കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നു കണ്ടെത്തി എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറത്തുവിട്ട നിര്‍ണായക ഉത്തരവിലാണ് ദിലീപിന് കുറ്റവിമുക്തി ലഭിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആദ്യ ആറു പ്രതികള്‍ക്കെതിരെ കോടതി കുറ്റം തെളിഞ്ഞതായി വിധിച്ചു.
ദിലീപിനെതിരായ ക്രിമിനല്‍ ഗൂഢാലോചനയുടെയും പ്രേരണയുടെയും ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരും കുറ്റവിമുക്തരായി.
വിധിയെത്തുടര്‍ന്ന് പ്രതികരിച്ച ദിലീപ്, തനിക്കെതിരായി പൊലീസ് ഗൂഢാലോചന നടത്തിയതും അന്വേഷണം തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയെ വരെ വഴിതെറ്റിച്ചതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് അറിയിച്ചു. അതിജീവിതയുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നും ചില ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കിയെന്നും ദിലീപ് ആരോപിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.