Connect with us

kerala

ജാമിഅ മില്ലിയ പ്രവേശന പരീക്ഷ; കോഴിക്കോട്ട് പരീക്ഷാകേന്ദ്രം അനുവദിച്ചു

നടപടിയില്‍ പ്രതിഷേധിച്ച് ഹാരിസ് ബീരാന്‍ എം.പി ജാമിഅ മില്ലിയ വൈസ്ചാന്‍ലര്‍ക്ക് കത്തയച്ചിരുന്നു.

Published

on

കോഴിക്കോട് പ്രവേശന പരീക്ഷാകേന്ദ്രം അനുവദിച്ച് ജാമിഅ മില്ലിയ ഇസ്‌ലാമിയ. നേരത്തെ ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരത്തെത് ഒഴിവാക്കിയ സര്‍വകലാശാല നടപടിയില്‍ എംപിമാരും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു.

സര്‍വ്വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് എംപിമാരും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ഹാരിസ് ബീരാന്‍ എം.പി ജാമിഅ മില്ലിയ വൈസ്ചാന്‍ലര്‍ക്ക് കത്തയച്ചിരുന്നു. പി. സന്തോഷ് കുമാര്‍ എം.പിയും ശശി തരൂരുമടക്കം വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. പരീക്ഷാ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സെന്ററുകള്‍ ആശ്രയിക്കേണ്ടി വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയായ തിരുവനന്തപുരം ഒഴിവാക്കിയത് നിരവധി വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സ്വപ്നങ്ങള്‍ക്ക് മേലുള്ള തിരിച്ചടി കൂടിയാണ്. മറ്റ് ഇടങ്ങളില്‍ പോകുമ്പോള്‍ യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാര്‍ഥികള്‍ക്കുണ്ടാകും.

ഡല്‍ഹി, ലഖ്‌നൗ, ഗുവാഹത്തി, പട്‌ന, കൊല്‍ക്കത്ത, ശ്രീനഗര്‍, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ജാമിഅ പ്രവേശന പരീക്ഷാ സെന്ററുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇക്കുറി തിരുവനന്തപുരം ഒഴിവാക്കി ഭോപ്പാലിലും മാലേഗാവിലും പുതിയ സെന്ററുകള്‍ അനുവദിക്കുകയായിരുന്നു.

kerala

സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്

തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി

Published

on

കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടിസ് നൽകാൻ വനംവകുപ്പ്. തൃശൂർ ഡിഎഫ്ഒയ്ക്കു മുന്നിൽ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടിസ് എന്നാണു വിവരം. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു പരാതി. ഇതു ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി പരിശോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനംവകുപ്പ് പരിശോധിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നതു കുറ്റകരമാണ്. ഡിഎഫ്ഒയ്ക്കു മുമ്പാകെ ഹാജരായി പുലിനഖ മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടി വരും. തുടക്കത്തിൽ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നൽകുന്ന ചോദ്യങ്ങൾക്കു മറുപടി നൽകിയ ശേഷമാകും ഹാജരാകുന്ന കാര്യത്തിൽ അന്തിമമായി തീരുമാനിക്കുക.

നേരത്തെ റാപ്പർ വേടനെ പുലിപ്പല്ല് ഘടിപ്പിച്ച മാല ധരിച്ചു എന്ന പേരിൽ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസം ജയിലിൽ പാർപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ

Published

on

കോഴിക്കോട് : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് കൊല്ലപ്പെട്ട ബിന്ദുവിനെ മന്ത്രിമാർ അവഹേളിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം തകർന്ന് വീണത് ആരോഗ്യ മന്ത്രി ഉരുട്ടിയിട്ടത് കൊണ്ടാണോ എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞത് മരണപ്പെട്ട ബിന്ദുവിനെ പരിഹസിച്ചതിന് തുല്യമാണ്. മകളുടെ ചികിത്സക്ക് വന്ന ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തെ ലാഘവത്തോടെ കാണുന്ന ഇത്തരം ഭരണാധികാരികൾ നാടിന് വെല്ലുവിളിയാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കെട്ടിടം തകർന്നതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ മന്ത്രിമാർ രണ്ട് മണിക്കൂറിലധികമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ഈ സമയമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് വേദന സഹിച്ച ബിന്ദുവിനെ ഓർക്കുന്ന ഒരാൾക്കും ഇങ്ങിനെ പ്രതികരിക്കാനാവില്ല.

കെട്ടിടം തകർന്നതിൻ്റെ പേരിൽ മന്ത്രി രാജിവെക്കണം എന്നാരും പറഞ്ഞില്ല. കൂളിമാട് പാലം തകർന്നപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസോ സ്കൂളുകൾ തകർന്നപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ രാജിവെച്ചിട്ടില്ല. എന്നാൽ തൻ്റെ നിരുത്തരവാദപരമായ സമീപനം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെച്ചേ മതിയാകൂ എന്നും ഫിറോസ് വ്യക്തമാക്കി. ഇപ്പോൾ
പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കുമെന്ന് പറയുന്ന ഡി.വൈ.എഫ്.ഐ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമരം നടത്തി തലക്ക് മുറിവേൽപ്പിച്ച പാരമ്പര്യമുള്ളവരാണ്. അതിനാൽ ഭീഷണി കൊണ്ട് പ്രതിപക്ഷ സമരത്തെ ഇല്ലാതാക്കാൻ ആരും കരുതേണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ ഇത് വരെ തയ്യാറായില്ല. ആരോഗ്യ വകുപ്പിൽ വകയിരുത്തുന്ന ഫണ്ടുകൾ പിന്നീട് വെട്ടിക്കുറക്കുന്ന പ്രവണതയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫ്ലക്സടിക്കാൻ കോടികളാണ് ചിലവഴിക്കുന്നത്. ഈ പണമുണ്ടായിരുന്നെങ്കിൽ നിരവധി സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ കഴിയുമായിരുന്നെന്നും ഫിറോസ് കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിനെ തകർത്ത മന്ത്രി രാജിവെക്കുന്നത് വരെ തുടരുന്ന സമരങ്ങളുടെ ഭാഗമായി ജൂലൈ 8 ന് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി സംഘടിപ്പിക്കുമെന്നും ഫിറോസ് അറിയിച്ചു.

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്ലോഗർ ജ്യോതി മൽഹോത്ര സർക്കാറിൻ്റെ ടൂറിസം പ്രമോഷന് വേണ്ടി വന്നതിനെ കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറയണം. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി സൂപ്പർ മുഖ്യമന്ത്രിയാണെന്നുള്ള ധാരണയിൽ മന്ത്രി വെച്ച് പുലർത്തുന്ന ധിക്കാരം ജനങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ആർക്കും ചുമതല കൊടുക്കാത്തത് സൂപ്പർ മുഖ്യമന്ത്രിയെ മറികടക്കാൻ കഴിയാത്തത് കൊണ്ടാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

Continue Reading

kerala

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക.

Published

on

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ സമ്പര്‍ക്കപ്പെട്ടികയില്‍ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലിരിക്കെ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്.

Continue Reading

Trending