Connect with us

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

kerala

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബംഗളൂരു: വാടക മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് പരിശോധിക്കുന്നു. 21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബി.ബി.എം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിശ്രീ.

മുറി വാടകയ്ക്കെടുത്തത് മാനസ എന്ന സ്ത്രീയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം വര്‍ധന്‍ എന്ന യുവാവിനെതിരെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രാവിലെ 9.30 മുതല്‍ ദേവിശ്രീയും പ്രേമും ഒരുമിച്ച് മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി 8.30ഓടെ മുറി പുറത്തുനിന്ന് പൂട്ടി പ്രേം രക്ഷപ്പെട്ടതായി വിവരമുണ്ട്.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയന്ത് ടി (23)യാണ് മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Continue Reading

kerala

പോലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസ്: ഇടതു സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കുറ്റക്കാരെന്ന് കോടതി

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു.

Published

on

തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു. ഇവരില്‍ ഒന്നും രണ്ടും പ്രതികളായ നിഷാദിനും നന്ദകുമാര്‍ക്കുമാണ് കുറ്റം തെളിഞ്ഞത്. മിഥുനും കൃപേഷിനെയും കോടതി വെറുതെ വിട്ടു.

2012 ഓഗസ്റ്റ് 1-നാണ് സംഭവം നടന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞതെന്നും കേസ് വ്യക്തമാക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് തിരികെ പോകുകയായിരുന്ന പൊലീസ് സംഘത്തിന്മേലാണ് പ്രതികള്‍ ബൈക്കിലെത്തി ബോംബെറിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂട്ടര്‍മാരായ യു. രമേശന്‍, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി ഇന്ന് കേസ് പരിഗണിക്കും

ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

Published

on

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് കൊച്ചിയിലെ വിചാരണ കോടതി വീണ്ടും പരിഗണിക്കും. വ്യക്തതാ വാദം തുടരുന്നതിനിടെ കഴിഞ്ഞ തവണ കോടതി ഉന്നയിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി സമര്‍പ്പിച്ചിരുന്നു. ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കടുത്ത് യാത്രചെയ്യുകയായിരുന്ന കാറിലാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഇല്ലായിരുന്ന നടന്‍ ദിലീപിനെ അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ‘അമ്മ’ സംഘടനയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. 85 ദിവസത്തെ കസ്റ്റഡിക്കുശേഷം 2017 ഒക്ടോബര്‍ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു; അതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.

2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 8-ന് വിചാരണ ആരംഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 2018-ല്‍ ഹൈക്കോടതി തള്ളിയിരുന്നു. നാലര വര്‍ഷം നീണ്ട സാക്ഷി വിസ്താരങ്ങള്‍ക്കൊടുവിലാണ് കേസ് വിധിപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെത്തിയത്.

2024 ഡിസംബര്‍ 11-ന് അന്തിമ വാദം തുടങ്ങുകയും, 2025 ഏപ്രില്‍ 7-ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു. ഏപ്രില്‍ 9-ന് പ്രതിഭാഗ വാദവും തുടര്‍ന്ന് പ്രോസിക്യൂഷന്‍ മറുപടി വാദവും പൂര്‍ത്തിയായി.

സിനിമാരംഗത്തെ അതിക്രമങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് വലിയ സാമൂഹ്യചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ കേസ്, വനിതാ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമ കൊളക്ടീവ്’ രൂപീകരണത്തിനും, സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കാനും ഇടയാക്കി.

 

Continue Reading

Trending