Connect with us

Video Stories

‘ആ പരിപ്പ് ഇവിടെ വേവില്ല’ ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയുമായി ആനുകാലിക വിഷയങ്ങളില്‍ സംവദിക്കുന്നു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ /
ലുഖ്മാന്‍ മമ്പാട്

ഭരണപരാജയത്തില്‍ മുഖംകെട്ട ഭരണകൂടങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് എക്കാലവും ശ്രമിക്കാറുള്ളത്. അധികാരത്തിന്റെ തിണ്ണമിടുക്കും പ്രലോഭനവുമായി രാഷ്ട്രീയ എതിര്‍ ചേരിയില്‍ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കും അതിന്റെ ഭാഗമാണ്. ചതിക്കുഴികളില്‍ വീഴാതെ ആരും മോഹിക്കുന്ന ഗരിമയോടെ മുന്നോട്ടു പോകുന്നതില്‍ പാണക്കാട്ടെ നേതൃത്വത്തിന്റെ ജാഗ്രതയും ദീര്‍ഘവീക്ഷണവുമാണ് മുസ്്‌ലിംലീഗിന് വലിയ കൈമുതല്‍. മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയുമായി ആനുകാലിക വിഷയങ്ങളില്‍ സംവദിക്കുന്നു.

? മുസ്്‌ലിം ലീഗിന്റെ മുന്നണി മാറ്റം സി.പി.
എമ്മും ചില മാധ്യമങ്ങളും ചര്‍ച്ചയാക്കുന്നു
– ഇത്രയേറെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട, ഭരണ നേട്ടമായി ഒന്നും പറയാനില്ലാത്ത സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുളള തന്ത്രം മാത്രമാണിത്. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരം അടവുകള്‍ പുറത്തെടുക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയാണെന്ന് അവര്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ എല്‍.ഡി.എഫിന് ജയ സാധ്യതയില്ലെന്നും യു.ഡി.എഫിനെ ശിഥിലമാക്കാതെ തരമില്ലെന്നും അവര്‍ക്കറിയാം. ചില മാധ്യമങ്ങള്‍ നേതാക്കള്‍ക്ക് പിറകെ നടന്ന് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. അത്തരം കെണിയില്‍ പെടാതിരിക്കാനും തലവെച്ചു കൊടുക്കാതിരിക്കാനും മുസ്്‌ലിംലീഗ് നേതാക്കള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.

? മുസ്്‌ലിം ലീഗിന് മുമ്പില്‍
അങ്ങനെയൊരു അജണ്ടയില്ല
– എങ്ങനെയാണ് ഇങ്ങനെയൊരു ചര്‍ച്ച പോലും വന്നതെന്നാണ് ആലോചിക്കുന്നത്. വിദൂര സാധ്യതപോലും ഇപ്പോഴില്ല. അങ്ങനെയൊരു ചര്‍ച്ചയുടെ സാധ്യതപോലുമില്ല. മുസ്‌ലിംലീഗ് യു.ഡി.എഫിലെ ഘടകക്ഷിമാത്രമല്ല; അതിന്റെ സൃഷ്ടാക്കളാണ്. അസംബ്ലിയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതെ നിയമസഭ പിരിച്ചുവിടുന്നതും സര്‍ക്കാറുകള്‍ നിലംപതിക്കുന്നതുമെല്ലാം സാധാരണമായിരുന്നൊരു കാലത്താണ് മുന്നണി സംവിധാനം എന്നത് മുസ്്‌ലിം ലീഗ് മുന്‍കൈയെടുത്ത് സാധ്യമാക്കുന്നത്. രാജ്യത്തിന് തന്നെ അതൊരു വേറിട്ട കാഴ്ചയായിരുന്നു. കേന്ദ്രത്തിലൊക്കെ ഇന്നത്തെ പോലെ മുന്നണി വരുമെന്ന് ആരും സ്വപ്‌നം കാണാത്ത കാലമാണത്. ചില മുന്നണി പരീക്ഷണങ്ങള്‍ക്ക് ശേഷം സാമുദായികവും സാമൂഹികവുമായ ബാലന്‍സിംഗ് കൂടി ഉറപ്പാക്കിയാണ് യു.ഡി.എഫ് സ്ഥാപിച്ചത്. ബാഫഖി തങ്ങളും സി.എച്ചും തുടങ്ങിയ മുസ്്‌ലിംലീഗ് നേതാക്കളാണ് ഇതിന്റെ ശില്‍പികള്‍. യു.ഡി.എഫിലെ ഇപ്പോഴത്തെ പ്രബല കക്ഷിയായ കോണ്‍ഗ്രസ്സ് പോലും പിന്നീടാണ് അതിന്റെ ഭാഗമായത്.

? യു.ഡി.എഫ് ശക്തിപ്പെടുത്തേണ്ട
ബാധ്യത ലീഗിനാണ്
– തീര്‍ച്ചയായും യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു നയിക്കാനുള്ള മറ്റാരേക്കാളുമുളള ബാധ്യത മുസ്‌ലിംലീഗിനാണ്. പലപ്പോഴും വലിയ വിട്ടുവീഴ്ച്ചകളും ഒത്തുതീര്‍പ്പുകളും നടത്തിയാണ് മുന്നണിയെ കരുപ്പിടിപ്പിച്ചതും ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതും. കോണ്‍ഗ്രസിനും മറ്റു ഘടകക്ഷികള്‍ക്കുമുള്ളതിനെക്കാള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പും വളര്‍ച്ചയും മുസ്്‌ലിംലീഗിന്റെ ആവശ്യമാണ്. കാരണം, നേരത്തെ പറഞ്ഞപോലെ യു.ഡി.എഫിനെ സൃഷ്ടിച്ചത് മുസ്്‌ലിംലീഗാണ്. യു.ഡി.എഫിനെ കയ്യൊഴിയാനും മറ്റൊരു സാധ്യത തേടാനും എന്തെങ്കിലും കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ. യു.ഡി.എഫില്‍ നിന്ന് പോകാന്‍ ഒന്നോ രണ്ടോ സാധ്യതകളാണ് പരതുന്നതെങ്കില്‍, ഉറച്ചു നില്‍ക്കാന്‍ ആയിരം കാരണങ്ങളുണ്ട്. അത്തരം മോഹങ്ങളുമായി നടക്കുന്നവരോടെ ആ പരിപ്പിവിടെ വേവില്ലന്നേ പറയാനൊളളൂ.

? ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സി.പി.എം സാമുദായികമാക്കുന്നു
– ഇതുതന്നെയൊരു തമാശയാണ്. ഫലസ്തീന്‍ ഒരു സമുദായ ഇഷ്യുആയാണ് സി.പി.എം കണക്കാക്കുന്നത്. കോഴിക്കോട്ടെ ഹാളില്‍ അവര്‍ നടത്തിയ സമ്മേളനം നോക്കിക്കാണുമ്പോള്‍ അതു ബോധ്യപ്പെടും. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ വരെ കക്ഷി രാഷ്ട്രീയമാണുണ്ടായത്. ഗസ്സ കേരളത്തിലാണെന്നും യു.ഡി.എഫുകാരാണ് അവിടെ ബോംബിടുന്നതെന്നുമുള്ള മട്ടിലാണ് ചിലരുടെ പ്രചാരണം. ഫലസ്തീനിലേത് മനുഷ്യാവകാശ വിഷയമാണെന്നും രാഷ്ട്രീയ പരിഹാരമാണുണ്ടാകേണ്ടതെന്നുമാണ് മുസ്്‌ലിം ലീഗ് സ്വീകരിച്ച നിലപാട്. അത്തരം വിഷയങ്ങളില്‍ എല്ലാവരും യോജിച്ച പ്രതിരോധമാണ് അഭികാമ്യം. എന്നാല്‍, കോണ്‍ഗ്രസിനെ ഇതിന്റെ പേരിലും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. മുന്നണി മര്യാതകൂടി കണക്കിലെടുത്താണ് അത്തരമൊരു പരിപാടിയില്‍ നിന്ന് മുസ്‌ലിംലീഗ് വിട്ടുനിന്നത്.

? വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തുന്ന സി.പി.എമ്മിന്റെ ലക്ഷ്യം
– ചുളുവില്‍ ലാഭം നേടാനുള്ള കുറുക്കുവഴിയായാണ് സി.പി.എം എക്കാലവും സാമുദായിക വിഷയങ്ങള്‍ കണക്കാക്കുന്നത്. ഇറാഖ് യുദ്ധകാലത്ത്, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ സി.പി.എം നടത്തിയ പ്രചാരണം ഞങ്ങള്‍ സദ്ദാമിനൊപ്പം എന്നായിരുന്നു. പുതിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ യു.പി കഴിഞ്ഞാല്‍ ഏറ്റവുമധികം കേസെടുത്തത് ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കേരളത്തിലാണ്. രണ്ടാം പിണറായി സര്‍ക്കാറിന് വഴി തുറക്കാന്‍ അവരുടെ മുഖ്യ പ്രചാരണം പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങളില്‍ വലിയ തിരഞ്ഞെടുപ്പ് പരസ്യവും നല്‍കി. ഒന്നാം പിണറായി സര്‍ക്കാറെടുത്ത കേസുകള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കോടതിയില്‍ തുടരുന്നു; ശിക്ഷിക്കുന്നു.

? സി.പി.എം നിലപാട്
പട്ടില്‍ പൊതിഞ്ഞ പാഷാണം
– ന്യൂനപക്ഷ പ്രേമം വാക്കുകളില്‍ നിറക്കുകയും വലിയ പ്രചാരണം നടത്തുകയും ചെയ്യുന്ന സി.പി.എം ഭരണം പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടും. ഭിന്നശേഷിക്കാര്‍ക്ക് സംവരണം പുതുക്കി നിശ്ചയിച്ചപ്പോള്‍ മുസ്്‌ലിം സംവരണത്തില്‍ നിന്നാണ് അതു കുറച്ചത്. ഒ.ബി.സി സംവരണത്തിന്റെ ശരിയായ വിഹിതം ലഭിക്കാതെ ഇപ്പോള്‍ തന്നെ മുസ്്‌ലിംകള്‍ ഏറെ പിന്നിലാണ്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കപ്പെട്ടതാണ്. അക്കാലത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ കാസര്‍ക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ പ്രക്ഷോഭയാത്രയുടെ ഫലമായി ബാക്ക് ലോഗ് നകത്താന്‍ ചില ഇടപെടലുകള്‍ തീരുമാനിക്കപ്പെട്ടു. എന്നാല്‍, ഇപ്പോഴും അതൊന്നും പൂര്‍ണമായി പാലിക്കുന്നില്ല. അപ്പോഴാണ് ഉള്ള സംവരണവും സി.പി.എം സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നത്. പട്ടികജാതി, വര്‍ഗ, ദളിത്, പിന്നോക്ക, ആദിവാസി സമൂഹങ്ങളെ എക്കാലവും വെയിലത്തു നിര്‍ത്താമെന്ന് കരുതേണ്ട. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിയമനിര്‍മാണ സഭകളിലും പുറത്തും മുസ്്‌ലിംലീഗ് പൊരുതും.

? അടിസ്ഥാന വര്‍ഗത്തെ സര്‍ക്കാര്‍
പാടെ അവഗണിക്കുന്നു
– അവഗണിക്കുന്നുവെന്ന് മാത്രമല്ല, ദ്രോഹിക്കുകയും ചെയ്യുന്നു. സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക, സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ സര്‍ക്കാറിന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പട്ടികജാതി-വര്‍ഗ-മുസ്്‌ലിം വിഭാഗങ്ങളുടെ തൊഴില്‍ പങ്കാളിത്തവും അതുവഴിയുള്ള ഭരണപങ്കാളിത്തവുമെല്ലാം എത്രകാലം ഈ സര്‍ക്കാര്‍ ഇരുട്ടത്ത് നിര്‍ത്തും. ജാതി സെന്‍സസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനും സുപ്രീം കോടതി നോട്ടിസയിച്ചിരിക്കുന്നു. സംവരണപട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ 2020 സെപ്റ്റംബറില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേരള ഹൈക്കോടതി ആറു മാസം സമയം നല്‍കിയിരുന്നതാണ്. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റിനു വേണ്ടി ചെയര്‍മാന്‍ വി.കെ.ബീരാന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കേണ്ടിവന്നു. അടിസ്ഥാന വര്‍ഗത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഇങ്ങനെയാകുമോ.

? സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അട്ടിമറിച്ചു
– മുസ്്‌ലിം ലീഗിന് കേന്ദ്രത്തില്‍ ഭരണപങ്കാളിത്തമുണ്ടായ ഒന്നാം യു.പി.എ സര്‍ക്കാറാണ് മുസ്്‌ലിം അവസ്ഥ പഠിക്കാന്‍ ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റി ഉണ്ടാക്കിയത്. പട്ടിക വര്‍ഗക്കാരേക്കാള്‍ പിന്നോക്കമാണ് രാജ്യത്തെ മുസ്്‌ലിം അവസ്ഥയെന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും സംസ്ഥാനങ്ങള്‍ക്ക് റിപ്പോര്‍ട്ടില്‍ നടപടിക്കായി കൈമാറുകയും ചെയ്തു. സി.പി.എം ഭരിക്കുന്ന കേരളത്തില്‍ മാത്രം അതു മുഖവിലക്കെടുക്കാതെ പുതിയ സമിതിവെച്ചു. അവര്‍ കണ്ടെത്തിയതും ഏതാണ്ട് സമാന കാര്യങ്ങള്‍. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്ത് ചിലതു തുടങ്ങിയത് തന്നെ ഇപ്പോള്‍ എവിടെയെത്തി. എത്രവലിയ കൊലച്ചതിയാണ് സി.പി.എം മുസ്്‌ലിം സമൂഹത്തോട് ചെയ്തത്. കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് അട്ടിമറിയുള്‍പ്പെടെ ദളിതരോടും പിന്നോക്കക്കാരോടുമെല്ലാം തുടര്‍ച്ചയായി ചെയ്യുന്നതും മറിച്ചല്ല. കോരന് കഞ്ഞികുമ്പിളില്‍ എന്ന സമീപനം അംഗീകരിക്കാനാവില്ല.

? കേരളത്തിലും കോര്‍പ്പറേറ്റ്
ദാസ്യ ഭരണം എന്നായി
– കേന്ദ്രത്തിലും കേരളത്തിലുമെല്ലാം ഏതാണ്ട് ഒരേ നയമാണ് കണ്ടുവരുന്നത്. ഇപ്പോള്‍ നവ കേരള സദസ്സുമായി വരുന്ന മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തുന്നത് പോലും പൗരപ്രമുഖരുമായാണ്. മൊബൈല്‍ മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങുന്നുവെന്ന് കൊട്ടിഘോഷിച്ചെങ്കിലും സാധാരണക്കാരെ അടുപ്പിക്കുന്നില്ല. അവരുമായി സംവദിക്കാനോ പ്രശ്‌നം പരിഹരിക്കാനോ ശ്രമമില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ ജനസമ്പര്‍ക്കം നമുക്ക് മുന്നിലുണ്ട്. ജനത്തിന്റെ നികുതിപ്പണം ധൂര്‍ത്തടിച്ച് സര്‍ക്കാറിന്റെ രാഷ്ട്രീയ പൊതുയോഗമാണ് നവകേരള സദസായി ആഘോഷിക്കുന്നത്. ഇത്തരം കെട്ടുകാഴ്ചകള്‍ക്ക് പകരം വിലക്കയറ്റം നിയന്ത്രിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുമൊക്കെയായി പണം ചെലവഴിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിലും കേരളത്തിലും ജനത്തെ മറന്ന ഭരണകൂടങ്ങളെ തിരുത്താനും താഴെയിറക്കാനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിയിലാണ് പ്രതീക്ഷ. യു.ഡി.എഫിന് ഒരു പ്രതിസന്ധിയോ ക്ഷീണമോ ഇല്ല; അതിന് മുസ്്‌ലിംലീഗ് സമ്മതിക്കില്ല.

? മുസ്്‌ലിം ലീഗിന്റെ വിശ്വാസ്യതയെ
ലക്ഷ്യം വെക്കുന്നു
– തിരഞ്ഞെടുപ്പില്‍ എടുക്കാചരക്കാവുമെന്ന് ബോധ്യപ്പെട്ട സി.പി.എം അവസാന കച്ചിത്തുരുമ്പായി മുസ്‌ലിംലീഗിനെ ലക്ഷ്യം വെക്കുകയാണ്. യു.ഡി.എഫിന്റെ നട്ടെല്ലായ മുസ്്‌ലിംലീഗിനെ റാഞ്ചാമോയെന്നതാണ് ചില രാഷ്ട്രീല ദളളാലന്മാരുടെ പ്രചണ്ടപ്രചാരണ ഉദ്ദേശം. ചില പൊതു വിഷയങ്ങളില്‍ വിശാലമായ യോജിപ്പ് വേണ്ടിവരും. അതിന് ദുര്‍വ്യാഖ്യാനം ചമക്കേണ്ടതുമില്ല. മുസ്്‌ലിംലീഗിന് ചാഞ്ചാട്ടമുണ്ടെന്നു വരുത്തി വിശ്വാസ്യത തകര്‍ക്കാമെന്നാണ് കണക്കുകൂട്ടല്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാറുമായി എങ്ങനെയാണ് ഒത്തുപോകുക. ഇ.എം.എസ് സര്‍ക്കാറിനെ മുസ്്‌ലിംലീഗ് കയ്യൊഴിഞ്ഞത് അഴിമതിയുടെ പേരിലായിരുന്നുവെന്നത് ചരിത്രം പരതിയാല്‍ ബോധ്യപ്പെടും. മതനിരാസവും അഴിമതിയും മുഖമുദ്രയാക്കുന്നവരുമായി കൂട്ടുകൂടാനുള്ള ഗതികേടൊന്നും ഇപ്പോഴില്ല. എവിടെയാണോ നില്‍ക്കുന്നത് അവിടെ ഉറച്ചുനില്‍ക്കുന്നതാണ് മുസ്്‌ലിംലീഗ് നിലപാട്. അക്കരപ്പച്ചകണ്ട് ചാടുന്നത് ലീഗിന്റെ നയമല്ല. അങ്ങനെ വരുത്തിത്തീര്‍ത്ത് മുസ്്‌ലിംലീഗിന്റെ വിശ്വാസ്യത തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. കൂട്ടായ തീരുമാനത്തിലൂടെ ഏറെ മുന്നോട്ടു പോകാനുണ്ട്.

(ചന്ദ്രിക എഡിറ്റ് പേജ്: 2023 നവമ്പര്‍ 23)

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending