india
ശബ്ദമലിനീകരണം ആരോപിച്ച് സംഭലില്‍ പള്ളിയുടെ ഉച്ചഭാഷിണി അഴിച്ചുമാറ്റി യോഗി ആദിത്യനാഥിന്റെ പൊലീസ്
ഉയര്‍ന്ന ശബ്ദത്തില്‍ സന്ദേശങ്ങള്‍ പുറപ്പെടുവിച്ചെന്നാരോപിച്ചാണ് പഞ്ചാബിയന്‍ പള്ളിയില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ പള്ളിയിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്ത് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഉയര്‍ന്ന ശബ്ദത്തില്‍ സന്ദേശങ്ങള്‍ പുറപ്പെടുവിച്ചെന്നാരോപിച്ചാണ് പഞ്ചാബിയന്‍ പള്ളിയില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ശബ്ദമലീനീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പള്ളിയിലെ ഉച്ചഭാഷിണികള്‍ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസുകാര്‍ നീക്കം ചെയ്തതെന്നാണ് ചന്ദൗസ് പൊലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.
പള്ളിയിലെ ഇമാം ഷക്കീല്‍ ഷംസിയുടെ പേരും അബ്ദുള്‍ ഷമദ് ഷംസിയുടെ മകന് ഷക്കീല്‍ ഷംസി എന്നിവരുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 (പൊതുപ്രവര്‍ത്തകര്‍ പുറപ്പെടുവിച്ച ഉത്തരവിനോടുള്ള അനാദരവ്), 270 (പൊതുശല്യം), 292 (പൊതുശല്യത്തിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശബ്ദ മലിനീകരണ നിയമത്തിലെ വ്യവസ്ഥകളും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്.
2022ല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഒരു കൂട്ടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
മതപരമായ ഘോഷയാത്രകളില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ നിന്നായി 3,000ത്തിലധികം ഉച്ചഭാഷിണികളാണ് ഇതിനകം നീക്കം ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ അലഹബാദ് ഹൈക്കോടതി, മതസ്ഥലങ്ങള്‍ പ്രധാനമായും ദൈവത്തിന് പ്രാര്‍ത്ഥന നടത്തുന്നതിനാണെന്നും ഉച്ചഭാഷിണികളുടെ ഉപയോഗം അവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്നും പ്രസ്താവിച്ചിരുന്നു.
പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പിലിഭിത്ത് ജില്ലയില്‍ നിന്നുള്ള ഒരാള്‍ സമര്‍പ്പിച്ച റിട്ട് ഹരജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്രയും ജസ്റ്റിസ് ദൊനാഡി രമേശും ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
india
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.
ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.
india
ഇന്ത്യയുടെ റഫാല്‍ തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ: ചൈനയുടെ എ.ഐ പ്രചാരണം, അമേരിക്കയുടെ റിപ്പോര്‍ട്ട്
ഇന്ത്യ ‘ഓപ്പറേഷന് സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന് സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.
ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.
india
ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം
പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.
ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.
എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.
ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala22 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

