ദുബായ്: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് വീണ്ടും സമ്മാനം. ദുബായില്‍ താമസിക്കുന്ന പഞ്ചാബ് സ്വദേശി ഗുര്‍പ്രീത് സിങ്ങിനാണ് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസം 12നായിരുന്നു ഗുര്‍പ്രീത് സിങ് സമ്മാനം നേടിയ 067757 നമ്പര്‍ ടിക്കറ്റ് വാങ്ങിയത്.
ഇന്ന് നടന്ന 219ാം നറുക്കെടുപ്പിന് ശേഷം സമ്മാന വിവരം കൈമാറാന്‍ അധികൃതര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം ആദ്യം കബളിപ്പിക്കുകയാണ് എന്നാണ് കരുതിയത്. പിന്നീട് യാഥാര്‍ഥ്യമാണെന്ന് മനസിലാക്കിയപ്പോള്‍, ഈ കോവിഡ് ദുരിത കാലത്ത് ലഭിച്ച വന്‍ സമ്മാനം ഏറെ സന്തോഷം പകരുന്നതായി പറഞ്ഞു.

ഇതാദ്യമായി ഈ നറുക്കെടുപ്പില്‍ ഏര്‍പ്പെടുത്തിയ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം ബള്‍ഗേറിയന്‍ യുവതിക്ക് ലഭിച്ചു. ആകെയുള്ള പത്ത് സമ്മാനങ്ങളില്‍ ഗ്രാന്‍ഡ് െ്രെപസ് ഉള്‍പ്പെടെ ഏഴും ഇന്ത്യക്കാര്‍ക്കാണ്. ഇതില്‍ ചിലര്‍ മലയാളികളുമാണ്.

ബിഗ് ടിക്കറ്റ് അടക്കമുള്ള യുഎഇയിലെ നറുക്കെടുപ്പുകളിലെല്ലാം ഇന്ത്യക്കാരനാണ് പതിവായി സമ്മാനം സ്വന്തമാക്കാറുള്ളത്. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന അടുത്ത നറുക്കെടുപ്പില്‍ 12 ദശലക്ഷം ദിര്‍ഹമാണ് സമ്മാനം. ഈ മാസം 30 വരെ ഇതിന്റെ ടിക്കറ്റുകള്‍ വില്‍പന നടത്തും.

500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. 1000 ദിര്‍ഹം നല്‍കി 2 ടിക്കറ്റെടുത്താല്‍ ഒരെണ്ണം സൗജന്യമായും ലഭിക്കും. വെബ്‌സൈറ്റ്: www.bigticket.ae. അബുദാബി, അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നും നേരിട്ടും വാങ്ങാം.