Sports
ഈ സ്വിസ് ബ്രാന്‍ഡ് വിജയത്തില്‍ ബ്രസീലിനാണ് നെഞ്ചിടിക്കുന്നത്
മുഹമ്മദ് ഷാഫി
സെര്‍ബിയ 1 – സ്വിറ്റ്‌സര്‍ലാന്റ് 2
ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി മിസ്സ്, മഞ്ഞക്കാര്‍ഡ്, ചുവപ്പു കാര്‍ഡ്, വമ്പന്മാരുടെ വീഴ്ച, അട്ടിമറി, ബസ് പാര്‍ക്കിങ് പ്രതിരോധം, അതിനെ അതിജയിച്ചുകൊണ്ടുള്ള സ്‌കോറിങ്, ടാക്ടിക്കല്‍ അത്ഭുതങ്ങള്‍, ടാക്ടിക്കല്‍ അബദ്ധങ്ങള്‍… അങ്ങനെ ഏറെക്കുറെ എല്ലാം. ഇന്നലെ രാത്രി അതുംകൂടി സംഭവിച്ചു – ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയുള്ള ഒരു ടീമിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ മിത്രോവിച്ചിലൂടെ സെര്‍ബിയ നേടിയ ഒരു സാധാരണ ഹെഡ്ഡര്‍ ഗോളിന് രണ്ടാംപകുതിയിലെ രണ്ട് കിടിലന്‍ ഗോളുകളുമായി സ്വിറ്റ്‌സര്‍ലാന്റ് മറുപടി നല്‍കിയതോടെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കിട്ടണമെങ്കില്‍ ബുധനാഴ്ച നട്ടപ്പാതിര വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി.
ഡ്യൂട്ടിയും മൂസസാഹിത്യവും കഴിഞ്ഞ് ഞാന്‍ കളികാണാനിരിക്കുമ്പോഴേക്ക് സെര്‍ബിയക്കാര്‍ ഒരു ഗോളടിച്ചു കഴിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സ്വഭാവം വെച്ച് അതോടെ കളി തീരുമാനമാവേണ്ടതാണ്. പക്ഷേ, മറുവശത്ത് സ്വിറ്റ്‌സര്‍ലാന്റ് ആയതുകൊണ്ടും അവര്‍ അത്യാവശ്യം നന്നായി കളിക്കുന്നതു കൊണ്ടും പ്രതീക്ഷ കൈവിട്ടില്ല. ഉറക്കത്തിലേക്ക് വഴുതിയും ഞെട്ടിയുണര്‍ന്നുമൊക്കെയായി കണ്ട മത്സരത്തിനൊടുവില്‍ ആഗ്രഹിച്ച റിസള്‍ട്ട് തന്നെ ലഭിച്ചു.
4-2-3-1 ശൈലിയില്‍ കളിച്ച സ്വിറ്റ്‌സര്‍ലന്റിനായിരുന്നു മത്സരത്തില്‍ ആധിപത്യം. തുടക്കത്തില്‍ തന്നെ ഗോളടിച്ചതോടെ സെര്‍ബിയ തങ്ങള്‍ക്കറിയാവുന്ന പണി വൃത്തിക്ക് ചെയ്യാന്‍ തീരുമാനിച്ചതായി തോന്നി. നന്നായി പ്രതിരോധിക്കുക, എതിര്‍ഹാഫ് തുറന്നുകിട്ടുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു സെര്‍ബ് രീതി. ടോസിച്ച്, മിലങ്കോവിച്ച്, മാറ്റിച്ച്, മിലിവോജെവിച്ച് ചത്വരം ഡിഫന്‍സ് നയിച്ചപ്പോള്‍ ഒരുവശത്ത് കോളറോവും മറുവശത്ത് ഇവാനോവിച്ചും പ്രതിരോധത്തിനൊപ്പം മധ്യ-മുന്‍ നിരകളെയും സഹായിച്ചു.
സ്വിസ് കോച്ച് പെറ്റ്‌കോവിച്ചിന്റെ വജ്രായുധം ഷെര്‍ദാന്‍ ഷഖീരി ആയിരുന്നു. അയാള്‍ കരുത്തരും പരിചയ സമ്പന്നരുമായ സ്വിസ് ഡിഫന്റര്‍മാരെ സമാധാനത്തോടെ നില്‍ക്കാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്രനിത് ഷാക്കയും ബെഹ്‌റാമിയും ഷഖീരിയുമെല്ലാം നിറഞ്ഞുനിന്നപ്പോള്‍ മധ്യനിരയിലെ ആധിപത്യം സ്വിസ്സുകാര്‍ക്കായി. സ്വന്തം പകുതി സംരക്ഷിക്കുക എന്നതിനാണ് സെര്‍ബിയക്കാര്‍ പ്രാധാന്യം നല്‍കിയത്.
വലതുവിങ്ങിലായിരുന്നു സ്ഥാനമെങ്കിലും ഇന്നലെ കളിക്കളത്തില്‍ എവിടെ നോക്കിയാലും ഷഖീരിയെ കാണാമായിരുന്നു. ഡീപ് മിഡ്ഫീല്‍ഡ് മുതല്‍ ബോക്‌സ് വരെ അയാളുടെ കുറിയ കാലുകള്‍ വല്ലാത്ത ശല്യമാണുണ്ടാക്കിയത്. ഒപ്പമുള്ളവരെ കളിപ്പിക്കാന്‍ മാത്രമല്ല, തഞ്ചംകിട്ടിയാല്‍ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാനും അയാള്‍മടിച്ചില്ല. സ്വിറ്റ്‌സര്‍ലാന്റിന്റെ ആദ്യഗോളും വന്നതങ്ങനെയാണ്. ഇടതുവിങില്‍ നിന്ന് ഗോള്‍ഏരിയ മുറിച്ചുകടന്നുവന്ന ഷഖീരിയുടെ പ്ലേസിങ് ഡിഫന്റര്‍ തടഞ്ഞു. എന്നാല്‍ ഡീപ്പില്‍ നിന്ന് ഓടിക്കയറി വന്ന ഗ്രാനിത് ഷാക്ക തൊടുത്ത ഷോട്ട് വളഞ്ഞ് പോസ്റ്റില്‍ കയറി. വര്‍ഷങ്ങളുടെ പരിചയമുള്ള ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ നിലത്തുവീഴ്ത്തിയതില്‍ നിന്നുതന്നെ അറിയാം, ഷാക്കയുടെ അടിക്ക് എത്രമാത്രം ഭാരമുണ്ടായിരുന്നു എന്ന്. ഇവാനോവിച്ചിന്റെ മറ അവസാന നിമിഷമേ നീങ്ങിയുള്ളൂ എന്നതിനാല്‍ ഗോള്‍കീപ്പര്‍ക്ക് ഒന്ന് ഡൈവ് ചെയ്യാന്‍പോലും സമയം കിട്ടിയില്ല.
അവസാനഘട്ടത്തില്‍ എല്ലാംമറന്ന് ആക്രമിക്കാന്‍ തുനിഞ്ഞ സെര്‍ബിയ സ്വയം കുളംതോണ്ടുകയാണുണ്ടായത്. സ്വിസ് ബോക്‌സില്‍ സെര്‍ബിയക്ക് നഷ്ടമായ പന്ത് എതിര്‍ഹാഫില്‍ ഷഖീരിയുടെ കാലില്‍കിട്ടുമ്പോള്‍ ഒരു ഡിഫന്ററേ അയാള്‍ക്കൊപ്പമുണ്ടായിരുന്നുള്ളൂ. അയാള്‍തന്നെ ഷഖീരിയേക്കാള്‍ ഒരുമീറ്റര്‍ പിന്നിലായിരുന്നു. ചടുലമായ ഫുട്ട്‌വര്‍ക്ക് കൊണ്ട് അതുവരെ കളംനിറഞ്ഞ ഷഖീരിക്കാകട്ടെ അതില്‍പ്പരം സുവര്‍ണാവസരം കിട്ടാനുണ്ടായിരുന്നില്ല. പന്തിനെയും പിന്നാലെ തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്ററെയും വഹിച്ച് ഇടതുബോക്‌സില്‍ കയറിയ ഷഖീരി, സെര്‍ബിയന്‍ കീപ്പറെ മുന്നോട്ടു വിളിച്ചുവരുത്തി. പ്രതിഭകൊണ്ടു മാത്രം കഴിയുന്ന വിധത്തില്‍ കീപ്പര്‍ക്കും ഡിഫന്റര്‍ക്കുമിടയിലൂടെ ശാന്തമായി പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു. റഫറിയോടും മഞ്ഞക്കാര്‍ഡിനോടും കളിയുടെ മാന്യതയോടുമൊക്കെ പോകാന്‍ പറ; 90-ാം മിനുട്ടില്‍ അടിക്കുന്ന അത്തരമൊരു ഗോള്‍ കുപ്പായമൂരാതെ എങ്ങനെയാണ് ആഘോഷിക്കുക!
ജെമയ്‌ലി ക്ലോസ് റേഞ്ചില്‍ നിന്ന് തുലച്ച സുവര്‍ണാവസരവും ക്രോസ്ബാറില്‍ തട്ടി മടങ്ങിയ ഷഖീരിയുടെ കേര്‍ളിങ് ഷോട്ടും ബോക്‌സിലുണ്ടാക്കിയ അങ്കലാപ്പുമെല്ലാം മത്സരത്തിലെ സ്വിസ് മേധാവിത്വത്തിന്റെ തെളിവായിരുന്നു. പ്രതിരോധത്തില്‍ കരുത്തരായ എതിരാളികളെ സ്വന്തം ഹാഫിലേക്ക് വിളിച്ചുവരുത്തി ക്ഷണവേഗത്തില്‍ പ്രത്യാക്രമണം നടത്തുകയെന്ന തന്ത്രമാണ് സ്വിസ്സുകാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ കെണിയില്‍ സെര്‍ബിയ വീണതാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.
ഈ ഗ്രൂപ്പില്‍ ഇനിയാണ് ആവേശം പതിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ്, സെര്‍ബിയ ടീമുകള്‍ക്കു മു്ന്നില്‍ രണ്ടാം റൗണ്ടില്‍ കയറാനുള്ള സാധ്യതയുണ്ട്. നാല് പോയിന്റോടെ ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്താണെങ്കിലും അടുത്ത കളി അവര്‍ക്ക് സെര്‍ബിയയുമായാണ്. ജയത്തില്‍കുറഞ്ഞ ഒന്നും സെര്‍ബിയക്ക് ഗുണകരമാവില്ല എന്നതിനാല്‍ ബ്രസീല്‍ യഥാര്‍ത്ഥ പരീക്ഷണം നേരിടാന്‍ പോവുകയാണ്. അതേസമയം, ബ്രസീലിനും സ്വിസ്സുകാര്‍ക്കും സമനില മതി. സമനിലക്കു വേണ്ടി കളിക്കുക എന്നത് ടിറ്റേയുടെ ആവനാഴിയിലുള്ള അമ്പല്ലാത്തതിനാല്‍ നല്ലൊരു ആക്രമണ – പ്രത്യാക്രമണ മത്സരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
india
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.
എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
india
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.
രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.
ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.
വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india23 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
kerala3 days ago
മുസ്ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്