kerala
‘പ്രതിപക്ഷം പുറത്തു കൊണ്ടു വന്ന അഴിമതി രേഖകളിൽ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്.’ ചെന്നിത്തലയുടെ തുറന്ന കത്ത്
ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകള്‍ ശരിക്കും എ.ഐ ക്യാമറകളാണോ? അതോ അഴിമതി ക്യാമറകളോ? മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ചെന്നിത്തല ചോദിച്ചു.
ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്‍റെ മറവില്‍ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിലെ വന്‍അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിട്ടും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകള്‍ ശരിക്കും എ.ഐ ക്യാമറകളാണോ? അതോ അഴിമതി ക്യാമറകളോ? മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ചെന്നിത്തല ചോദിച്ചു.
കത്തിന്‍റെ പൂർണ്ണരൂപം :
ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്‍റെ മറവില്‍ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിലെ വന്‍അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ മൗനത്തിന്‍റെ വാദ്മീകത്തിൽ ആണ്ടിരുന്ന താങ്കള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് തടിതപ്പാനാണ് താങ്കള്‍ ശ്രമിച്ചത്. സര്‍ക്കാരിനെതിരെ എന്തെല്ലാം കെട്ടിച്ചമയ്ക്കാന്‍ പറ്റുമോ അതെല്ലാമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അതൊന്നും ഏശുകയില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. താങ്കള്‍ ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഒന്നും കെട്ടിച്ചമച്ചിട്ടില്ല. ഈ ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകള്‍ ഒന്നൊന്നായി പുറത്തു കൊണ്ടു വരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാവും? സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ കുറച്ച് കറക്ക് കമ്പനികളെ വച്ച് നടത്തിയ വന്‍കൊള്ളയുടെ രേഖകളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. അവ വസ്തുതാപരമായതിനാലാണ് മാദ്ധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും അവര്‍ സ്വന്തം നിലയില്‍ അന്വേഷിച്ച് കൂടുതല്‍ വിവരങ്ങളും രേഖകളും പുറത്തു കൊണ്ടു വരികയും ചെയ്തത്. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടത്തിയ തട്ടിപ്പിന്‍റെ തെളിവുകള്‍ പുറത്തു വരുമ്പോള്‍ അവ കെട്ടിച്ചമച്ചതാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. പ്രതിപക്ഷവും മാദ്ധ്യമങ്ങളും പുറത്തു കൊണ്ടു വന്ന രേഖകളിന്മേല്‍ വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. പുറത്ത് വന്ന വസ്തുതകളില്‍ ഒന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? ഇനി പുറത്തു വന്ന രേഖകള്‍ താങ്കള്‍ പറയുന്നതു പോലെ കെട്ടിച്ചമച്ചതാണെങ്കില്‍ ഒറിജിനല്‍ രേഖകള്‍ പുറത്തു വിടാന്‍ തയ്യാറാണോ എന്ന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു.
മുന്‍പൊക്കെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒരു മണിക്കൂര്‍ പത്രസമ്മേളനം നടത്തി വാചക കസര്‍ത്തു നടത്തുകയും സ്വന്തക്കാരായ പത്രക്കാരെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ച് മറുപടി പറയുകയും ചെയ്യുന്ന താങ്കളുടെ ശൗര്യം ഇപ്പോള്‍ എവിടെപ്പോയി? ഇവിടെ എ.ഐ ക്യാമറയിലെ അഴിമതി പൊതു സമൂഹത്തിന് മുന്നില്‍ പകല്‍ പോലെ വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നത്. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. അതിന് മറുപടി പറയാന്‍ താങ്കള്‍ക്ക് സ്വാഭാവികമായും കഴിയില്ലെന്ന് എനിക്കറിയാം.
മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രസ്താവന ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിന്‍റേയും പൊതു സമൂഹത്തോടുള്ള പുച്ഛത്തിന്‍റേയും തെളിവാണ്. ഞങ്ങള്‍ എന്ത് അഴിമതിയും നടത്തും, ചോദിക്കാന്‍ പ്രതിപക്ഷവും മാദ്ധ്യമങ്ങളും ആരാ എന്ന ധിക്കാരമണ് ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. സി.പി.എമ്മിന് തുടര്‍ഭരണം ലഭിച്ചതിന്‍റെ അഹന്തയാണിത്. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തുടര്‍ഭരണം ലഭിച്ച പശ്ചിമ ബംഗാളിലും തൃപുരയിലും നിങ്ങളുടെ പാര്‍ട്ടി കല്ലിന് മേല്‍ കല്ലില്ലാതെ തകര്‍ന്നടിഞ്ഞത് ഈ അഹന്തയും പൊതു സമൂഹത്തോടുള്ള പുച്ഛവും കാരണമാണെന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തട്ടെ.
കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് എ.ഐ ക്യാമറയുടെ മറവില്‍ നടന്നതെന്ന ഇതിനകം പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തു വന്ന രേഖകള്‍ അനുസരിച്ച് വെറും 58 കോടിക്ക് തീരേണ്ട പദ്ധതിയാണ് 152 കോടിയും പിന്നീട് 232 കോടിയുമൊക്കെയായി ഉയര്‍ത്തിയത്. പൊതു സമൂഹത്തില്‍ നിന്ന് പിഴ പിരിച്ച് ഏതാനും കറക്കു കമ്പനികള്‍ക്ക് തടിച്ചു കൊഴുക്കാന്‍ അവസരം നല്‍കുകയും അത് വഴി സ്വന്തം കീശ വീര്‍പിക്കാനുമാണ് ഇവിടെ ഭരണക്കാര്‍ നോക്കിയതെന്ന് വ്യക്തം. പദ്ധതി ആസൂത്രണം ചെയ്യുന്നതിന് മുന്‍പേ അഴിമതി ആസൂത്രണം നടത്തി എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. ടെണ്ടര്‍ നടപടികളില്‍ നടന്നത് വ്യക്തമായ ഒത്തുകളിയാണ്. അടിമുടി കൃത്രിമമാണ് നടന്നിരിക്കുന്ത്. ടെണ്ടര്‍ നേടിയ എസ്.ആര്‍.ടി.ഒയും അശോക ബില്‍ഡ്‌കോണും നേരത്തെ തന്നെ ബിസിനസ് പങ്കാളികളായിരുന്നു. മറ്റൊരു കമ്പനിയായ അക്ഷരയക്ക് ആവശ്യമായത്ര പരിചയ സമ്പത്തുമില്ല. ബിസിനസ് പങ്കളാത്തമുള്ള കമ്പനികള്‍ ടെണ്ടറില്‍ ഒത്തുകളിക്കുന്നത് കുറ്റകരമാണ്. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലുള്ള കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് (സി.സി.ഐ) ഇതില്‍ ഇടപെടാനും ശിക്ഷ വിധിക്കാനുമാവും. പദ്ധതിയുടെ അടിസ്ഥാനമായ ഈ ടെണ്ടര്‍ തന്നെ ഒത്തുകളിയും നിയമവിരുദ്ധവുമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഈ ടെണ്ടര്‍ അടിയന്തിരമായി റദ്ദ് ചെയ്യുകയാണ് വേണ്ടതെന്ന് ഞാന്‍ താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.
ഈ ഇടപാടില്‍ കൊള്ള ലാഭം കൊയ്ത പ്രസാദിയോക്ക് താങ്ങളുടെ പാര്‍ട്ടിയുമായി എന്താണ് ബന്ധമെന്ന വെളിപ്പെടുത്താന്‍ മുഖ്യമന്ത്രീ താങ്കള്‍ തയ്യാറാണോ? പ്രസാദിയക്ക് താങ്കളുടെ ബന്ധുവുമായി ബന്ധമൊന്നും ഇല്ലെന്ന് താങ്കള്‍ക്ക് പറയാനാവുമോ? കാര്യമായ ജോലിയൊന്നും ചെയ്യാതെ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60%വും പ്രസാദിയോ കൈക്കലാക്കുന്നതിന്റെ ഗുട്ടന്‍സ് താങ്കള്‍ക്ക് വിശദീകരിക്കാനവുമോ? അഞ്ചു വര്‍ഷം മുന്‍പ് മത്രം രൂപീകരിച്ച പ്രസാദിയോക്ക് സര്‍ക്കാരിന്റെ കരാറുകളെല്ലാം കിട്ടുന്ന മറിമായം എങ്ങനെ സംഭവിച്ചു? പൊടുന്നനെ പ്രസാദിയോ എങ്ങനെ ഇത്രയും വളര്‍ന്നു വലുതായി. എ.ഐ ക്യാമറാ പദ്ധതിയില്‍ ആകെ ചിലവ് വേണ്ടി വരുന്ന 58 കോടി കഴിച്ചുള്ള തുക ആരുടെയൊക്കെ കീശയിലേക്കാണ് പോകുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാനുള്ള ബാദ്ധ്യത മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കളില്‍ നിക്ഷിപ്തമാണ്. എല്ലാം കെട്ടിച്ചമച്ചതാണെന്നും അത് ഏശില്ലെന്നും പറഞ്ഞ് രക്ഷപ്പെടാം എന്ന് കരുതേണ്ടതില്ല. കാരണം പൊതു ജനങ്ങളുടെ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെടുന്നത്.ഏറ്റവും ഒടുവില്‍ ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകള്‍ ശരിക്കും എ.ഐ ക്യാമറകളാണോ? അതോ അഴിമതി ക്യാമറകളോ?
ഈ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ തന്നെ കിട്ടിയ പരാതിയില്‍ നടപടി എടുക്കാതെ അതിനമേല്‍ അടയിരുന്ന് എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്ത വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നത് വലിയ തമാശയാണ്. അഴിമതി തേച്ചു മാച്ചു കളയുന്നതിനുള്ള അന്വേഷണമാണ് ഇത്. ഇപ്പോള്‍ മറ്റൊരു വകുപ്പിലെ വിജിലന്‍സ് അന്വേഷണത്തെ എ ഐ ക്യാമറയുടതെന്ന തരത്തിൽ ബോധ പൂർവ്വം പുകമറ സൃഷ്ടിക്കാനെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട്. ഇത്തരം പൊടിക്കൈകള്‍ കൊണ്ട് ഈ വന്‍അഴിമതിയെ മൂടി വയ്ക്കാമെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് തെറ്റിപ്പോയി എന്നേ പറയാനുള്ളൂ. ജനം എല്ലാം കാണുന്നുണ്ട് എന്ന് താങ്കള്‍ ഓര്‍ക്കണമെന്ന് മാത്രം ഇപ്പോള്‍ പറയുന്നു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്‌കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കേണ്ടതിനാല്‍ പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
kerala
മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സൈനുല്‍ ആബിദീന്‍ സഫാരി
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ സഫാരി. പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മര്‍ സാഹിബ് പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കുമെന്നും സൈനുല്‍ ആബിദീന്‍ സഫാരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഓര്‍മ്മകളില്‍ ജ്വലിച്ച് എന്‍.കെ.സി
കെ. സൈനുല്‍ ആബിദീന്‍ സഫാരി
(മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സമുജ്ജ്വല നേതാവുമായിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണ്. വ്യക്തിപരമായും പൊതുരംഗത്തും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എന്റെ മനസില്‍ ഈ വിയോഗം മാനസികമായ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്‍.കെ.സി. ഉമ്മര്‍ സാഹിബിനെ ആദ്യം പരിചയപ്പെട്ടത്, എന്റെ സഹോദരിയുടെ ഭര്‍ത്താവും മുസ്ലിം ലീഗിന്റെ പ്രമുഖനുമായ കെ.കെ. മുഹമ്മദ് വഴിയായിരുന്നു. ബാല്യകാലം മുതലേ കെ.കെ. മുഹമ്മദ് സാഹിബുമായി അദ്ദേഹം അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട്, ആ സൗഹൃദബന്ധത്തില്‍ ഞാനും പങ്കാളിയായി. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് ഹൃദയബന്ധം നിലനിന്നിരുന്നു.
‘പാനൂര്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖങ്ങളിലൊന്ന് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റേതാണ്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനമേഖലയായാലും, മഹല്ല് ജമാഅത്തിന്റെ കാര്യങ്ങളായാലും, പാനൂരിന്റെ പര്യായമായിരുന്നു എന്‍.കെ.സി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ലീഗിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ വൈഭവം അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു.
പാനൂരിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു എന്‍.കെ.സി, കെ.എം. സൂപ്പി കൂട്ടുകെട്ട്. കെ.എം. സൂപ്പി സാഹിബിനെ മുസ്ലിം ലീഗില്‍ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ നേതൃപങ്ക് വഹിച്ചു. അതുപോലെ, എന്റെ ഭാര്യയുടെ കുടുംബമായ പുല്ലാഞ്ഞിയോട്ട് കുടുംബവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. ഭാര്യാപിതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ സ്‌നേഹപൂര്‍ണ്ണമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പ്രാധാന്യം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ്.
അദ്ദേഹം അസുഖബാധിതനായി കഴിയുമ്പോള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ആ അവസരത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഇന്നും മനസില്‍ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്.
പ്രിയപ്പെട്ട ഉമ്മര്‍ സാഹിബിന്റെ വേര്‍പാട് പൊതുപ്രവര്‍ത്തന രംഗത്ത് ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എങ്കിലും, അദ്ദേഹം പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കും.
ഭാര്യ ഹാജറ, മക്കളായ സൈബുന്നിസ, ഷമീം (ദുബായ്), സമീര്‍ (സ്വര്‍ണ്ണ മഹല്‍), സഹീര്‍, ശക്കീര്‍ (ഖത്തര്‍), സബീന, സൈബു എന്നിവര്‍ക്കും മരുമക്കളായ ഷംസു പോയില്‍ (ദുബായ്), സുബൈര്‍ (ബഹ്‌റൈന്‍), സറീന, സാജിറ, ജസീല, ആബിദ എന്നിവര്‍ക്കും സഹോദരങ്ങളായ കെ.സി. അബ്ദുള്ള, ഉസ്മാന്‍ നെല്ലൂര്‍, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കര്‍, ആസ്യ എന്നിവര്‍ക്കും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഞാനും എന്റെ കുടുംബവും ദുഃഖത്തില്‍ പങ്കുചേരുന്നു.
kerala
ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍
ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

