kerala

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാന്‍ അനുമതി

By webdesk17

July 15, 2025

യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്കില്‍ ഇളവ്. നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കിയതായി ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ ജാമ്യ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് പ്രാക്ടീസ് അനുമതി. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ബെയ്ലിന്‍ ദാസ് നല്‍കിയ ഹരജിയിലാണ് ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. എന്നാല്‍ അച്ചടക്ക നടപടി തുടരാനാണ് ബാര്‍ കൗണ്‍സില്‍ തീരുമാനം.

യുവ അഭിഭാഷകയെ മര്‍ദിച്ചതിന് ബെയ്‌ലിന് ദാസിനെതിരെ അച്ചടക്ക നടപടികള്‍ എടുക്കന്നതിനോടൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനും ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടികളാണ് ബെയ്‌ലിന്‍ ദാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ബാര്‍ കൗണ്‍സിലിന്റെ അഭിപ്രായം തേടിയതിന് ശേഷമാണ് കോടതി നടപടികളില്‍ ഇളവ് നല്‍കി കൊണ്ടുള്ള തീരുമാനമെടുത്തിരിക്കുന്നത്.

അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടുന്നതിന് അനുസൃതമായി ആയിരിക്കും പ്രാക്ടീസ് ചെയ്യാനുള്ള അനുമതി.

കഴിഞ്ഞ മെയ് 13നാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയായ ശ്യാമിലിയെ വക്കീല്‍ ഓഫീസില്‍ വെച്ച് മുതിര്‍ന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് മര്‍ദ്ദിച്ചത്. കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ബെയ്‌ലിന്‍ ദാസിനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.