Connect with us

More

ട്രംപിന്റെ രണ്ടാം വരവും ലോക സമാധാനവും

Published

on

ലോകം ഉറ്റുനോക്കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, സാമ്പത്തിക ശക്തിയായ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അത് ലോകക്രമത്തില്‍ വരുത്താനിടയുള്ള മാറ്റങ്ങള്‍ നിരവധിയാണ്. ആഗോളാടിസ്ഥാനത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുന്ന അവസരത്തില്‍തന്നെയാണ് ട്രംപിന്റെ വിജയവുമെന്നത് ഗൗരവതരമാണ്. യുദ്ധങ്ങള്‍ അവസാനിപ്പിച്ച് അമേരിക്കയെ മഹത്തായ രാജ്യമാക്കുമെന്ന് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം ആത്മാര്‍ത്ഥമാണെന്ന് കണ്ടറിയണം.

ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തുമ്പോള്‍ ലോകത്ത് രണ്ട് സംഘര്‍ഷ മേഖലകളാണ് സമാധാനം കാത്തുകഴിയുന്നത്. അതിലൊന്ന് ഗസ്സയാണ്. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് അയവുവരുത്താന്‍ ട്രംപ് ശ്രമിക്കുമെന്ന് ആരും കരുതുന്നില്ല. മാത്രമല്ല. ഇസ്രാഈലിന് ആയുധങ്ങളും ആള്‍ ബലവും നല്‍കുന്നതില്‍ എന്നും അമേരിക്ക മുന്‍പിലാണെങ്കിലും ട്രംപിന്റെ വരവോടെ പ്രയാസകരമായ കാലത്തിലേക്കായിരിക്കും പശ്ചിമേഷ്യ കടന്നുപോകുക. ഇതുവരെ അനുഭവിച്ചതിനേക്കാള്‍ മോശമായിരിക്കും ഇനി വരാന്‍ പോകുന്നത്. ആദ്യതവണ പ്രസിഡന്റ് പദവിയില്‍ ആയിരിക്കെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ട്രംപ് ഒരിക്കല്‍കൂടി വരുന്നതോടെ ഇസ്രാഈലിന്റെ ക്രൂരത കൂടുതല്‍ കടുക്കും. ലെബനാനിലേക്ക് പടര്‍ന്ന യുദ്ധം അവസാനിപ്പിക്കാന്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും സമ്മര്‍ദം നേരിടുന്ന നെതന്യാഹു ഇനി കൂടുതല്‍ ശക്തനാകും.

ട്രംപ് വിജയം അവകാശപ്പെട്ടതിനുശേഷം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നെതന്യാഹു തിടുക്കംകൂട്ടിയതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പിനെ ‘ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ‘അമേരിക്കയുടെ ഒരു പുതിയ തുടക്കം’ എന്നും ‘ഇസ്രാഈലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിനുള്ള ശക്തമായ പ്രതിബദ്ധത’ എന്നും വിശേഷിപ്പിച്ചു. 2016 മുതല്‍ 2020 വരെയുള്ള ട്രംപിന്റെ ആദ്യ നാല് വര്‍ഷത്തെ കാലളയവിലാണ് ഇസ്രാഈലിലെ യു.എസ് എംബസി ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റിയത്. ഇസ്രാഈലിനെ സംബന്ധിച്ച് ഇത് സുപ്രധാന നീക്കമായിരുന്നു. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലിരുന്നപ്പോള്‍ ട്രംപ് എടുത്ത നിലപാടുകളെല്ലാം ഇസ്രാഈലിന് അനുകൂലമായിരുന്നു. ഫലസ്തീനികളുടെ കടുത്ത എതിര്‍പ്പിനിടയിലും തര്‍ക്ക നഗരമായ ജെറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറായി. ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി സഹായ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലു.എയുടേതടക്കം ഫലസ്തീനികള്‍ക്കുള്ള സഹായം വെട്ടിക്കുറച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടും വെസ്റ്റ്ബാങ്കില്‍ അനധിക്യത ഇസ്രാഈല്‍ സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുന്നതിനുനേരെ ട്രംപ് ഭരണകൂടം അവഗണന പുലര്‍ത്തി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ഇസ്രാഈലിന്റെ വിജയം അത്യന്താപേക്ഷിതമാണെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.

സമാധാനം കാക്കുന്ന മറ്റൊരു മേഖല യുക്രെയ്നാണ്. യുക്രെയ്ന്‍ തലസ്ഥാനമായ കാവ് പിടിക്കാന്‍ റഷ്യന്‍ സൈന്യം ഇരച്ചെത്തിയപ്പോള്‍ വ്‌ലാഡിമര്‍ സെന്‍സ്‌കിയും യുക്രെയ്‌നും പിടിച്ചുനിന്നത് നാറ്റോ നല്‍കിയ സൈനിക പ്രതിരോധ സഹായം കൊണ്ട് മാത്രമായിരുന്നു. നാറ്റോ അംഗമല്ലാതിരുന്നിട്ട് കൂടി യുക്രെയ്‌നിന് നാറ്റോ പ്രതിരോധ സഹായം നല്‍കുന്നതിനോട് ശക്തമായ വിയോജിപ്പ് പ്രകടമാക്കിയ നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്നിന് നാറ്റോ സഹായം നല്‍കി സൈനികമായി പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുണ്ടാക്കിയതിനോട് ട്രംപിന് എതിര്‍പ്പാണ്. റഷ്യന്‍ പ്രസിഡന്റ്‌റുമായി അദ്ദേഹത്തിനുള്ള അടുത്ത സൗഹ്യദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ അമേരിക്കയുടെ നിലപാട് ഊഹിക്കാവുന്നതാണ്.

ട്രംപിന്റെ വിജയം ഇന്ത്യയെ സംബന്ധിച്ചും ശുഭ സൂചനയല്ല. സംഘപരിവാരങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ തിരിച്ചുവരവ് നിര്‍ണായകമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ‘അമേരിക്ക ആദ്യം’ എന്നതാണ് ട്രംപിന്റെ നയം. ഇത് വിവര സാങ്കേതിക വിദ്യ, ഫാര്‍മ സ്യൂട്ടിക്കല്‍സ്, ടെക്സ്റ്റൈല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് ഗുണകരമാകാനിടയില്ല. ട്രംപിന്റെ നയങ്ങള്‍ ഉയര്‍ന്ന താരിഫുകള്‍ക്കും വ്യാപാര സംഘര്‍ഷത്തിനും ഇടയാക്കുമെന്നും ആശങ്കയുണ്ട്. ഇന്ത്യക്ക് സാമ്പത്തിക ആഘാതം സ്യഷ്ടിച്ചേക്കാവുന്ന മേഖലകള്‍ ഏറെയുണ്ട്. അമേരിക്കയിലെ വര്‍ധിച്ച പലിശനിരക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് ഇന്ത്യന്‍ തൊഴിലാളികളെ, പ്രത്യേകിച്ച് എച്ച്1 ബി വിസയിലുള്ളവരെ ബാധിക്കും. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ അമേരിക്കന്‍ പക്ഷത്തേക്ക് കൂടുതല്‍ അടുക്കുന്നതോടെ ചൈനയുമായുള്ള ബന്ധങ്ങള്‍ സംഘര്‍ഷ നിര്‍ഭരമാകാനുള്ള സാധ്യതയുമുണ്ട്. ട്രംപിന്റെ നയ തീരുമാനങ്ങള്‍ പ്രവചനാതീതമായതിനാല്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം.

 

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

Published

on

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍  കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.

വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Continue Reading

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

Trending