സാന്‍ഫ്രാന്‍സിസ്‌കോ: ഡിജിറ്റല്‍ ഇന്ത്യ എന്ന് വിളിച്ചു പറയുമ്പോഴും രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നിവ എന്താണെന്ന് ഒരു ഊഹവുമില്ലെന്ന് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വേ ഫലം പറയുന്നു.
മറ്റു രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം തുലോം കുറവെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ നാലില്‍ ഒന്ന് പേര്‍ മാത്രമാണ് 2017ല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍.

ദക്ഷിണ കൊറിയയിലെ പ്രായപൂര്‍ത്തിയായവരില്‍ 96 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. 37 രാജ്യങ്ങളിലാണ് പ്യൂ സര്‍വേ നടത്തിയത്. അതേ സമയം 2013ല്‍ 12 ശതമാനം പേരാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2017ല്‍ ഇത് 22 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതായത് ഇന്ത്യയിലെ 78 ശതമാനം പേര്‍ക്കും സ്്മാര്‍ട്ട് ഫോണ്‍ ഇല്ലെന്നര്‍ത്ഥം. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ അന്തരം കുറയുന്നുണ്ടെങ്കിലും ലോകത്തെ ജനസംഖ്യയുടെ ഏറിയ പങ്കും ഇപ്പോഴും ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ അജ്ഞരാണ്.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക് മേഖലയിലാണ് ഇന്റര്‍നെറ്റ്, മൊബൈല്‍ ഉപയോഗം ഏറ്റവും കൂടുതല്‍. ആസ്‌ത്രേലിയ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, കനഡ, യു.എസ്.എ, ഇസ്രാഈല്‍, യു.കെ, ജര്‍മ്മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ പത്തില്‍ ഒമ്പത് പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും പ്യൂ പറയുന്നു.

സബ്‌സഹാറന്‍ ആഫ്രിക്കയിലാണ് ഇന്റര്‍നെറ്റ് ഉപയോഗം ഏറ്റവും കുറവ്. 2015-16ല്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 10ല്‍ നാലായിരുന്നുവെങ്കില്‍ 2017ല്‍ ഇത് 53 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 19 വികസ്വര രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ് വ്യാപനം ത്വരിത ഗതിയിലാണെന്നും സര്‍വേ സാക്ഷ്യപ്പെടുത്തുന്നു.