Connect with us

Culture

ബഹുമാനമാവാം, ഭയമെന്തിന്?

Published

on

 

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

കാല്‍പ്പന്തിലെ രസതന്ത്രത്തില്‍ പ്രധാനം മാനസികമാണ്. അനാവശ്യഭയം നിങ്ങള്‍ക്കുണ്ടോ-കളി ജയിക്കുക പ്രയാസമാണ്. പ്രതിയോഗികളെ ബഹുമാനിക്കണം-പക്ഷേ ഭയപ്പെടരുത്. മിഷല്‍ പ്ലാറ്റിനി എന്ന ഫ്രഞ്ച് ഇതിഹാസം പണ്ട് പറഞ്ഞ വാക്കുകളാണ്. എന്തിനാണ് കളിക്കളത്തില്‍ എതിരാളികളെ പേടിക്കുന്നത്. അവരുടെ നിരയില്‍ കളിക്കുന്ന ഒരു സൂപ്പര്‍ താരത്തെ മറു ടീമിലെ പതിനൊന്ന് പേര്‍ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ മല്‍സരം തുടങ്ങുന്നതിന് മുമ്പേ തന്നെ തോറ്റിരിക്കുന്നു. ഈജിപ്തും മൊറോക്കോയും സഊദി അറേബ്യയും ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നു. കാരണം തേടുമ്പോള്‍ പ്രതിഫലിച്ച് നില്‍ക്കുന്നത് അകാരണമായ ഭയം തന്നെ. മൈതാനത്ത് വേണ്ടത് മാനസിക കരുത്താണ്. എല്ലാവരും കളിക്കുന്നത് ഒരേ മൈതാനത്ത്. ഒരേ സാഹചര്യത്തില്‍. കളി നിയന്ത്രിക്കുന്നത് ഒരേ റഫറി. എല്ലാവര്‍ക്കും ഒരേ സമയം. അപ്പോള്‍ പിന്നെ സ്വന്തം ഗെയിമില്‍ വിശ്വാസമര്‍പ്പിക്കുക. സെനഗലിനെ ഞാന്‍ ഉദാഹരിക്കുന്നത് അവിടെയാണ്. സെനഗലിനോളം കരുത്തുണ്ട് ഈജിപ്തിനും മൊറോക്കോക്കും. പക്ഷേ അവരുടെ ഉള്‍ഭയമാണ് അവര്‍ക്ക് തന്നെ വിനയായത്. സെനഗല്‍ കലിച്ചത് പോളണ്ടിനോടാണ്. പക്ഷേ എത്ര ധൈര്യസമേതം കളിച്ചു. ആ ധൈര്യത്തില്‍ പോളണ്ടാണ് ഭയന്നത്. അവര്‍ തോല്‍ക്കുകയും ചെയ്തു.

പോര്‍ച്ചുഗലും മൊറോക്കോയും ഇന്നലെ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ കളിച്ചു. രാവിലെ മുതല്‍ ഞാന്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. മൊറോക്കോ സംഘത്തിലെ ചില ടെക്‌നിക്കല്‍ സ്റ്റാഫിനെ മൈതാനത്ത് കണ്ടു. അവരോട് സംസാരിച്ചു. മൊറോക്കോ പത്രക്കാരുമായി സംസാരിച്ചു. പക്ഷേ അവരെല്ലാം കൃസ്റ്റിയാനോയെ ഭയപ്പെടുന്നു. ആ ഭയം അവരുടെ താരങ്ങളിലുമുണ്ടായതാണ് പ്രശ്‌നമായത്. കൃസ്റ്റിയാനോ സൂപ്പര്‍ താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ്. അതിലൊന്നും സംശയമില്ല. പക്ഷേ അദ്ദേഹത്തിനൊപ്പം കളിക്കുന്ന മറ്റ് പത്ത് പേരോ-അവര്‍ ശരാശരിക്കാരാണ്. അവര്‍ പന്ത് കൊടുത്താല്‍ മാത്രമാണല്ലോ റൊണാള്‍ഡോക്ക് എന്തെങ്കിലും ചെയ്യാനാവുക. മല്‍സരത്തില്‍ നിങ്ങള്‍ നോക്കു-റൊണാള്‍ഡോ ഏറെക്കുറെ നിശ്ചലനായിരുന്നു. അദ്ദേഹത്തിന് പന്ത് ലഭിക്കുന്നില്ല. പന്ത് ലഭിക്കാതിരിക്കാന്‍ മൊറോക്കോക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ അവരുടെ സ്വന്തം വിജയത്തിലേക്കുളള ശ്രദ്ധ കുറഞ്ഞു. 94 മിനുട്ട് കളിച്ച റൊണാള്‍ഡോയെ നോക്കു. അദ്ദേഹത്തിന്റെ കൃത്യത നോക്കുക-എല്ലാം പിറകിലായിരുന്നു. രണ്ട് സുന്ദരമായ ഫ്രീകിക്കുകള്‍ അദ്ദേഹത്തിന് ലഭിച്ചു. സ്‌പെയിനിനെതിരായ മല്‍സരത്തില്‍ സുന്ദരമായ ഫ്രീകിക്ക് ഗോളിലൂടെ ടീമിന് സമനില സമ്മാനിച്ച താരമാണ് ഈ രണ്ട് ഫ്രീകിക്കുകളും നഷ്ടമാക്കിയത്. ഇത് കളിയാണ്. എല്ലാ ദിവസവും എല്ലാം ശരിയാവില്ല. മെസിക്ക് പെനാല്‍ട്ടി നഷ്ടമായത് പോലെ-മെസിയോളം വരുന്ന ഒരു താരം ഒരിക്കലും പെനാല്‍ട്ടി കിക്ക് നഷ്ടമാക്കില്ല. അദ്ദേഹം ബാര്‍സിലോണക്ക് മാത്രമായി കഴിഞ്ഞ സീസണില്‍ പായിച്ച എത്ര മനോഹരങ്ങളായ ഫ്രീകിക്ക് ഗോളുകള്‍ നമ്മള്‍ കണ്ടതാണ്. എല്ലാവര്‍ക്കും പിഴക്കാം. ഈ സൂപ്പര്‍ താരങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളുടെ പകുതി പോലും ഒരു സാധാ താരത്തിനില്ല എന്ന സത്യവും ഓര്‍ക്കുക. മെസിയും നെയ്മറും റൊണള്‍ഡോയുമെല്ലാം എപ്പോഴും കളത്തിലിറങ്ങുന്നത് സമ്മര്‍ദ്ദത്തിന്റെ അധികഭാരവുമായാണ്. അതിനെ ചൂഷണം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമ്പോഴാണ് അത് വിജയമായി മാറുന്നത്.

ഈജിപ്ത് പുറത്തായതിന് കാരണവും മറ്റൊന്നല്ല. ഉറുഗ്വേക്കെതിരായ മല്‍സരത്തില്‍ കളിച്ചത് അവരായിരുന്നില്ലേ… പക്ഷേ സുവാരസിനെയും കവാനിയെയും ഭയന്നു. ആ രണ്ട് താരങ്ങളെ ശ്രദ്ധിച്ചപ്പോള്‍ സ്വന്തം കാര്യം മറന്നു. വെറുതെ വാങ്ങിയ തോല്‍വിയായിരുന്നു അത്. മുഹമ്മദ് സലാഹിനെ പോലെ ഒരു താരം പൂര്ണസമയം കളിച്ചിട്ടും റഷ്യക്കെതിരെ ഈജിപ്ത് നിറം മങ്ങി. വെറുതെ പറന്ന് കളിച്ചു എന്നതല്ലാതെ ഒരു ലക്ഷ്യവും രണ്ടാം മല്‍സരത്തില്‍ ഈജിപ്തിനുണ്ടായിരുന്നില്ല. റഷ്യക്കാര്‍ അത്ര വലിയ സോക്കര്‍ ശക്തികളല്ല. പക്ഷേ അവരുടെ ഗെയിം നോക്കു-അവര്‍ക്ക് അവരെ വിശ്വാസമുണ്ട്. പരസ്പരം പന്ത് കൊടുത്തും വാങ്ങിയും വിശ്വാസത്തോടെ കളിക്കുന്നു. വെറുതെ പന്ത് പാസ് ചെയ്യുന്നില്ല. തിരക്ക് കൂട്ടുന്നില്ല. തുറന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നു. ഈജിപ്തുകാരും മൊറോക്കോക്കാരും സെക്കന്‍ഡ് പോസ്റ്റില്‍ പോലും എന്തിനാണ് പന്ത് പാസ് ചെയ്യുന്നത്…? എനിക്ക് മനസ്സിലാവുന്നില്ല… അവര്‍ യൂറോപ്യന്‍ ശൈലി നടപ്പാക്കുകയാണ്. സ്‌പെയിനും ബ്രസീലും അര്‍ജന്റീനയുമെല്ലാം കളിക്കുമ്പോള്‍ അവര്‍ യഥേഷ്ടം പാസുകള്‍ കൈമാറും. അത് കണ്ട് നമ്മളിങ്ങനെ പാസിംഗ് ഗെയിമില്‍ വിശ്വസിക്കുന്നതില്‍ കാര്യമില്ല. ലോംഗ് റേഞ്ചറുകളിലേക്ക് പോയാല്‍ ചിലപ്പോഴെങ്കിലും ഗോള്‍ നേടാം. ബ്രസീലുകാരന്‍ കുട്ടീന്യോയ നോക്കു-അദ്ദേഹം സ്വിറ്റ്‌സര്‍ലാന്‍ഡിനതിരെ നേടിയ ഗോള്‍ സൂപ്പര്‍ ലോംഗ് റേഞ്ചറാണ്. അത്തരം അവസരങ്ങള്‍ മുന്നില്‍ വരുമ്പോഴും ഈജിപ്തുകാരും മൊറോക്കോക്കാരും പന്ത് പാസ് ചെയ്യുന്നതിലെ മാനസികം പിടികിട്ടുന്നില്ല.

സഊദിക്കാര്‍ ആദ്യ മല്‍സരത്തിലെ തോല്‍വിയില്‍ നിന്നും ആകെ മാറി. രണ്ടാം മല്‍സരത്തില്‍ അവര്‍ നന്നായി കളിച്ചു. ഉറുഗ്വേക്കാര്‍ ചിത്രത്തിലുണ്ടായിരുന്നില്ല. അവിടെയും പ്രശ്‌നമായത് അകാരണമായ ഭയമാണ്. ഉറുഗ്വേക്കാരെ ഭയന്നുളള ഗെയിം പ്ലാനില്‍ ഗോളടിക്കാന്‍ സഊദി മറന്നു. എത്രയെത്ര അവസരങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. സ്‌പെയിനിനെതിരെ കളിച്ച ഇറാനും ഈ ഗതിയാണ് പറ്റിയത്. അനാവശ്യമായ സെക്കന്‍ഡ് പോസ്റ്റ് പാസിംഗ്. രണ്ട് തവണ നല്ല കിടിലന്‍ ഷോട്ട് അവര്‍ പായിച്ചു. അവ രണ്ടും ഡേവിഡ് ഡി ഗിയ എന്ന സ്പാനിഷ് ഗോള്‍ക്കീപ്പറെ പ്രയാസപ്പെടുത്തിയെന്നോര്‍ക്കണം. നിങ്ങള്‍ക്ക് ഒരിക്കലും ഇനിയസ്റ്റയാവാനാവില്ല-അതിനാല്‍ യഥേഷ്ടം പാസുകള്‍ എന്നതില്‍ നിന്നും മാറി അവസരോചിതം പാസ് നല്‍കി കളിക്കു. ആവശ്യമായ ഘട്ടത്തില്‍ പന്തിനെ പ്രഹരിക്കണം. ഈ ലോകകപ്പില്‍ പിറന്ന കൂടുതല്‍ ഗോളുകളും അത്തരത്തിലുള്ളവയായിരുന്നുവെന്നും ഓര്‍ക്കുക.

ഗ്രൂപ്പ് ഒന്നില്‍ ചിത്രമായിരിക്കുന്നു-റഷ്യയും ഉറുഗ്വേയും. രണ്ട് പേര്‍ക്കും ആറ് പോയന്റായിരിക്കുന്നു. ഗ്രൂപ്പ് ജേതാക്കളെ മാത്രമാണ് ഇനി അറിയാനുള്ളത്. ബിയില്‍ നിന്ന് പോര്‍ച്ചുഗലും സ്‌പെയിനും തന്നെ വരാനാണ് സാധ്യത. പോര്‍ച്ചുഗലിന് ഇറാനുമായി മല്‍സരം ബാക്കിയുണ്ട്. സ്‌പെയിനിന് മൊറോക്കോയാണ് പ്രതിയോഗികള്‍. നാല് പോയിന്റ് വീതമുളള ഈ യൂറോപ്യന്‍ ടീമുകള്‍ക്ക് അവസാന മല്‍സരത്തില്‍ സമനില മാത്രം മതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങി തുടരും

ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി

Published

on

ബെന്‍സ് എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമ തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്. ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

ഇതുവരെ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.

മോഹന്‍ലാലിനു പുറമേ ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

Continue Reading

news

കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു

Published

on

കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.

Continue Reading

crime

സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..

Published

on

ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending