ബെര്‍ലിന്‍: ജര്‍മനിയില്‍ ഇസ്‌ലാം വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു. ആര്‍തര്‍ വാഗ്നറാണ് ഇസ്‌ലാം സ്വീകരിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ബ്രാന്‍ഡര്‍ബര്‍ഗ് സ്റ്റേറ്റില്‍ എ.എഫ്.ഡിക്ക് നേതൃത്വം നല്‍കുന്ന വാഗ്നറുടെ രാജി ജര്‍മനിയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ട്ടി വിട്ടത് എന്തിനാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും ഇസ്്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു. മതംമാറ്റം തന്റെ വ്യക്തിപരമായ കാര്യമാണെന്നും വാഗ്നര്‍ വ്യക്തമാക്കി. ഇസ്്‌ലാമിനും മുസ്്‌ലിംകള്‍ക്കുമെതിരെ കടുത്ത സമീപനം സ്വീകരിച്ചിരിക്കുന്ന എ.എഫ്.ഡി 2017 സെപ്തംബറിലെ തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ടു നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജര്‍മനിയില്‍ ഇസ്്‌ലാമിന് സ്ഥാനമില്ല, ജര്‍മനിയുടെ ഇസ്്‌ലാമികവത്കരണത്തെ ചെറുക്കുക എന്നിവയായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യങ്ങള്‍. ഇസ്്‌ലാമിനോടുള്ള വിരോധത്തിന്റെ ഭാഗമായി അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ശക്തമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ജര്‍മന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി എ.എഫ്.ഡി ഇടംപിടിച്ചിരുന്നു. ജര്‍മനിയില്‍ മുസ്്‌ലിം പള്ളികള്‍ പണിയാന്‍ അനുവദിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. മുസ്്‌ലിം വിരുദ്ധ പോസ്റ്റുകളുടെ പേരില്‍ പാര്‍ട്ടി നേതാവ് ബീട്രിക്‌സ് വോണ്‍ സ്‌റ്റോര്‍ച്ചിന്റെ ഫേസ്ബുക്ക് ജനുവരി ആദ്യത്തില്‍ ബ്ലോക്ക് ചെയ്തിരുന്നു. മുസ്്‌ലിംകളോട് ഇത്രയൊക്കെ വിദ്വേഷം വെച്ചുപുലര്‍ത്തുന്ന ഒരു പാര്‍ട്ടിയുടെ ഉന്നതനായ നേതാവാണ് ഇപ്പോള്‍ ഇസ്്‌ലാം മതം സ്വീകരിച്ചിരിക്കുന്നത്. ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്ന വാഗ്നര്‍ 2015ലാണ് എ.എഫ്.ഡിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മതംമാറ്റം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇസ്്‌ലാം പേടിയുള്ള എ.എഫ്.ഡിയുടെ നേതാവിനെപ്പോലും മുസ്്‌ലിമായി മാറ്റുന്ന വിധം ഇസ്്‌ലാം ജര്‍മനിയില്‍ ശക്തായാര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ചിലരുടെ കമന്റ്.