ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് അമ്മയുടെ യോഗത്തില്‍ ധാരണയായി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ ഇന്നലെ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ശക്തമായ വാദം ഉയരുകയായിരുന്നു.

ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ചര്‍ച്ചക്ക് ഉയരുകയായിരുന്നു. നടന്‍ ദിലീപിനായി ആദ്യം വാദിച്ചത് ഊര്‍മ്മിള ഉണ്ണിയാണ്. തുടര്‍ന്ന് ഈ വിഷയത്തില്‍ താരങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്റെ വിശദീകരണം പോലും തേടാതെയാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. അതു തെറ്റായിപ്പോയെന്നും അമ്മയുടെപുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബൂ കൂട്ടിച്ചേര്‍ത്തു. ദിലീപിന് കേസിന് പോയിരുന്നുവെങ്കില്‍ താരസംഘടന കുടുങ്ങിയേനെ എന്നായിരുന്നു ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ സിദ്ധിഖിന്റെ പ്രതികരണം.

അജണ്ടക്കു പുറത്തുള്ള വിഷയമായതിനാല്‍ വിശദമായ ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടന്നില്ല. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നും പുതിയ ഭരണസമിതി ഉറപ്പുനല്‍കുകയായിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതായി വാര്‍ത്ത വന്നു.

അതേസമയം, ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി രംഗത്തെത്തി. ഇതുവഴി എന്ത് സന്ദേശമാണ് കേരളത്തിന് ഈ സംഘടന നല്‍കുന്നതെന്നും ഇതിലൂടെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുകയാണ് ചെയ്തതെന്നും വനിതാ സംഘടന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അതിരൂക്ഷമായ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.