Connect with us

Video Stories

ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല

Published

on

ഫെബ്രുവരിയില്‍ മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുനടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഫലംകൊണ്ട് അര്‍മാദിക്കുന്ന ബി.ജെ.പി ത്രിപുരയില്‍ വ്യാപക അക്രമമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്നപ്പോള്‍ കാല്‍ നൂറ്റാണ്ടുനീണ്ട സി.പി.എം ഭരണത്തിന് അറുതി വരുത്തിയതിനോടൊപ്പം അതിനെ പതിനാറു സീറ്റിലേക്ക് ഒതുക്കാന്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമായി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനത്തില്‍ മുപ്പത്തഞ്ചു ശതമാനത്തോളം ഇടിവുണ്ടാക്കാനും ഒറ്റയടിക്ക് ബി.ജെ.പിക്കായിരിക്കുന്നുവെന്നതും നിസ്സാരമല്ല. നാഗാലാന്റിലും മേഘാലയയിലും ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പതിവുള്ളതുപോലെ ബി.ജെ.പി പണപ്പെട്ടികളുമായി ഇറങ്ങിയിരിക്കുകയാണ്. ആ മേഖലയിലെ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു മാസങ്ങളായി ഇവിടെ തമ്പടിച്ചിരിക്കുന്നു. വെറും രണ്ട് സീറ്റുള്ള മേഘാലയയില്‍ മറ്റു പാര്‍ട്ടികളെ കൂട്ടുപിടിച്ച് അധികാരത്തിലേറിയിരിക്കുകയാണ് ബി.ജെ.പി. ലോക ജനാധിപത്യത്തിനുതന്നെ തികഞ്ഞ അപമനാമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. നാഗാലാന്റില്‍ അറുപതില്‍ 12 സീറ്റ് മാത്രമുള്ളപ്പോഴും അവിടെയും മുഖ്യകക്ഷിയായ എന്‍.ഡി.പി.പിക്ക് പിന്തുണ കൊടുത്ത് അധികാരം പിടിക്കുമെന്നുറപ്പായിരിക്കുന്നു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ-21- കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തിയാണ് ആളും അര്‍ത്ഥവും ഉപയോഗിച്ച് മേഘാലയയില്‍ ഭരണം പിടിക്കാനൊരുങ്ങുന്നതവര്‍.
ജനാധിപത്യം ബി.ജെ.പിയുടെ കൈകളില്‍ എത്രകണ്ട് പിച്ചിച്ചീന്തപ്പെടുമെന്നതിന് കഴിഞ്ഞവര്‍ഷം നടന്ന മണിപ്പൂര്‍, ഗോവ തെരഞ്ഞെടുപ്പു ഫലാനന്തര സംഭവ വികാസങ്ങളും വലിയ സൂചകങ്ങളായിരുന്നു. കോണ്‍ഗ്രസ് വലിയ കക്ഷിയായിട്ടും പണം കൊടുത്ത് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് അധികാരമുറപ്പിക്കുകയായിരുന്നു അവര്‍ ഇരുസംസ്ഥാനത്തും. ഇതിനിടയിലാണ് അടുത്ത മാസങ്ങള്‍ക്കകം വരാനിരിക്കുന്ന കര്‍ണാടകയിലേതടക്കമുള്ള നിയമസഭാതെരഞ്ഞെടുപ്പുകളും അടുത്തവര്‍ഷം മേയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഒരുമിച്ചുനടത്താന്‍ ഒരുങ്ങുന്നുവെന്ന വിവരം. ഇപ്പോഴത്തെ ഭരണകക്ഷിക്ക് 2014ല്‍ ലഭിച്ചത് വെറും 31 ശതമാനം വോട്ട് മാത്രമായിരുന്നു. ബാക്കി 69 ശതമാനം പേരും ഈ സര്‍ക്കാരിനെതിരായി വോട്ടു ചെയ്തവരാണെന്നത് മറക്കരുത്. പല പാര്‍ട്ടികള്‍ക്കായി വോട്ടു രേഖപ്പെടുത്തിയെന്ന തെറ്റേ ജനം ചെയ്തിട്ടുള്ളൂ. ബി.ജെ.പിക്കെതിരെ കൂട്ടായി നില്‍ക്കണമെന്ന പാഠമാണ് ഇപ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ മുന്നില്‍ ജനത വെച്ചിരിക്കുന്നത്. ‘ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല’ എന്ന രീതിയിലേക്കാണ് രാജ്യത്തിന്റെ ജനാധിപത്യം പോകുന്ന പോക്ക്. എതിരഭിപ്രായക്കാരെയും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പാവപ്പെട്ടവരെയും ഏതുവിധേനയും ഭല്‍സിക്കുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും കുത്തകകള്‍ക്കുവേണ്ടി പണവും അധികാരവും ഉപയോഗിച്ച് ഇക്കൂട്ടരെ നാമാവശേഷമാക്കുകയും ചെയ്യുന്ന ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും കൊടുക്കേണ്ട അവിസ്മരണീയമായ മുന്നറിയിപ്പിനുള്ള സന്ദര്‍ഭമാണിത്. തത്സംബന്ധിയായ ശുഭകരമായ ചില ചലനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തെ വിവിധയിടങ്ങളിലായി നടക്കുന്നുവെന്നത് വലിയ ആശ്വാസവാര്‍ത്ത തന്നെ.
കോണ്‍ഗ്രസുമായിചേര്‍ന്ന് കേന്ദ്രത്തിലെ ഫാസിസ്റ്റ്-ഹിന്ദുത്വ ഭരണക്കാരെ അകറ്റിനിര്‍ത്താമെന്ന് വാദിക്കുന്നവരെ സാമ്പത്തിക നയപരമായ കാരണങ്ങള്‍ പറഞ്ഞ് വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന സി.പി.എമ്മിന് ത്രിപുര തെരഞ്ഞെടുപ്പിന്‌ശേഷം മനംമാറ്റം വന്നിരിക്കുന്നുവെന്ന വാര്‍ത്തകള്‍ ഒരു വശത്തെങ്കില്‍, ഉത്തര്‍പ്രദേശില്‍ നാലു ദിവസം കഴിഞ്ഞ് നടക്കാനിരിക്കുന്ന ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദിപാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബി.എസ്.പി പിന്തുണക്കുന്നുവെന്ന ശുഭ വിവരമാണ് മറ്റൊന്ന്. പരസ്പരം തമ്മില്‍തല്ലിയതുകൊണ്ട് കഴിഞ്ഞ വര്‍ഷമാദ്യം നടന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പിന്റെ തിക്തഫലം ഇരുവരും തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായും സഖ്യം സംബന്ധിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. മതേതര മൂന്നാം ചേരിക്കാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നാണ് വാര്‍ത്തകള്‍. രാജ്യത്തെ വലിയ കക്ഷികളിലൊന്നും മതേതര പാര്‍ട്ടിയുമായ സി.പി.എം കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന രാഷ്ട്രീയ നയരേഖയില്‍ 55-31 അനുപാതത്തിലാണ് എതിരഭിപ്രായം രേഖപ്പെടുത്തി തമ്മില്‍തല്ലിപ്പിരിഞ്ഞത്. എങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല നിലപാടിനെ പിന്താങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചാലും അത് രാജ്യത്തെ ബി.ജെ.പി വിരുദ്ധ ചേരിക്ക് പ്രചോദനംപകരും.
അതേസമയം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ, കര്‍ണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ജനപിന്തുണയും ഈ സഖ്യത്തിന് മുതല്‍കൂട്ടാകേണ്ടതുണ്ട്. അന്ധമായ കോണ്‍ഗ്രസ് വിരോധം ഇതിന് തടസ്സമായിക്കൂടാ. കോണ്‍ഗ്രസാണ് ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തെമ്പാടും വേരുകളുള്ള രാജ്യത്തെ ഏറ്റവുംവലിയ കക്ഷിയും മതേതര പാര്‍ട്ടിയുമെന്ന കാര്യം ആരും മറന്നുകൂടാ. കോണ്‍ഗ്രസില്ലാത്ത മതേതര മുന്നണിയുണ്ടാക്കല്‍ ഓട്ടക്കലത്തില്‍ വെള്ളമൊഴിക്കലാണ്. ട്രെയിന്‍ പോയിക്കഴിഞ്ഞ് ടിക്കറ്റെടുത്തിട്ടും കാര്യമില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും മുന്‍കൈയെടുക്കേണ്ട സമയമായി. എന്‍.ഡി.എയുടെ സഖ്യകക്ഷികളായ തെലുങ്കുദേശം പാര്‍ട്ടിയും മഹാരാഷ്ട്രയിലെ ശിവസേനയും ബീഹാറിലെ പാസ്വാന്റെ രാഷ്ട്രീയലോക്ദളും ഒഡീഷയിലെ ബിജുജനതാദളും മോദി സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും മറുകണ്ടംചാടാന്‍ ത്വരയുള്ള, ആദര്‍ശത്തേക്കാള്‍ ആനുകൂല്യങ്ങള്‍ കാംക്ഷിക്കുന്ന പാര്‍ട്ടികളാണ് മിക്ക പ്രാദേശിക കക്ഷികളും എന്നത് മറക്കുന്നില്ലെങ്കിലും പല കക്ഷികളടങ്ങുന്ന ഈയൊരു കൂട്ടായ്മക്ക് രാജ്യത്ത് ആസന്നമായിരിക്കുന്ന വെല്ലുവിളിയെ ചെറുത്തുതോല്‍പിക്കാനാകുമെന്ന് കരുതുന്നതില്‍ തെറ്റില്ല. തെരഞ്ഞെടുപ്പാനന്തര സഖ്യത്തിനപ്പുറം ദീര്‍ഘവീക്ഷണത്തോടെ, വ്യക്തവും സുചിന്തിതവുമായ മിനിമം നയപരിപാടികളിലൂടെ ബി.ജെ.പിയേതര മതേതരസഖ്യത്തിന് രാജ്യം സുസജ്ജമാകട്ടെ. അതിനുവേണ്ടത് സങ്കുചിത ചിന്തകള്‍ വെടിയുന്ന നേതാക്കളും മതേതതരവും ഫാസിസ്റ്റ് വിരുദ്ധവുമായ മൂര്‍ത്തമായ കാഴ്ചപ്പാടുകളുമാണ്. അതിനുള്ളതാവട്ടെ രാജ്യത്ത് ഇനിയുള്ള ഓരോനാളുകളും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending