കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സ്‌നേഹസമ്മാനം. തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ബാഴ്‌സലോണയുടെ ജഴ്‌സിയാണ് മെസ്സി മമതക്ക് സമ്മാനിച്ചത്. പ്രിയ സുഹൃത്ത് ദീദിക്ക് ആശംസകള്‍ (Best wishes for my friend Didi) എന്ന് മെസ്സി ജഴ്‌സിയില്‍ കുറിച്ചിരുന്നു.

ബാഴ്‌സ താരങ്ങളായ ജൂലിയാനോ ബല്ലേറ്റിയും ജാരി ലിറ്റ്മാനും മെസ്സിക്കു വേണ്ടി ജഴ്‌സി ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷന്‍ സംഘാടകര്‍ക്കു കൈമാറി. മോഹന്‍ ബഗാന്‍ ലെജന്റ്‌സും ബാഴ്‌സലോണ ലെജന്റ്‌സും തമ്മിലുള്ള മത്സരശേഷമാണ് ഇരുവരും ജഴ്‌സി സംഘാടകര്‍ക്കു കൈമാറിയത്.

മുഖ്യമന്ത്രിക്ക് ജഴ്‌സി നേരിട്ട് കൈമാറാന്‍ അവര്‍ക്കായില്ല. അതുകൊണ്ടാണ് തങ്ങളെ ഏല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി സമയം അനുവദിച്ചാല്‍ ജഴ്‌സി കൈമാറുമെന്നും ഫുട്‌ബോള്‍ നെക്സ്റ്റ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൗശിക് മൗലിക് പറഞ്ഞു.

കൊല്‍ക്കത്തക്ക് മെസ്സി അപരിചിതനല്ല. 2011ല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന-വെനസ്വേല മത്സരത്തില്‍ പങ്കെടുക്കുന്നതിന് മെസ്സി കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ആരാധക ലക്ഷങ്ങളാണ് അദ്ദേഹത്തെ വരവേറ്റത്.