ്ട് ആ മെതിയടി ശബ്ദം അടുത്തടുത്തുവരുന്നത് ഉറങ്ങാന്‍ കൂടെ കൂട്ടുന്നതിനുള്ള അറിയിപ്പായിരുന്നു’, മകന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസിലും പൂക്കോയ തങ്ങളും ‘ആറ്റേ, ആറ്റപ്പൂ ‘ എന്ന വിളിയും മെതിയടി ശബ്ദവും വിഷാദനാദമായി മുഴങ്ങിയേക്കും.
ബാപ്പയുടെ ഖബറിന് അഭിമുഖമായി, ഇക്കാക്കയുടെ ഓരം ചേര്‍ന്നാണ് അന്ത്യനിദ്രയിലെ കിടപ്പ്… ആകെക്കൂടി ആലോചിച്ചു നോക്കുമ്പോള്‍ സപ്ത നാഡികളേയും തളര്‍ത്തുന്ന ചിന്തയും കദനവും. ജനനവും മരണവും അല്ലാഹുവിന്റെ വിധിയാല്‍ മാത്രം നടക്കുന്ന പ്രതിഭാസങ്ങള്‍. നമുക്ക് വിലപ്പെട്ടവര്‍ പലരും റബ്ബിന്റെ വിളിക്കുത്തരം നല്കി യാത്ര പോയിക്കഴിഞ്ഞു. നമ്മളും വരിയിലാണെന്ന ഓര്‍മ്മയും ബോധവും മാത്രമാണ് കരണീയം. ഹൈദരലി ശിഹാബ് തങ്ങളെപ്പോലുള്ള മഹാമനുഷ്യന്റെ വേര്‍പാടിലും ആശ്വാസം വിശുദ്ധ ഖുര്‍ആന്‍ ഉദ്ഘോഷിച്ച ഈ ശാശ്വതസത്യം മാത്രം.. ‘ഭൂമുഖത്തുള്ള എല്ലാവരും നശിച്ചു പോകുന്നതാണ്; മഹത്വവും ഉദാരതയുമുള്ള നിന്റെ രക്ഷകന്റെ മുഖം മാത്രമാണ് അവശേഷിക്കുക’.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala22 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india20 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala24 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala21 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More22 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala20 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

